തിരുവനന്തപുരം: തന്റെ കഥയും സിനിമയും മോഷ്ടിച്ച് സ്വന്തമായി സിനിമ സംവിധാനം ചെയ്ത കോട്ടയം നസീറിന് ആശംസകളുമായി സംവിധായകൻ സുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് സുദേവൻ കോട്ടയം നസീറിന് ആശംസകൾ നേർന്നത്.
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷമെന്ന് സുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
കോട്ടയം നസീർ സിനിമ അടിച്ചുമാറ്റി; ആരോപണവുമായി പ്രമുഖ സംവിധായകർ
സുദേവൻ സംവിധാനം ചെയ്ത ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗം അതേപടി പകർത്തി കോട്ടയം നസീർ തന്റെ ആദ്യസംവിധാന സംരംഭമായ 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം തയ്യാറാക്കിയതായാണ് ആരോപണം. 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം ഇന്നലെയാണ് കാണാനിടയായതെന്നും തന്റെ സിനിമയുടെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയതെന്നും സുദേവൻ പറയുന്നു. ഇതുപോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല എന്ന് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
സംവിധായകരായ ഡോ ബിജുവും സനൽകുമാർ ശശിധരനും കോട്ടയം നസീറിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു.
സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ശ്രീ :കോട്ടയം നസീർ അറിയുവാൻ .
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല ...എന്ന് വിചാരിക്കുന്നു
എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു
സുദേവൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.