മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങിയപ്പോള്‍ പുതുചരിത്രമാണ് പിറന്നത്. ഇന്ത്യന്‍ സംഗീത ലോകത്തെ മഹാരഥന്മാര് ഏറ്റുവാങ്ങിയ പുരസ്കാരം നഞ്ചിയമ്മയുടെ കൈകളിലെത്തിയപ്പോള്‍ കേരളത്തിനും മലയാള സിനിമയ്ക്കും ഇത് സുവര്‍ണ നിമിഷം.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കുന്നത്. പദവിയിലെത്തിയ ശേഷം ആദ്യമായി പങ്കെടുക്കുന്ന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ ഗോത്രവര്‍ഗക്കാരില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതയായ ദ്രൗപദി മുർമുവില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷം .
അറുപത്തിനാലുകാരിയായ നഞ്ചിയമ്മ വേദിയിലേക്ക് കടന്നുവന്നപ്പോള്‍ സദസ് മുഴുവന്‍ എഴുനേറ്റ് നിന്ന് നിലയ്ക്കാത്ത കരഘോഷത്തോടെ വരവേറ്റു. എപ്പോഴും മുഖത്ത് കാണാറുള്ള ആ നിറഞ്ഞ പുഞ്ചിരിയിലൂടെ അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം നഞ്ചിയമ്മയും പ്രകടിപ്പിച്ചു. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വേദിയിലെ പ്രമുഖര്‍ക്കെല്ലാം കൈകൊടുത്ത് നഞ്ചിയമ്മ തന്റെ നന്ദി അറിയിച്ചു.
സ്വന്തമായി ചിട്ടപ്പെടുത്തിയ തനത് ആദിവാസി ഗോത്രഗാനങ്ങള്‍ക്ക് മുഖ്യധാര സിനിമാഗാനലോകത്ത് ശ്രദ്ധേയമായ ഇടം നേടികൊടുക്കാന്‍ നഞ്ചിയമ്മയ്ക്ക് കഴിഞ്ഞു. 'കലക്കാത്ത', 'ദൈവമകളെ' തുടങ്ങിയ ഗാനങ്ങള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി.
സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ അവരുടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന കലര്‍പ്പില്ലാത്ത സംഗീതത്തെ നഞ്ചിയമ്മയിലൂടെ രാജ്യം മുഴുവന്‍ എത്തിക്കുകയായിരുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വേദി. അന്തരിച്ച സംവിധായകന് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nanjiyamma, National Film Awards