• HOME
 • »
 • NEWS
 • »
 • film
 • »
 • 'ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പുറംലോകത്തിന് മനസിലാക്കി കൊടുത്തതിന് നന്ദി'; അടൂരിനോട് വിദ്യാർത്ഥികൾ

'ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പുറംലോകത്തിന് മനസിലാക്കി കൊടുത്തതിന് നന്ദി'; അടൂരിനോട് വിദ്യാർത്ഥികൾ

ആക്റ്റിംഗ് ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകനായ എം ജി ജ്യോതിഷിനെതിരെ അടൂര്‍ നടത്തിയ ആരോപണത്തിനെതിരെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം രംഗത്ത് വന്നിരിക്കുന്നത്

 • Share this:

  തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന കത്തുമായി വിദ്യാര്‍ഥികള്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റിംഗ് ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകനായ എം ജി ജ്യോതിഷിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ആരോപണത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമടക്കം രംഗത്ത് വന്നിരിക്കുന്നത്.  ഒരു അഭിമുഖത്തില്‍ അധ്യാപകനായ എം ജി ജ്യോതിഷിനെ അടൂര്‍ ഉഴപ്പനെന്ന് വിശേഷിപ്പിച്ചിരുന്നു.

  വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച അഭിപ്രായമുള്ള ഒരു അധ്യാപകനെ ഉഴപ്പന്‍ എന്ന് മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇന്‍സ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുറം ലോകത്തിന് കാട്ടികൊടുത്തതില്‍ താങ്കളോട് ഒരു പാട് നന്ദി. അധ്യാപകന്‍ എത്ര മികച്ചതാണെങ്കിലും അയാള്‍ പിന്നോക്ക സമുദായത്തില്‍ പെട്ടയാള്‍ ആണെങ്കില്‍ അയാള്‍ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത് അങ്ങയുടെ പേരില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം തന്നെയാണ് – കത്തില്‍ പറയുന്നു.

  Also read- ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാർ WCC അംഗങ്ങളെ പോലെ; ഉടുത്തൊരുങ്ങി പരാതി പറഞ്ഞ് സ്റ്റാറായി; അടൂർ ഗോപാലകൃഷ്ണൻ

  കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ: 

  പദ്മശ്രീ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണന്‌ ഒരു തുറന്ന കത്ത്‌

  കെ. ആര്‍, നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആര്‍ട്സിലെ ആക്ടിങ്‌ ഡിപ്പാര്‍ട്മെന്റിലെ നിലവിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളുമാണ്‌ ഞങ്ങള്‍. ഞങ്ങളുടെ അധ്യാപകന്‍ ശ്രീ എം.ജി. ജ്യോതിഷിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ്‌ അവയൊക്കെ എന്നറിഞ്ഞിട്ടും അത്‌ ഉന്നയിക്കാന്‍ അങ്ങ്‌ കാണിച്ച ധൈര്യം പ്രശംസനീയമാണ്‌, ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മികച്ച അധ്യാപകരില്‍ ഒരാളായ ജ്യോതിഷ്‌ സാറിനെ ഉഴപ്പന്‍ എന്ന്‌ ആരോപിച്ചതിന്‌ പിന്നിലെ ചേതോവികാരം എന്താണെന്ന്‌ കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസിലാകും. അദ്ദേഹത്തിന്റെ അത്രയും മികവില്ലാത്ത, അദ്ധ്യാപന പരിചയമില്ലാത്ത അധ്യാപകര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പല ഡിപ്പാര്‍ട്മെന്റുകളിലും ഉണ്ടെന്നുള്ള കാര്യം താങ്കള്‍ക്ക്‌ അറിയാവുന്ന കാര്യമാണ്‌. അവര്‍ക്ക്‌ എതിരെ വിദ്യാര്‍ഥികള്‍ പലതവണ പരാതി നല്‍കുകയും ചെയ്തതാണ്‌. മാത്രമല്ല വിദ്യാര്‍ഥികള്‍ അത്തരം അധ്യാപകരുടെ ക്ലാസുകള്‍ ബഹിഷ്കരിച്ച്‌ പ്രതിക്ഷേധിക്കുകയും ചെയ്തിട്ടുള്ളതാണ്‌, എന്നിട്ടും അതെപ്പറ്റിയൊന്നും ആ വിദ്യാര്‍ഥികളോട്‌ ചോദിക്കുകയോ അത്തരം അധ്യാപകര്‍ക്കെതിരെ നടപടി എടുക്കുകയോ താങ്കള്‍ ചെയ്തിട്ടില്ല.

