• HOME
 • »
 • NEWS
 • »
 • film
 • »
 • രണ്ടു കടല്‍ത്തീരങ്ങളിലെ മേളകള്‍

രണ്ടു കടല്‍ത്തീരങ്ങളിലെ മേളകള്‍

 • Last Updated :
 • Share this:
  നിസാം സെയ്ദ്/ സാംസ്‌കാരിക പ്രവര്‍ത്തകന്‍

   

  ചലച്ചിത്രമേളകള്‍ പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമകാലീന ലോകസിനിമയുടെ പശ്ചാത്തലത്തില്‍ സ്വന്തം സൃഷ്ടികളെ വിലയിരുത്താനുള്ള അവസരമാണ് മേളകളിലൂടെ ലഭ്യമാവുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കാകട്ടെ ലോകസിനിമയുടെ പരിച്ഛേദത്തെ അറിയുവാനും സ്വന്തം ആസ്വാദനനിലവാരത്തെ നവീകരിക്കുവാനും മേളകള്‍ കൊണ്ട് സാധ്യമാവുന്നു. തുടക്കമിട്ടത് ഫാസിസ്റ്റുകള്‍ ലോകത്ത് ആദ്യമായി ഒരു ചലച്ചിത്രമേള സംഘടിപ്പിക്കുന്നത് മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്ത് ഇറ്റലിയിലാണ്.

  1932ല്‍ ആരംഭിച്ച വെനീസ് ചലച്ചിത്രമേള ഇന്നും ലോകത്തെ പ്രധാനമേളകളിലൊന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആരംഭിച്ച ഫ്രാന്‍സിലെ കാന്‍, മോസ്‌കോ, ലൊക്കാര്‍ണോ, കാര്‍വിവാരി തുടങ്ങിയ മേളകളാണ് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകള്‍. ഇവയുള്‍പ്പെടെ, ഏതാണ്ട് 3500 ഓളം ചലച്ചിത്രമേളകള്‍ ലോകമെമ്പാടും നടക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ( എകഅജഎ) അക്രഡിറ്റേഷന്‍ നല്‍കുന്ന മേളകള്‍ മാത്രമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളായി കണക്കാക്കുന്നത്.

  ഇന്ത്യയിലേക്ക് 1952ല്‍ ഫിലിംസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ബോംബെയിലാണ് ഏഷ്യയിലെ ആദ്യത്തെ ചലച്ചിത്രമേളയായ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിച്ചത്. പിന്നീട് ഇടവേളകളുണ്ടായെങ്കിലും 1969 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലുമായി ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കപ്പെട്ടു. 1988ലും 97ലും ഈ മേളക്ക് തിരുവനന്തപുരം വേദിയായി. ലോകത്തെ എല്ലാ ചലച്ചിത്ര മേളകളും ഒരു നഗരവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത് എന്നുള്ളതുകൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര മേളക്കും ഒരു സ്ഥിരം വേദിയുണ്ടാവണം എന്ന ആശയത്തില്‍ നിന്നാണ് 2004 മുതല്‍ ഗോവ തിരഞ്ഞെടുക്കപ്പെടുന്നത്.

  ചലച്ചിത്ര സംസ്‌കാരം ഇല്ലാത്ത നഗരം എന്ന് പരാതി ഉയര്‍ന്നിരുന്നുവെങ്കിലും 15 വര്‍ഷം കൊണ്ട് ചലച്ചിത്രാസ്വാദകര്‍ക്ക് മികച്ച അനുഭവം പകരുന്ന നഗരമായി ഗോവ മാറി. മലയാളത്തിന്റെ മണ്ണില്‍1988ല്‍ തിരുവനന്തപുരത്തു നടത്തിയ ഐഎഫ്എഫ്കെയുടെ വിജയവും വലിയ ജനപങ്കാളിത്തവുമാണ് കേരളത്തിന് സ്വന്തമായി ഒരു ചലച്ചിത്രമേള എന്ന ആശയം സജീവമാക്കിയത്. ആദ്യം കോഴിക്കോട്ടും, പിന്നീട് തിരുവനന്തപുരത്തും അതിനു ശേഷം കൊച്ചിയിലുമായി ഐഎഫ്എഫ്കെ സംഘടിപ്പിക്കപ്പെട്ടു. പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയായി. ഓരോ വര്‍ഷവും ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഗോവയിലും തിരുവനന്തപുരത്തും ഏറെക്കുറെ സമാനമായിരിക്കും.

  മത്സര വിഭാഗത്തില്‍ ഐഎഫ്എഫ്കെ ലോകത്തെ വിവിധഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുവാന്‍ ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തിലുള്ള ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍മാത്രമാണ് ഉള്ളത്. ഓരോ വര്‍ഷത്തെയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മികച്ച ചിത്രങ്ങളെ മനസിലാക്കാന്‍ ഐഎഫ്എഫ്കെയിലെ ഇന്ത്യന്‍ പനോരമ സഹായകമാണ്. ഹോമേജ് വിഭാഗത്തിലും റെട്രോസ്‌പെക്ടീവ് വിഭാഗത്തിലും

  ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് നടത്തുന്നവരുടെ മുന്‍ഗണനകള്‍ വ്യക്തമാക്കുന്നുണ്ട്. ഗോവയില്‍ ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആറു തീയറ്ററുകളിലും തൊട്ടടുത്തുള്ള കലാ അക്കാദമിയിലുമായാണ് മേള നടക്കുന്നതെന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വളരെയേറെ സൗകര്യമുണ്ട്. തിരുവനന്തപുരത്താകട്ടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നു കിടക്കുന്ന തീയറ്ററുകളില്‍ എത്തിച്ചേരാന്‍ ഡെലിഗേറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്ന ഓട്ടോറിക്ഷാ സൗകര്യം ഇപ്പോള്‍ ഫലപ്രദമല്ല എന്ന ആരോപണവുമുണ്ട് .അച്ചടക്കമാണ് ഗോവയുടെ മുഖമുദ്രയെങ്കില്‍ ജനാധിപത്യ സ്വഭാവവും ജനപങ്കാളിത്തവുമാണ് തിരുവനന്തപുരത്തിന്റെ പ്രത്യേകത. ഔദ്യോഗിക കണക്ക് പ്രകാരം 15 ശതമാനം മാത്രമാണ് കേരളത്തില്‍നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടു ഡെലിഗേറ്റുകളെങ്കിലും ഗോവയിലെ തിയറ്ററുകളിലെ സാന്നിധ്യത്തില്‍ അമ്പത് ശതമാനത്തിലധികവും മലയാളികളാണ്.

  ഏഴായിരത്തോളം പേര്‍ ഗോവയില്‍ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്യുന്നുവെങ്കില്‍ തിരുവനന്തപുരത്ത് പതിനയ്യായിരത്തോളമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സീറ്റുകള്‍ക്കപ്പുറം തിയറ്റര്‍ നിറഞ്ഞു കവിയുന്ന കാഴ്ചക്കാര്‍ സൂക്ഷ്മമായ ദൃശ്യാനുഭവത്തിന് തടസമാകുന്നുമുണ്ട്. ചലച്ചിത്രാസ്വാദനം മാത്രമാണ് ഗോവയിലെ കലാപ്രവര്‍ത്തനമെങ്കില്‍ ഐഎഫ്എഫ്കെ ഒരു സമ്പൂര്‍ണ സാംസ്‌ക്കാരിക അനുഭവമാണ്. പലപ്പോഴും നമ്മുടെ മേളയുടെ ജനാധിപത്യസ്വഭാവം അരാജകത്വത്തോളമെത്തുന്നുവെന്ന ആക്ഷേപവുമുണ്ട്. ആദ്യകാല മേളകള്‍ എല്ലാം പൂര്‍ണമായി വരേണ്യ സ്വഭാവം പ്രകടിപ്പിച്ചിരുന്നു. ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമെ ഡെലിഗേറ്റ് പാസ് ലഭിച്ചിരുന്നുള്ളു. ഇതിനെ പൂര്‍ണമായും ജനാധിപത്യവല്‍ക്കരിച്ചത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കെ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. നിശ്ചിത ഫീസ് നല്‍കിയാല്‍ എല്ലാവര്‍ക്കും പാസ് നല്‍കുന്ന സംവിധാനം നടപ്പില്‍ വരുത്തി. എന്നാല്‍ ആ അടൂര്‍ ഗോപാലകൃഷ്ണനെ തന്നെ അല്‍പബുദ്ധികളായ ചിലര്‍ വരേണ്യ സ്വഭാവം ആരോപിച്ച് ആക്രമിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്.

