സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 169-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 'ജയിലര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറായാണ് സൂപ്പർ സ്റ്റാർ ചിത്രത്തിലെത്തുന്നത്.
ഡോക്ടര്‍, ഡോണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറും ജയിലറില്‍ ഒരു പ്രധാന വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. ഓഗസ്റ്റ് ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. നടന് ശിവകാര്ത്തികേയന് ഒരു കാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
തലകീഴായി തൂക്കിയിട്ടിരിക്കുന്ന രക്തക്കറയുള്ള ഒരു പാതിമുറിഞ്ഞ കത്തിയാണ് ടൈറ്റില്‍ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.
നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ബീസ്റ്റും നിര്‍മിച്ചത്. 2021 ല്‍ ദീപാവലി റിലീസായെത്തിയ അണ്ണാത്തെയാണ് രജനികാന്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
പതിവായി വിജയ് സിനിമകള്‍ക്ക് ലഭിക്കുന്ന വന്‍ പ്രീ- റിലീസ് ഹൈപ്പ് ബീസ്റ്റിനും ലഭിച്ചിരുന്നു. ഡോക്ടര്‍ എന്ന പ്രേക്ഷകപ്രീതി സൃഷ്ടിച്ച ചിത്രം ഒരുക്കിയ നെല്‍സണ്‍ ദിലീപ്കുമാര് ആണ് സംവിധാനം എന്നതും ആ ഹൈപ്പ് വര്‍ധിപ്പിച്ച ഒരു കാരണമാണ്. എന്നാല്‍ പ്രേക്ഷകരുടെ പ്രിയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസ് വരാന്‍ തുടങ്ങിയതോടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷനും ലഭിച്ചില്ല.
ഇതോടെയാണ് രജനീകാന്തിന്റെ 169ാമത് ചിത്രത്തിന്റെ സംവിധായകനായി പ്രഖ്യാപിച്ചിരുന്ന നെൽസണെ ചിത്രത്തിൽ നിന്ന് മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഈ വാർത്തകളെ പാടെ തള്ളിക്കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.