സുരേഷ് ഗോപി സിനിമയിൽനിന്ന് അപ്രത്യക്ഷനായതിന് പിന്നിൽ എന്ത്? തിരികെക്കൊണ്ടുവരാൻ മുൻകൈയെടുത്ത ദുൽഖറിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി

അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഈ ചോദ്യം ചോദിച്ചത്

News18 Malayalam | news18-malayalam
Updated: February 13, 2020, 12:09 PM IST
സുരേഷ് ഗോപി സിനിമയിൽനിന്ന് അപ്രത്യക്ഷനായതിന് പിന്നിൽ എന്ത്? തിരികെക്കൊണ്ടുവരാൻ മുൻകൈയെടുത്ത ദുൽഖറിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി
വരനെ ആവശ്യമുണ്ട്
  • Share this:
മികച്ച അഭിനയത്തിലൂടെ സിനിമയിൽ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപി ഒരു സുപ്രഭാതത്തിൽ അഭിനയരംഗത്ത് നിന്ന് എങ്ങനെയാണ് അപ്രത്യക്ഷനായതെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഈ ചോദ്യം ചോദിച്ചത്. സുരേഷ് ഗോപി അഭിനയത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതിന് പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ? ഏതായാലും നിർമ്മാതാവായ ദുൽക്കർ സൽമാനും സംവിധായകൻ അനൂപ് സത്യനും പൂച്ചയുടെ കഴുത്തിൽ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. ഈ ചെറുപ്പക്കാർ തനിക്കു നൽകിയ അവസരം സുരേഷ് ഗോപി എന്ന നടൻ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്. ചിത്രത്തിൽ ശോഭനയുടെ അഭിനയത്തെയും ശ്രീകുമാരൻ തമ്പി പ്രശംസിച്ചിട്ടുണ്ട്. അർത്ഥശൂന്യമായ ചേരിതിരിവുകൾക്ക് അടിമകളാകാതെ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും അഭ്യർഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച ''വരനെ ആവശ്യമുണ്ട്'' എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാൻ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാൻ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തിൽ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകൾ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തിൽ അതിസമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാൾ മുതൽ ദുൽക്കർ സൽമാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അഭിനയത്തിൽ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാർക്കും മാർഗ്ഗ ദർശകം ആകേണ്ടതാണ്.

'' ഓർമ്മയുണ്ടോ ഈ മുഖം ? '' എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങൾ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടൻ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിർമ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? ഏതായാലും നിർമ്മാതാവായ ദുൽക്കർ സൽമാനും സംവിധായകൻ അനൂപ് സത്യനും പൂച്ചയുടെ കഴുത്തിൽ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. ഈ ചെറുപ്പക്കാർ തനിക്കു നൽകിയ അവസരം സുരേഷ് ഗോപി എന്ന നടൻ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തിൽ പത്തു വാക്യങ്ങളുടെ അർത്ഥം കൊണ്ടു വരാൻ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിദ്ധ്യം കൂടി ആയപ്പോൾ സ്വർണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി.. അവർ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂർത്തങ്ങളും അതീവ ചാരുതയാർന്നവയാണ്. മലയാളത്തിന്റെ പ്രിയ നടി ഉർവശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു ! അച്ഛൻ സത്യൻ അന്തിക്കാടിന്റെ പ്രിയ നടിയായ കെ പി എ സി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. '' ആകാശവാണി'' അത്യുജ്ജ്വലം!

ആദ്യ പകുതിയുടെ ദൈർഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയിൽ പകർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി. മമ്മൂട്ടിയുടെ മകനും പ്രിയദർശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോൾ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക!! മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇതു പോലുള്ള ചിത്രങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

അർത്ഥശൂന്യമായ ചേരിതിരിവുകൾക്ക് അടിമകളാകാതെ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു.
First published: February 13, 2020, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading