HOME /NEWS /Film / 'രണ്ട് വർഷം മുൻപ് പാടിയ പാട്ട് ഒഴിവാക്കിയ കാര്യം അറിയിച്ചത് മ്യൂസിക് ലോഞ്ച് ദിവസം'; വിശദീകരണവുമായി ഗായകൻ പന്തളം ബാലൻ

'രണ്ട് വർഷം മുൻപ് പാടിയ പാട്ട് ഒഴിവാക്കിയ കാര്യം അറിയിച്ചത് മ്യൂസിക് ലോഞ്ച് ദിവസം'; വിശദീകരണവുമായി ഗായകൻ പന്തളം ബാലൻ

''പാട്ട് ഒഴിവാക്കിയ കാര്യം വിനയൻ സാറോ എം ജയചന്ദ്രനോ അറിയിച്ചില്ല. സത്യം എന്നും സത്യമായി തന്നെയിരിക്കും. എന്നെ പോലൊരു പാട്ടുകാരനെ വിളിച്ച്, രണ്ടുവർഷത്തോളം കാത്തിരിന്നിട്ട്, കള‍ഞ്ഞപ്പോഴുണ്ടായ സങ്കടമാണ്''

''പാട്ട് ഒഴിവാക്കിയ കാര്യം വിനയൻ സാറോ എം ജയചന്ദ്രനോ അറിയിച്ചില്ല. സത്യം എന്നും സത്യമായി തന്നെയിരിക്കും. എന്നെ പോലൊരു പാട്ടുകാരനെ വിളിച്ച്, രണ്ടുവർഷത്തോളം കാത്തിരിന്നിട്ട്, കള‍ഞ്ഞപ്പോഴുണ്ടായ സങ്കടമാണ്''

''പാട്ട് ഒഴിവാക്കിയ കാര്യം വിനയൻ സാറോ എം ജയചന്ദ്രനോ അറിയിച്ചില്ല. സത്യം എന്നും സത്യമായി തന്നെയിരിക്കും. എന്നെ പോലൊരു പാട്ടുകാരനെ വിളിച്ച്, രണ്ടുവർഷത്തോളം കാത്തിരിന്നിട്ട്, കള‍ഞ്ഞപ്പോഴുണ്ടായ സങ്കടമാണ്''

  • Share this:

    പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ നിന്ന് താൻ പാടിയ പാട്ട് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി പ്രശസ്ത ഗായകൻ പന്തളം ബാലൻ. പോസ്റ്റിനെ ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് പന്തളം ബാലൻ ആരോപിച്ചു. 'ദലിത് ഗായകനായ എനിക്ക് അവസരം നിഷേധിച്ചുവെന്ന് ഞാൻ പറഞ്ഞു എന്ന തലക്കെട്ടോടെ വാർത്ത പ്രചരിപ്പിച്ചു' എന്നും ഇത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.

    ''രണ്ട് വർഷം മുൻപ് പാടിയ പാട്ട് ഒഴിവാക്കിയത് മ്യൂസിക് ലോഞ്ച് ചെയ്ത ദിവസമാണ് അറിയിച്ചത്. പാട്ട് ഒഴിവാക്കിയ കാര്യം വിനയൻ സാറോ എം ജയചന്ദ്രനോ അറിയിച്ചില്ല. സത്യം എന്നും സത്യമായി തന്നെയിരിക്കും. എന്നെ പോലൊരു പാട്ടുകാരനെ വിളിച്ച്, രണ്ടുവർഷത്തോളം കാത്തിരിന്നിട്ട്, കള‍ഞ്ഞപ്പോഴുണ്ടായ സങ്കടമാണ്. ഏതു മനുഷ്യനും ഉണ്ടാകുന്നപോലെ തന്നെ''- അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

