തന്‍റെ അച്ഛനെക്കുറിച്ച് ദയവു ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് പ്രമുഖ താരം മണിയൻ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജൻ. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലയിരുന്ന മണിയൻപിള്ള രാജു നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വീണ്ടും സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്.
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തെത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് താരത്തിന്‍റെ മകൻ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്. രോഗമുക്തി നേടി സുഖം പ്രാപിച്ചു തുടങ്ങിയ രാജു, നിലവിൽ അസുഖബാധിതനാണെന്ന തരത്തിലും ചില വാർത്തകൾ എത്തിയിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് നിരഞ്ജന്‍റെ പ്രതികരണം.
'എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു' എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ നിരഞ്ജൻ അറിയിച്ചത്.
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ചികിത്സയിലിരുന്ന മണിയൻ പിള്ള രാജു മാർച്ച് 25നാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം വോട്ട് ചെയ്യാനും എത്തിയിരുന്നു. 'മാർച്ച് 25നാണ് ഞാൻ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവിൽ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താൻ തോന്നിയില്ല' എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.