പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് നടനും നിർമാതാവു൦ മോഡലുമായ സോനു സൂദ് (Sonu Sood) പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ (Liver Transplants). ദി മാൻ എന്ന ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തൽ. 12 കോടിയോളം രൂപയാകും ഇതിന്റെ ചിലവെന്നും സൂദ് വെളിപ്പെടുത്തി.
'എന്റെ ഒരു ദുബായ് യാത്രയ്ക്കിടെയാണ് ആശുപത്രിയിൽ നിന്നും ബന്ധപ്പെട്ടത്. അവർക്ക് എന്നോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. അവരോടൊപ്പം സഹകരിക്കാമെന്ന് പറഞ്ഞ ഞാൻ, പകരം 50 പേർക്ക് കരൾമാറ്റ ശാസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. 12 കോടിയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ സാമ്പത്തിക സ്ഥിതിയില്ലാത്തവർക്കായാണ് ശസ്ത്രക്രിയ നടത്തുന്നത്.' - സോനു സൂദ് പറഞ്ഞു.
നേരത്തെ, കോവിഡ് മഹാമാരിക്കാലത്ത് സൂദ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. കൊറോണ പടർന്നുപിടിച്ചതോടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് അവരുടെ സംസ്ഥാനങ്ങളിലേക്ക് പോകാൻ ബസ് അടക്കമുള്ള സൗകര്യങ്ങൾ സൂദ് ഏർപ്പെടുത്തിയിരുന്നു. യാത്രയിൽ ഇവർക്ക് കഴിക്കാൻ ഭക്ഷണവും വെള്ളവും നടൻ ഒരുക്കിയിരുന്നു. ഇതിന് പുറമെ കോവിഡ് ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ വന്ന ഒരുപാട് ആളുകളെയും അദ്ദേഹം സഹായിച്ചിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.