    വിശദീകരണം ഇങ്ങനെ

    പ്രിയമുള്ളവരെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ ഞാൻ പാടിയ പാട്ട് ഒഴിവാക്കിയതിനെപ്പറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. അതിനെ ഓൺലൈൻ മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് ദലിത് ഗായകനായ എനിക്ക് അവസരം നിഷേധിച്ചു എന്ന് ഞാൻ പറഞ്ഞു എന്ന തലക്കെട്ടോടെ വാർത്ത പ്രചരിപ്പിച്ചു. അത് തികച്ചും അടിസ്ഥാന രഹിതമായിരുന്നു. ഞാൻ പറഞ്ഞത് അടിമത്വത്തിന്റെയും ചാതുർവർണ്യത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനും വേണ്ടി ചെയ്ത ഈ സിനിമയിൽ പിന്നോക്കക്കാരനായ എന്റെ ഗാനം ഒഴിവാക്കിയതിൽ ഈ സിനിമയിൽ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്നു മാത്രമാണ് ഞാൻ ചോദിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഗാനമായിരുന്നു ഇത്. വിശദമായ കാര്യങ്ങൾ എല്ലാം ഞാൻ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ എല്ലാവരും ഈ വീഡിയോ കാണുക...

    വിനയന്റെ പ്രതികരണം

    തിരക്കഥയിൽ തിരുത്തലുകളുണ്ടായപ്പോൾ പാട്ടിനനുയോജ്യമായ സാഹചര്യം എടുത്തുകളഞ്ഞെന്നും അതുകൊണ്ടാണ് ബാലന്റെ പാട്ട് നീക്കം ചെയ്തതെന്നും വിനയൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ബാലനെ ബോധ്യപ്പെടുത്തിയിരുന്നെന്നും ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതെന്നു മനസ്സിലാകുന്നില്ലെന്നും വിനയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.

    ‘പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നതിന്റെ തുടക്കത്തിലാണ് പന്തളം ബാലനെകൊണ്ട് ഒരു പാട്ട് പാടിക്കണം എന്ന ആഗ്രഹം എനിക്ക് തോന്നിയത്. ഒരു പാട്ട് അദ്ദേഹത്തിന് കൊടുക്കാൻ ഞാൻ എം.ജയചന്ദ്രനോടു പറഞ്ഞു. അങ്ങനെ ജയചന്ദ്രൻ ബാലനെ വിളിച്ചു പാടിച്ചിരുന്നു. അന്നത്തെ സ്ക്രിപ്റ്റിൽ പിറന്നാളാഘോഷം പോലെ ഒരു സീൻ ഉണ്ടായിരുന്നു. ആ പാട്ടാണ് അദ്ദേഹം പാടിയത്. പക്ഷേ തിരക്കഥ പൂർത്തിയാക്കിയപ്പോൾ പിറന്നാളാഘോഷത്തിനു പകരം ആ ഏരിയയിൽ ഒരു പൂതം തുള്ളൽ ആണ് ആവശ്യമായി വന്നത്.

    Also Read- 'വിനയൻ നട്ടെല്ലുള്ള സംവിധായകനെന്ന് എനിക്ക് തോന്നുന്നില്ല; സാർ എന്നു വിളിക്കാനും:' ആഞ്ഞടിച്ച് ഗായകൻ പന്തളം ബാലൻ

    അത് എല്ലാവരുടെയും കൂട്ടായ തീരുമാനമായിരുന്നു. അങ്ങനെയാണ് അവിടെ ഒരു പൂതം തുള്ളൽ പാട്ടും നൃത്തരംഗവും വന്നത്. അപ്പോൾ തന്നെ ഞാൻ ബാലനെ വിളിച്ച് വിഷമം അറിയിച്ചു. "ബാലന് ഒരു പാട്ട് തരണം എന്നത് എന്റെ ആഗ്രഹമായിരുന്നു പക്ഷേ സ്ക്രിപ്റ്റ് ഇങ്ങനെ ആയപ്പോൾ അവിടെ പിറന്നാൾ ആഘോഷം ചേർക്കാൻ പറ്റില്ല അതുകൊണ്ട് ബാലന്റെ പാട്ട് ഉൾപ്പെടുത്താൻ കഴിയില്ല, എന്തായാലും എന്റെ അടുത്ത പടത്തിൽ ബാലന് ഒരു പാട്ട് ഞാൻ തരും" എന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ബാലൻ പറഞ്ഞത് "ശരി സർ അങ്ങനെ ആകട്ടെ, എന്റെ വിധിയായിരിക്കും, അടുത്ത പടത്തിൽ സർ എന്നെ പരിഗണിക്കണം" എന്നാണ്.

    സിനിമ അങ്ങനെയാണ്. ഷൂട്ട് ചെയ്ത കാര്യങ്ങൾ, ചില താരങ്ങൾ, പാട്ടുകൾ അങ്ങനെ പലതും നമുക്ക് ചിലപ്പോൾ ഒഴിവാക്കേണ്ടി വരും. സിനിമയുടെ തിരക്കഥ വികസിക്കുന്നതിനനുസരിച്ച് പല കാര്യങ്ങളും മാറിമറിയും. ആ രംഗത്തിന് ആവശ്യമില്ലാത്ത ഒരു പാട്ടിനു വേണ്ടി 40 ലക്ഷം രൂപയോളം മുടക്കി ചിത്രീകരിക്കാൻ നിർമാതാവിനോട് പറയാൻ കഴിയില്ലല്ലോ. ഇത്രയും വർഷത്തെ അനുഭവസമ്പത്ത് ഉള്ള ബാലന് അതൊന്നും അറിയാത്തതല്ല. ഈ സിനിമയിൽ യുവഗായകൻ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ ഇതൊക്കെ പതിവാണ്. ബാലനോട് ഇതൊക്കെ ഞാൻ പറഞ്ഞതാണ്. പക്ഷേ ബാലൻ ഇപ്പോൾ ഇത്തരമൊരു പോസ്റ്റുമായി വന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.

    ബാലന്റെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി. ബാലനെപ്പോലെയുള്ള ഒരു സീനിയർ കലാകാരൻ പറയേണ്ട വാക്കുകളല്ല അത്. ഞാൻ ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേർത്തു പിടിക്കുന്ന ആളാണ്. പല ജാതിയിലും മതത്തിലും പെട്ട പുതിയതും പഴയതുമായ പലരെയും ഞാൻ എന്റെ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട്. ബാലനോടുള്ള സ്നേഹത്തിന്റെ പുറത്താണ് ഞാൻ വിളിച്ചു പാടിച്ചത്. ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്. സിനിമയെയും കലയെയും കുറിച്ച് നല്ല വിവരമുള്ള ബാലനെപ്പോലെ ഒരു കലാകാരനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല. എനിക്ക് നല്ല പ്രയാസമുണ്ട്’- വിനയൻ പറഞ്ഞു.

    പന്തളം ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    19 - ആം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ സിനിമയുടെ സന്ദേശംതന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്ക് നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു. എന്ത് കാരണത്താൽ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് വിനയൻ എന്ന ഡയറക്ടർ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു.

    Also Read- Pathonpatham Noottandu | മയിൽപ്പീലി അഴകുമായി ദീപ്തി സതി; പത്തൊൻപതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം കേൾക്കാം

    40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ് ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെ അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സാർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വർഷം മുമ്പ് ഞാൻ പാടിയ ഗാനമാണിത്.

    സംഗീത സംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയൻ സാർ എന്നെ വിളിച്ചത് ഈ പാട്ട് ബാലൻ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാൻ ഇത് പബ്ലിക്കിൽ പറഞ്ഞത്. ഈകഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന എല്ലാ ഇന്റർവ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്കാരിക പരിപാടികളിലെല്ലാം തന്നെ ഞാൻ ഈ സിനിമയിൽ പാടിയ കാര്യം പൊതുവേദികളിൽ പറഞ്ഞിരുന്നു. ഞാൻ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്. എന്നെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു പറയാൻ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാൻ കാണുന്നത്. വിനയൻ സാർ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാൾക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാൽ അത് കൊടുക്കുകതന്നെ വേണം . വാക്കും പ്രവർത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. തീർത്തും നിരുത്തരവാദപരമായ പ്രവർത്തിയാണ് ഇത്‌. ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു. ഒരാളുടെ കണ്ണുനീര് വീഴ്ത്തിക്കൊണ്ട് ഒരു സംരംഭങ്ങളും വിജയിച്ചിട്ടില്ല.

    പ്രത്യേകിച്ച് സത്യത്തിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാൻ. പല കോണുകളിൽ നിന്നും എന്നെ അടിച്ചമർത്തപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ട് മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ ഉണ്ട്.. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും വിനയൻ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സാർ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീൽഡിൽ സിനിമ ഫീൽഡിൽ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താൽക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ജീവിക്കുന്നത്. ഒരു സിനിമയിൽ പാടിയാൽ എല്ലാം ആയി എന്ന് വിശ്വസിക്കുന്ന ഒരാളും അല്ല ഞാൻ. പ്രതീക്ഷയോടെ തന്നെയാണ് എന്റെ ജീവിതവും എന്നെയും മുന്നോട്ടു നയിക്കുന്നത്. സാർ എനിക്ക് അയച്ച വോയിസ് മെസ്സേജിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ എടുത്ത തീരുമാനമല്ല കുറച്ചുനാൾ മുൻപേ എടുത്ത് തീരുമാനമാണെന്ന്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ എന്നെ നേരത്തെ അറിയിച്ചില്ല. ഓഡിയോ റിലീസ് ചെയ്യുന്ന ദിവസമാണ് ഇങ്ങനെ ഒരു മെസ്സേജ് എന്നോട് അറിയിക്കുന്നത്. ഞാൻ വിളിച്ചിട്ട് സാർ ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞ് സാർ എനിക്ക് ഒരു വോയിസ് മെസ്സേജ് ഇട്ടു. സിനിമയുടെ കാര്യങ്ങളല്ലേ .. സാറിന്റെ വോയിസ് മെസ്സേജ് ഞാൻ എന്റെ ഭാര്യയും എന്റെ മരുമകളുടെയും മുമ്പിൽ വച്ച് സ്പീക്കർ ഫോണിൽ ഓൺ ചെയ്തു ഞങ്ങൾ ഒരുമിച്ചാണ് കേട്ടത്. സത്യത്തിൽ തകർന്നുപോയ നിമിഷമാണ് ഞാൻ. എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിൽ എന്നെ സമാധാനിപ്പിച്ച എന്റെ ഭാര്യയും മക്കളും അവരുടെ സങ്കടവും അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ.

    വിജയങ്ങൾ എല്ലാം നന്നായിരിക്കട്ടെ സർ. ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ ആ സിനിമയിൽ ഒന്നും പാടാൻ ആയിഎന്നെ വിളിക്കണ്ട. ഞാൻ ആരുടെയും അവസരങ്ങൾ ചോദിച്ചു പോകുന്ന ആളുമല്ല. എനിക്കും നല്ലൊരു കാലം ഉണ്ട് എന്നുള്ള പ്രതീക്ഷയോടെ തന്നെയാണ് ഞാൻ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അടിമത്തത്തിന്റെയും ചാതുർവർണ്യത്തിന്റെയും ജാതീയതയുടെയും കഥ പറയുന്ന 19 നൂറ്റാണ്ടിൽ എന്നെപ്പോലൊരു ദലിതനായ ഗായകനെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നൽകുന്നത്. സാർ കൃത്യമായി മറുപടി കൊടുക്കണം ജനങ്ങൾക്ക്.. സാർ എന്ന് വിളിക്കാൻ എനിക്ക് സത്യത്തിൽ ഇപ്പോൾ മടിയാണ്...

    ഒരുപാട് വേദനയോടെ

    പന്തളം ബാലൻ

    First published:

    Tags: Director Vinayan, Film news, Malayalam film, Pathonpatham Noottandu