  ഇടപെടലുകളുടെ രാഷ്ട്രീയംസാംസ്‌ക്കാരിക രംഗമാകെ പ്രത്യയശാസ്ത്രപരമായതാല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടത്തിന്റെ ഇടപെടലുകള്‍ കഎഎകയില്‍ കൂടുതല്‍ വ്യക്തമായി വരുന്നു. കഴിഞ്ഞ വര്‍ഷം 'സെക്‌സി ദുര്‍ഗ' ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ മന്ത്രി തന്നെ നേരിട്ടിടപെടുന്നസാഹചര്യവുമുണ്ടായി. ഇത്തവണ ഇത്തരം 'വിധ്വംസക' സ്വഭാവമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം ജൂറികളെ തീരുമാനിച്ചപ്പോഴെ ഇല്ലാതാക്കി.

  ഐഎഫ്എഫ്കെയിലും ചില അനഭിലഷണീയ പ്രവണതകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഒരു വ്യക്തിയും, അവരെ ചുറ്റി നില്‍ക്കുന്ന സംഘവും മേളയുടെ നടത്തിപ്പില്‍ ചെലുത്തുന്ന സ്വാധീനം, തെരഞ്ഞെടുക്കപ്പെടുന്നചിത്രങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കുന്നു എന്ന ആരോപണമുണ്ട്. ഒരാള്‍ തന്നെ ദീര്‍ഘകാലം ഒരു അധികാരസ്ഥാനത്ത് തുടരുന്നതിനാല്‍ ആ വ്യക്തിക്ക് ചുറ്റം ഒരു കോക്കസ് രൂപപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ഉയര്‍ന്നുവരുന്ന സംവിധായകരോടുള്ള സമീപനംപലപ്പോഴും നിഷേധാത്മകമാണെന്നും അഭിപ്രായമുയരുന്നു. ഇതേ വ്യക്തി മാറിനിന്ന രണ്ടു വര്‍ഷം അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണും മേളയുടെ ചുക്കാന്‍ പിടിച്ചപ്പോള്‍ മികച്ച രീതിയില്‍ മേള സംഘടിപ്പിക്കപ്പെട്ടു എന്നത് ഈ ആരോപണത്തിന് സാധുത നല്‍കുന്നു.

  എങ്ങനെ മുന്നോട്ട് ?

  അന്താരാഷ്ട്ര മേളയുടെ പ്രധാന ആകര്‍ഷണമായ ഫിലിം മാര്‍ക്കറ്റ് തിരുവനന്തപുരത്ത് രണ്ട് വര്‍ഷം സംഘടിപ്പിച്ചെങ്കിലും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. ഓരോ മേളയും വ്യത്യസ്തമായ അനുഭവങ്ങളാണ് പകരുന്നത്. ആസ്വാദനക്ഷമതയുള്ള ഒരു പ്രേക്ഷകസമൂഹത്തിന്റെ പിന്തുണയില്‍ ഐഎഫ്എഫ്കെ ഒട്ടേറെ മുന്നോട്ട് പോയെങ്കിലും, ഏതാണ്ട് ഇതേ കാലത്ത് തന്നെ ആരംഭിച്ച ബുസാന്‍ ചലച്ചിത്ര മേളയുടെ ഔന്നിത്യത്തിലെത്താന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഒഴിവാക്കി അത്തരമൊരു ലക്ഷ്യത്തിനായി പ്രയത്‌നിക്കുക തന്നെ വേണം.
  First published: