വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബർ 22നായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിജയലക്ഷ്മി.
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താൻ തന്നെയാണ് വിവാഹ മോചനത്തിന് മുൻ കൈയെടുത്തത്. ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറയുന്നു.
‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.'- വിജയലക്ഷ്മി പറയുന്നു.
ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.
Also Read- Madhuram review | മധുരം: ഇവിടെ മനുഷ്യ ബന്ധങ്ങൾക്ക് അതിമധുരം
'ആറാമത്തെ വയസിൽ ദാസേട്ടന് ഗുരുദക്ഷിണ നൽകിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രൻ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ... അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലർ. അങ്ങനെ പറയുന്നവരുടെ മുന്നിൽ കുറച്ചൂടെ ചെയ്യും...' വിജയലക്ഷ്മി പറയുന്നു.
ഗായത്രി വീണ തുടർച്ചയായി അഞ്ച് മണിക്കൂർ മീട്ടി ലോക റെക്കോർഡ് കൈപ്പിടിയിലൊതുക്കിയ പ്രതിഭയാണ് വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി ശ്രദ്ധേയയാകുന്നത്. ഈ പാട്ടിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.
തുടർന്നുള്ള വർഷം പുറത്തിറങ്ങിയ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന പാട്ടിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കൂടാതെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം കണ്ടോ കണ്ടോ ഇന്നോളം എന്ന ഗാനം ആലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനോടകം തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം വിജയലക്ഷ്മി പാടി കഴിഞ്ഞു.
അടുത്തിടെ കാഴ്ച തിരികെ ലഭിക്കുന്നതിനുള്ള ചികിത്സകൾ ഫലം കണ്ട് തുടങ്ങിയതായി വിജയലക്ഷ്മിയുടെ കുടുംബം അറിയിച്ചിരുന്നു. 'യുഎസിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ഞരമ്പിന്റെയും ബ്രയിനിൻറേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോൾ നമുക്ക് മാറ്റിവെക്കാം. ഇസ്രായേലിൽ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആർടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നാണ്' ഗായികയുടെ കുടുംബം പറഞ്ഞത്. വാർത്ത അറിഞ്ഞ് നിരവധി പേർ വിജയലക്ഷ്മിക്ക് ആശംസകളും പ്രാർത്ഥനകളും നേർന്ന് എത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Divorce, Vaikom Vijayalakshmi, Vaikom Vijayalakshmi singer