• HOME
  • »
  • NEWS
  • »
  • film
  • »
  • CANNES | 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ' വസ്ത്രങ്ങളൂരിയെറിഞ്ഞ് നിലവിളിച്ച് അജ്ഞാത; കാന്‍വേദിയില്‍ നാടകീയ രംഗങ്ങള്‍

CANNES | 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ' വസ്ത്രങ്ങളൂരിയെറിഞ്ഞ് നിലവിളിച്ച് അജ്ഞാത; കാന്‍വേദിയില്‍ നാടകീയ രംഗങ്ങള്‍

യുക്രെയ്ന്‍ പതാകയിലെ നിറങ്ങൾ ഉപയോഗിച്ച് ശരീരത്തിലാകെ ഇവര്‍ പെയിന്‍റ് ചെയ്തിരുന്നു

  • Share this:
    എഴുപത്തിയഞ്ചാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ (Cannes Film Festival) വേദിയില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ രംഗങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയാകുന്നു. ഇദ്രിസ് എൽബയെ നായകനാക്കി ജോർജ് മില്ലർ സംവിധാനം ചെയ്ത ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ച സംഭവമുണ്ടായത്. ഇദ്രിസ് എൽബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവർ, നടി ടിൽഡ സ്വിന്റൺ, സംവിധായകൻ ജോർജ് മില്ലർ എന്നിവർ റെഡ് കാർപ്പറ്റിലേക്ക് നടന്നടുക്കവേ അജ്ഞാതയായ ഒരു സ്ത്രീ വേദിയിലേക്ക് ഓടിവരികയും വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ' എന്ന് നിലവിളിച്ച് കരയുകയും ചെയ്തു.





    യുക്രെയ്ന്‍ പതാകയിലെ നിറങ്ങൾ ഉപയോഗിച്ച് ശരീരത്തിലാകെ ഇവര്‍ പെയിന്റ് ചെയ്തിരുന്നു. ഞങ്ങളെ ബലാൽസം​ഗം ചെയ്യുന്നത് നിർത്തൂ എന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ റാഡിക്കൽ ഫെമിനിസ്റ്റ് ​ഗ്രൂപ്പായ സ്കം അവരുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരിയെ പുറത്തേക്ക് കൊണ്ടുപോവുന്നതും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെ തടയുന്നതുമാണ് ദൃശ്യത്തിലുള്ളത്.



    സുരക്ഷാജീവനക്കാര്‍ തടയുന്നതിന് മുന്‍പ് തന്നെ അജ്ഞാത ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നിലെത്തി തന്‍റെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.  യുക്രെയ്നില്‍ യുദ്ധത്തിനിടെ നടക്കുന്ന ലൈം​ഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമായായിരുന്നു ഈ പ്രതിഷേധം. അതേസമയം ഈ പ്രശ്നം കാനിലെ സുരക്ഷാസംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്ന ചോദ്യവും ഉയർത്തിയിരിക്കുകയാണ്. കാനിലെ ലൂമിയർ തിയേറ്ററിനകത്തേക്ക് കയറുന്നതിന് മുമ്പ് ഒന്നിലധികം സുരക്ഷാ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. അകത്തും സുരക്ഷാ ജീവനക്കാരുണ്ട്. പിന്നെങ്ങനെ ഇവർ അകത്തുപ്രവേശിച്ചു എന്നാണ് ഉയരുന്ന ചോദ്യം.
    Published by:Arun krishna
    First published: