ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടോ എന്ന ചോദ്യത്തിന് നമ്മൾ പ്രകൃതി രമണീയത നിറഞ്ഞ പല സ്ഥലങ്ങളുടെയും പേര് പറഞ്ഞെന്നിരിക്കാം. എന്നാൽ ഭൂമിയിലെ മാലാഖമാർ എന്ന കാര്യത്തിൽ ഇപ്പോൾ നമുക്കെല്ലാം ഏകാഭിപ്രായം മാത്രം. നേഴ്സ്മാർ. കോവിഡിന്റെ ഭീതിദായകമായ മുഖത്ത് നിന്നും പടപൊരുതി ജീവൻ രക്ഷകരാവുന്ന ഇവർ നമ്മൾ കണ്ടും കേട്ടും അറിഞ്ഞ കഥകളിലെ സൂപ്പർ ഹീറോമാരുടെ ജീവിക്കുന്ന മുഖമാവുകയാണ്. ഇന്ന്, അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൽ, ന്യൂസ് 18 കേരളത്തിൽ, താരങ്ങളും പ്രഗത്ഭരും അവരെ ഓർക്കുന്നു, നന്ദി പറയുന്നു. അവരുടെ വാക്കുകളിലേക്ക്:
കെ.എസ്. ചിത്രഭൂമിയിലെ മാലാഖമാർ എന്നതിൽ ഒട്ടും അതിശയോക്തിയില്ല. അവർ മാലാഖമാർ തന്നെയാണ്. ഒരസുഖമായിട്ടു ആശുപത്രിയിൽ പോയാൽ നേഴ്സ്മാരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന അവസ്ഥയിൽ പോലും ഒരു ആശ്വാസമാണ്, പ്രത്യേകിച്ചും കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന സമയത്ത് അവർ ചെയ്തിരിക്കുന്ന സേവനങ്ങൾ സ്തുത്യർഹമാണ്. കുടുംബത്തെയും കുഞ്ഞ് മക്കളെയും മറന്ന് അവർ നമുക്ക് വേണ്ടി ഒരുപാട് ദിവസം നമ്മളോടൊപ്പം നിന്നു പരിചരിച്ചു, സെൽഫ് ക്വാറന്റൈനിൽ പോയി, ശരിക്കും വലിയൊരു ത്യാഗമാണ് അവർ നമുക്കായി ചെയ്തിരിക്കുന്നത്. അവർ ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നു. അഭിനന്ദനങ്ങളും പ്രാർത്ഥനകളും
ടൊവിനോ തോമസ്ഇന്ന് മെയ് 12 ലോക നഴ്സസ് ഡേ. കോവിഡ് 19 എന്ന വൈറസ് ലോകമെമ്പാടും ഭീതി പടർത്തിയപ്പോൾ ജീവൻ പോലും പണയംവച്ച് മറ്റുള്ളവരെ ശുശ്രൂഷിച്ച നഴ്സ്മാർക്കു സ്നേഹം അറിയിക്കുന്നു
സുധീർ കരമനത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു നമ്മുടെ നേഴ്സ്മാർ. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ മുൻപന്തിയിൽ നിന്ന് പോരാടിയ നമ്മുടെ നഴ്സ്മാർക്ക് ബിഗ് സല്യൂട്ട്
രേവതികഴിഞ്ഞ പല ആഴ്ചകളായിട്ട് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് വേറൊരു ലോകമാണ്, നമുക്ക് പരിചയമില്ലാത്ത ലോകം. ഒരുപാട് പേടിയും സങ്കടവും എന്താ ചെയ്യേണ്ടതെന്ന് എന്നറിയാത്ത അവസ്ഥ. പക്ഷെ ഈ ലോകത്ത് നമുക്കെല്ലാവർക്കും ദൈവങ്ങളായി നിൽക്കുന്ന മെഡിക്കൽ പ്രൊഫഷൻ ലോകമെമ്പാടും പലതും ചെയ്യുന്നുണ്ട്. നമ്മുടെ നന്മക്ക് വേണ്ടി നമ്മുടെ മലയാളി നേഴ്സുമാർ എല്ലായിടത്തുമുണ്ട്. അവർക്കെല്ലാവർക്കും എന്റെ നന്ദി. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
മംമ്ത മോഹൻദാസ്ഒന്നോ രണ്ടോ ദിവസത്തേക്കെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ട അവസ്ഥ വന്നിട്ടുണ്ടോ? അതെ എന്നാണ് മറുപടിയെങ്കിൽ ഞാൻ ആരെപ്പറ്റിയാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം. ആ സമയത്തു ഒരു സുഹൃത്തെന്ന പോലെ നമുക്ക് പോസിറ്റീവ് എനർജി തന്നു കൊണ്ട്, സിസ്റ്റർ എന്ന് വിളിക്കുന്നതിനുപരി ഒരു സഹോദരിയെപോലെ ചിരിച്ചുകൊണ്ട് അവർ നമുക്കൊപ്പമുണ്ട്. അവരുടെ ഒരു ചിരി നമ്മുടെ ഏറ്റവും വലിയ വിഷമത്തിന് വലിയൊരു മാറ്റമുണ്ടാക്കും. ബുദ്ധിമുട്ടേറിയ സമയത്ത് എനിക്കൊപ്പം നിന്ന നേഴ്സ്മാർക്കും കരുത്തരായി നിന്ന് കോവിഡ് 19ൽ നിന്നും അതിജീവിക്കാൻ മറ്റുള്ളവരെ സഹായിച്ച എല്ലാ നേഴ്സ്മാർക്കും നന്ദി
അനൂപ് മേനോൻനേഴ്സ്മാരെ സ്നേഹിക്കാനും ബഹുമാനക്കാനും അഭിനന്ദിക്കാനും ഒരു ദിവസം പോരാ എന്ന് മനസ്സിലാക്കി തന്നെ കുറെ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ ദിവസങ്ങളിൽ നമ്മൾ ഒരുപാട് ഹീറോസിനെ കണ്ടിട്ടുണ്ട്. നിപക്കും കണ്ടതാണ്. പിന്നെ നമ്മൾ അവരെ സൗകര്യം പോലെ മറന്നു. ഇപ്പോൾ കോവിഡ് വന്നപ്പോൾ, കോവിഡ് ബാധിതരെ പരിചരിച്ച്, സ്വയം കോവിഡ് ബാധിച്ച്, അതിൽ നിന്നും മുക്തരായി ഇറങ്ങിയ ശേഷം ശുശ്രൂഷിക്കാൻ ഞാൻ ഇനിയും തയാറാണ് എന്ന് പറഞ്ഞ നേഴ്സ്മാർ ഉള്ള സ്ഥലം. അങ്ങനെ എത്രയെത്ര കഥകൾ. നമ്മൾ അറിയാതെ പോകുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥകൾ. ഇതൊക്കെ കാലാകാലങ്ങളായി അവർ ചെയ്തു പോരുന്നു. പക്ഷെ ഒരു കോവിഡ് വേണ്ടി വന്നു നമുക്കിതെല്ലാം അടുത്തറിഞ്ഞു മനസ്സിലാക്കാൻ. നിശബ്ദമായി ഈ സമൂഹത്തെ സേവിച്ചുകൊണ്ടിരിക്കുന്ന വലിയ വിഭാഗത്തെ നമുക്ക് ഇന്നെന്നല്ല, എല്ലാക്കാലത്തേക്കും ഓർക്കണം. ആരോഗ്യമെന്ന വലിയ ധനത്തെ കാത്തു പോരുന്ന വലിയ കാവൽക്കാരാണ് അവർ; ഡോക്ടർമാരും നേഴ്സ്മാരും ആരോഗ്യപ്രവർത്തകരുമെല്ലാം. കയ്യടികൾക്കും പൂവാരിയെറിയലിനും പുറമെ അവരുടെ വേതനത്തിലും ഒരു ഉയർച്ച ഉണ്ടാക്കണം. ചെയ്യുന്ന സേവനത്തിന് അവർക്ക് ലഭിക്കുന്ന വേതനം തുല്യമാണോ എന്ന സംശയം എല്ലാവർക്കും എല്ലാക്കാലത്തുമുണ്ട്. അതിന് കൂടി നമ്മുടെ സർക്കാർ എന്തെങ്കിലും ചെയ്യട്ടെ എന്ന് ആശിക്കുന്നു. എല്ലാ നേഴ്സ്മാർക്കും എന്റെ സ്നേഹവും ആശംസയും.
കുഞ്ചാക്കോ ബോബൻകോവിഡ് എന്ന മഹാമാരിയിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്ന ഈ സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും പണയം വച്ച് ഈ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആതുരസേവനരംഗത്തുള്ള നമ്മുടെ സഹോദരീ സഹോദരന്മാരെ ഈ ദിവസം ഓർക്കുകയാണ്. നേഴ്സസ് ഡേ എന്നത് ഇന്നൊരു ദിവസം മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. അവർക്ക് എല്ലാ ദിവസവും, 24 മണിക്കൂറും, സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും പോലും മറന്ന് ഈ രംഗത്ത് പ്രവർത്തിക്കേണ്ടതായി വന്നു. ലോകം ഒരു വലിയ അപകടം നേരിടുമ്പോൾ, അല്ലെങ്കിൽ ആ പാതയിലൂടെ സഞ്ചരിക്കുമ്പോൾ, രക്ഷകരായി സൂപ്പർ ഹീറോസ് വരുന്നതാണ് നമ്മൾ സിനിമയിൽ കണ്ടിട്ടുള്ളത്, പ്രത്യേകിച്ചും ഹോളിവുഡ് സിനിമയിൽ. ജീവിതത്തിലെ സൂപ്പർ ഹീറോസ് സിനിമയിൽ കാണുന്ന പോലത്തെ അമാനുഷിക ശക്തി ഉള്ളവരോ, വേഷവിധാനങ്ങൾ ഉള്ളവരോ അല്ല. നമ്മുടെ ചുറ്റും കാണുന്ന, നമുക്കിടയിലുള്ള 24 മണിക്കൂറും നമ്മളെ സ്നേഹിക്കുന്ന സഹായിക്കുന്ന ശുശ്രൂഷിക്കുന്ന ആൾക്കാരുടെ രൂപത്തിലാണവർ...
നവ്യ നായർഇന്ന് ഇന്റർനാഷണൽ നേഴ്സസ് ഡേ ആണ്. ഫ്ലോറെൻസ് നൈറ്റിംഗൽ 'വിളക്കേന്തിയ വനിത' എന്ന് പാഠങ്ങളിൽ പഠിച്ചിട്ടുണ്ട്. എല്ലാ വർഷവും ഫ്ലോറെൻസ് നൈറ്റിംഗലിന്റെ ഓർമ്മക്കായാണ് നേഴ്സസ് ദിനം ആചരിക്കുന്നത്. ഇന്ന് നമ്മളെല്ലാവരും കോവിഡ് 19 ന്റെ ഭീതിയിലാണ്. ലക്ഷക്കണക്കിന് പേര് ഈ അസുഖത്തിന്റെ പിടിയിലാണ്. പക്ഷെ അഹോരാത്രം പ്രവർത്തിക്കുന്ന വലിയ ഒരു വിഭാഗമാണ് നേഴ്സസ്. അവർക്കും കുടുംബവും കുട്ടികളുമുണ്ട്, അവർക്കും പേടിയുണ്ട്. എത്രയോ നേഴ്സ്മാർക്കാണ് അസുഖം വന്നത്. അവർ അതിൽ നിന്നും മുക്തി നേടിയിട്ടുമുണ്ട്. നമുക്കുവേണ്ടി പ്രവർത്തിക്കുന്ന അവർ ഓരോരുത്തർക്കുമായി കൂപ്പുകൈയോടെ നന്ദി പറയുന്നു...
ഗോപിനാഥ് മുതുകാട്ജീവിക്കുന്നതിന് അർത്ഥമുണ്ടെന്നു തോന്നുന്ന ചില മനോഹര ദിനങ്ങളുണ്ടാവും നമ്മുടെയൊക്കെ ജീവിതത്തിൽ. ഇന്നലെ ഉച്ചക്ക് 12 മണി മുതൽ രണ്ടേകാൽ മണിക്കൂറോളം എത്രയോ തവണയാണ് ഞാൻ കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ മുന്നിൽ കൈകൂപ്പിയത്. സൂം ക്യാമറയുടെ മുന്നിൽ വന്ന 14 ജില്ലകളിലെ വിവിധങ്ങളായ ആശുപത്രിയിലെ ജീവനക്കാരെ മാത്രമല്ല മനസ്സാൽ നമിച്ചത്. അവരുടെ കുടുംബാംഗംങ്ങളെ, ആരോഗ്യ വകുപ്പിലെ അഹോരാത്രം പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ അങ്ങനെ എല്ലാവരെയും ആയിരുന്നു... എല്ലാവർക്കും ഒരേ രൂപം ഒരേ ഭാവം ഒരേ മനസ്സ്. പണ്ടെവിടെയോ വായിച്ചതാണ് പൗർണ്ണമി രാത്രിയിലെ ചന്ദ്രൻ അറിയുന്നില്ലെങ്കിൽ പോലും ഭൂമിയിലെ എല്ലാ തടാകങ്ങളിലും എല്ലാ കുളങ്ങളിലും എല്ലാ കിണറുകളിലും അത് ഒരേപോലെ പ്രതിഫലിക്കാറുണ്ട്. അതുപോലെ നിങ്ങൾ എല്ലാം ഞങ്ങളുടെ മനസ്സിൽ എന്നും എക്കാലവും പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങി നിൽക്കുന്നുണ്ടാവും. ഒരിക്കൽ കൂടി ഒരായിരം നമസ്കാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.