"പാതിരാ പാട്ടുകൾ", "മാഞ്ചോട്ടിൽ കൂടാം" എന്നീ ക്ലബ് ഹൗസ് കൂട്ടായ്മയിലൂടെ പതിവായി ഒത്തുചേരുന്നവർ വീണ്ടുമൊരു പാട്ടു കൂടി പുറത്തിറക്കുകയാണ്. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇറങ്ങിയ "കാണാതെ"എന്ന ഗാനം കേട്ട ഗായകൻ ഡി. ശ്രീനിവാസിന്റെ താത്പര്യമാണ് പുതിയ പാട്ടിന്റെ പിറവിയ്ക്ക് കാരണം.
പാട്ടിന്റെ ശിൽപ്പികളുമൊത്ത് അദ്ദേഹം ട്യൂൺ ചെയ്ത് സംഗീത സംവിധാനം നിർവഹിച്ച് "ദൂരെയേതോ " എന്ന പേരിലാണ് ഗാനം പുറത്തിറങ്ങുന്നത്. ശ്രീനിവാസും മകൾ ശരണ്യ ശ്രീനിവാസും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. അച്ഛന്റെ സ്വതന്ത്ര സംഗീത സംവിധാനത്തിൽ ആദ്യമായി മകളും ഒരുമിച്ച് ആലപിക്കുന്ന പാട്ടാണ് " ദൂരെയേതോ ".
സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സി ഇ ഒ ആയ എറണാകുളം സ്വദേശിനി ഷിൻസി നോബിളാണ് ഈ ഗാനത്തിന്റേയും രചന നിർവഹിച്ചിരിക്കുന്നത്. "കാണാതെ" പാട്ടിനെ ഒരുക്കിയ പത്തനംത്തിട്ട സ്വദേശി സജീവ് സ്റ്റാൻലിയാണ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്. എല്ലാ ദിവസവും പ്രതിഭാധനരായ നിരവധി സംഗീത പ്രേമികൾ ഒത്തു കൂടുന്ന പാതിരാപ്പാട്ടുകൾ ക്ലബ് ഹൗസ് റൂമിൽ സിനിമാ താരം മാലാ പാർവ്വതി തുടങ്ങിവെച്ച ആശയമാണ് രണ്ടു പാട്ടുകളുടേയും പിറവിയ്ക്ക് പിന്നിൽ.
ക്ലബ് ഹൗസിൽ പരിചയപ്പെട്ട് പാട്ടെഴുതി സംഗീതം നൽകി ക്ലബ് ഹൗസിനെ വേദിയാക്കി പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട് " കാണാതെ ", " ദൂരെയേതോ " എന്നീ പാട്ടുകൾക്ക്. കാണാമറയത്ത്, കേട്ടറിഞ്ഞ് കൂട്ടു കൂടുന്നവരുടെ പാട്ടാണ് " ദൂരെയേതോ ". സുർ ജാം പ്രൊഡക്സക്ഷൻസിന്റെ ബാനറിൽ മ്യൂസിക്ക് 24 x 7 ആണ് ഗാനം പുറത്തിറക്കുന്നത്. ഡി. ശ്രീനിവാസിനും മകൾ ശരണ്യ ശ്രീനിവാസിനുമൊപ്പം ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ , സൂരജ് സന്തോഷ്, സിത്താര കൃഷ്ണകുമാർ , വിധു പ്രതാപ് , ജ്യോത്സ്ന , സിദ്ധാർത്ഥ് മേനോൻ , രാഹുൽ രാജ്, സയനോര, രഞ്ജിനി ജോസ് , ഹരി ശങ്കർ , ആര്യ ദയാൽ , ശ്രീകാന്ത് ഹരിഹരൻ , എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഗാനം കേൾവിക്കാരിലെത്തിക്കുന്നത്.
Also Read-
ഷാരൂഖ് ഖാന്റെ നായികയായി നയൻതാര; ആറ്റ്ലീ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാം
ശേഷം പാതിരാപ്പാട്ടുകൾ ക്ലബ് ഹൗസ് റൂമിലുടെയും ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ് , സിത്താര കൃഷ്ണകുമാർ , ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവരുൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ പാട്ട് പുറത്തിറക്കും. പാട്ടിന്റെ പോസ്റ്റുറും ടീസറും ഇതിനോടകം തന്നെ ആസ്വാദകരുടെ മനം കവർന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.