  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി അധ്യാപകനാണ്‌ ജ്യോതിഷ്‌ സാര്‍, ഈ കാലയളവിനുള്ളില്‍ അദ്ദേഹത്തിന്റെ അധ്യാപനത്തിന്‌ എതിരെ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ലെന്ന് മാത്രമല്ല മലയാള സിനിമയിലെ പല മികച്ച നടീ നടന്മാര്‍ക്ക്‌ പരിശീലനം നല്‍കിയ വ്യക്തിയുമാണ്‌ അദ്ദേഹം, ജ്യോതിഷ്‌ സാറിന്റെ ശിക്ഷണത്തില്‍ ആക്ടിങ്‌ ഡിപ്പാര്‍ഭ്മെന്റിലെ വിദ്യാര്‍ഥികളും മികച്ച നിലവാരം പുലര്‍ത്താറുമുണ്ട്‌, ഇവിടുത്തെ പ്രോജെക്റ്റുകള്‍ പോലും നേരില്‍ കാണാത്ത താങ്കള്‍ക്ക്‌ അതിനെപ്പറ്റി അറിയാന്‍ സാധ്യത ഇല്ല.

  2019 ബാച്ചിലെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കൊറോണ സമയത്തെ ഓണ്‍ലൈന്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ വേണ്ടെന്ന്‌ വെച്ചത്‌. ആ കാര്യം രേഖാമൂലം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ അറിയിച്ചിട്ടുളളതും ആണ്‌. ഓണ്‍ലൈനില്‍ കൂടി അഭിനയം പഠിക്കുന്നതിന്റെ പരിമിതികള്‍ രാജ്യത്തെ തന്നെ മികച്ച ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിച്ച താങ്കള്‍ക്ക്‌ മനസിലാക്കി തരേണ്ടി വരുന്നത്‌ ദയനീയമാണ്‌.

  ജ്യോതിഷ്‌ സാറിന്റെ ക്ലാസുകളെ പറ്റി ആക്റ്റിങ്‌ ഡിപ്പാര്‍ട്മെന്റിലെ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമല്ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാക്കി ഡിപ്പാര്‍ട്മെന്റുകളിലെ വിദ്യാര്‍ഥികള്‍ക്കും മികച്ച അഭിപ്രായം തന്നെയാണ്‌ നിലവിലുള്ളത്‌. അത്തരം ഒരു അധ്യാപകനെ ഉഴപ്പൻ എന്ന്‌ മുദ്രകുത്തുന്നതിലൂടെ താങ്കളുടെ മനസിലും ഇന്‍സ്റ്റിറ്റ്യൂട്ടിലും ജാതി എങ്ങനെയൊക്കെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പുറംലോകത്തിന്‌ മനസിലാക്കി കൊടുത്തതിന്‌ താങ്കളോട്‌ ഒരുപാട്‌ നന്ദി ഉണ്ട്‌, അദ്ധ്യാപകന്‍ എത്ര മികച്ചതാണെങ്കിലും അയാള്‍ പിന്നോക്ക സമുദായത്തില്‍ പെട്ടയാള്‍ ആണെങ്കില്‍ അയാള്‍ ഉഴപ്പനും കൊള്ളരുതാത്തവനും ഒക്കെയായി മാറ്റപ്പെടുന്നത്‌ അങ്ങയുടെ പേരില്‍ നിന്ന്‌ മുറിച്ചു മാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം തന്നെയാണ്‌.

  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. ആരോപണ വിധേയനായ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാട് അടൂര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്.

  Published by:Vishnupriya S
  First published: