ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്ത മലയാള ചിത്രം 'വെള്ളം' വിജയാഘോഷം തിരുവനന്തപുരത്ത് നടന്നു. സ്വകാര്യ എഫ്.എം. ചാനൽ ഒരുക്കിയ ചടങ്ങിൽ നടൻ ജയസൂര്യ, മഞ്ജു വാര്യർ, സംവിധായകൻ പ്രജേഷ് സെൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
തലസ്ഥാനത്ത് ജയസൂര്യ-മഞ്ജു വാര്യർ-പ്രജേഷ് സെൻ ചിത്രം 'മേരി ആവാസ് സുനോയുടെ' ചിത്രീകരണം പുരോഗമിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട 25 ദമ്പതികളും വിജയാഘോഷ വേളയിൽ പങ്കെടുത്തു.
മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രതിസന്ധിക്കാലത്തും പ്രദർശനം തുടർന്ന ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയായി വേഷമിട്ടത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്‍റണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
'ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് 'വെള്ളം'. ജീവിതത്തിലെ മറ്റൊരു മുരളിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് 'വെള്ളം' ഒരുക്കിയത്.
ഇനി 'മേരി ആവാസ് സുനോ'ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ.
ഡി.ഒ.പി- നൗഷാദ് ഷെരീഫ്, എഡിറ്റർ- ബിജിത് ബാല, സംഗീതം- എം.ജയചന്ദ്രൻ, വരികൾ- ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ, പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്, ആർട്ട് - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കിരൺ രാജ്, കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് - ലിബിസൺ ഗോപി, ഡിസൈൻ - താമിർ ഓക്കെ, പി.ആർ.ഒ- പി. ശിവപ്രസാദ്, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവർക്കും ഒട്ടേറെ ചിത്രങ്ങൾ റിലീസിനായും ഷൂട്ടിംഗ് ആരംഭിക്കാനുമായി കാത്തിരിപ്പുണ്ട്.
സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത 'ലളിതം സുന്ദരം' ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് മഞ്ജു. ബിജു മേനോൻ ആണ് സിനിമയിലെ നായക വേഷം ചെയ്യുന്നത്. 'ദി പ്രീസ്റ്റ്' ഉടൻ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമയാണ്. മമ്മൂട്ടിയാണ് നായകൻ. പടവെട്ട്, ചതുർമുഖം, കയറ്റം, ജാക്ക് ആൻഡ് ജിൽ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ മറ്റു ചിത്രങ്ങൾ. ഇതിൽ 'ജാക്ക് ആൻഡ് ജിൽ' ചിത്രത്തിലെ 'കിം കിം കിം...' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു.
രഞ്ജിത്ത് ശങ്കറുമായി കൈകോർക്കുന്ന 'സണ്ണി', മിഥുൻ മാനുവൽ തോമസിന്റെ 'ടർബോ പീറ്റർ', 'ആട് 3', ഇ. ശ്രീധരന്റെ കഥാപാത്രം ചെയ്യുന്ന 'രാമ സേതു', കടമറ്റത്തു കത്തനാരുടെ വേഷമിടുന്ന 'കത്തനാർ' തുടങ്ങിയ സിനിമകൾ ജയസൂര്യയുടേതായുണ്ട്.
Summary: Jayasurya-Prajesh Sen movie Vellam had a grand success celebration in Thiruvananthapuram. The duo is joining hands for another movie titled 'Meri Avas Suno' which has Manju Warrier playing female lead.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.