• HOME
  • »
  • NEWS
  • »
  • film
  • »
  • Urvashi Rautela | ഇറാനിലെ പ്രതിഷേധക്കാർക്കും അങ്കിത ഭണ്ഡാരിക്കും പിന്തുണ; മുടിമുറിച്ച് ബോളിവുഡ് താരം ഉർവശി റൗട്ടേല

Urvashi Rautela | ഇറാനിലെ പ്രതിഷേധക്കാർക്കും അങ്കിത ഭണ്ഡാരിക്കും പിന്തുണ; മുടിമുറിച്ച് ബോളിവുഡ് താരം ഉർവശി റൗട്ടേല

മഹ്സയ്ക്കും അങ്കിതക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണയുമായാണ് ഇപ്പോൾ ഉർവശി രംഗത്തെത്തിയിരിക്കുന്നത്.

  • Share this:
ഇറാനിലെ പ്രതിഷേധങ്ങൾക്കും ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരിക്കും (Ankita Bhandari) പിന്തുണ പ്രഖ്യാപിച്ച് മുടി മുറിച്ച് ബോളിവുഡ് താരം ഉർവശി റൗട്ടേല (Urvashi Rautela). 22കാരിയായ മഹ്സ അമിനിയുടെ (Mahsa Amini) മരണത്തിന് ശേഷമാണ് ഇറാനിൽ പ്രതിഷേധം കത്തിപ്പടർന്നത്. ഇറാനിലെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് സെപ്തംബർ 13ന് ടെഹ്റാനിൽ നിന്നാണ് മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. ലോകമെങ്ങും ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം ഉയരുന്നുണ്ട്. മുടി മുറിച്ച് കൊണ്ടാണ് സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കാളികളാവുന്നത്.

ഇന്ത്യയിലെ ഉത്തരാഖണ്ഡിലാണ് 19കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. മുൻ ബിജെപി നേതാവിൻെറ മകൻ പുൾകിത് ആര്യയും രണ്ട് കൂട്ടാളികളും ചേർന്നാണ് റിസപ്ഷനിസ്റ്റായ അങ്കിതയെ കൊലപ്പെടുത്തിയത്. ഈ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മഹ്സയ്ക്കും അങ്കിതക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണയുമായാണ് ഇപ്പോൾ ഉർവശി രംഗത്തെത്തിയിരിക്കുന്നത്.

“എൻെറ മുടി മുറിച്ചിരിക്കുന്നു. മഹ്സ അമിനിക്ക് വേണ്ടിയും അവൾക്ക് വേണ്ടി തെരുവിൽ പ്രതിഷേധം നടത്തുന്ന ഇറാനിയൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണിത്. ഇറാനിയൻ സദാചാര പോലീസാണ് ഇതിന് ഉത്തരവാദികൾ. ഉത്തരാഖണ്ഡിലെ 19കാരിയായ അങ്കിത ഭണ്ഡാരിക്ക് വേണ്ടിയും ഞാനിത് സമർപ്പിക്കുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിയൻ സർക്കാരിനെതിരെ മുടി മുറിച്ച് പ്രതിഷേധിക്കുന്നതിൽ അണിചേരുകയാണ്. ഇത് സ്ത്രീകളുടെ വിപ്ലവത്തിൻെറ ആഗോള ചിഹ്നമാണ്!,” മുടി മുറിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത് കൊണ്ട് ഉർവശി കുറിച്ചു.

Also read : ഹിജാബിനെതിരെ ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധം എന്തുകൊണ്ട്? വസ്ത്രസ്വാതന്ത്ര്യവും ചരിത്രവും

“സ്ത്രീകളുടെ സൗന്ദര്യത്തിൻെറ പ്രതീകമാണ് മുടി. സമൂഹത്തിൻെറ സൗന്ദര്യ സങ്കൽപ്പങ്ങളൊന്നും തന്നെ തങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന പ്രഖ്യാപനമാണ് മുടി മുറിച്ച് കളയുന്നതിലൂടെ സ്ത്രീകൾ നടത്തുന്നത്. സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്. സ്ത്രീകൾ ഒത്തൊരുമിച്ച് സ്ത്രീകളുടെ വിഷയങ്ങൾക്കായി ഒന്നിച്ച് ഇറങ്ങിത്തുടങ്ങിയാൽ ഫെമിനിസം വലിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട,” അവർ കൂട്ടിച്ചേർത്തു.

Also read : ഇറാനിലെ ഹിജാബ് വിരുദ്ധ സമരം; കൊല്ലപ്പെട്ട സഹോദരന്റെ മൃതദേഹത്തിൽ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് യുവതി

ഓസ്കാർ പുരസ്കാര ജേതാക്കളായ മാരിയോൺ കോട്ടില്ലാർഡ്, ജൂലിയറ്റ് ബിനോഷെ തുടങ്ങിവരെല്ലാം ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ സ്ത്രീകൾ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമൊക്കെയാണ് സദാചാര പോലീസിനെതിരെ പ്രതിഷേധം അറിയിക്കുന്നത്. പലരും ഈ പ്രതിഷേധങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ത്രീകൾ പുരുഷന്മാരുടെ വേഷം ധരിച്ചും പ്രത്യക്ഷപ്പെടുന്നുണ്ട്.

ആരോഗ്യവതിയായിരുന്ന അമിനി, അറസ്റ്റിലായതിനു ശേഷം ഏതാനും മണിക്കൂറുകൾക്ക് ശേഷം കോമയിൽ ആശുപത്രിയിലെത്തിയതായി അമിനിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഇറാൻ വയർ വെബ്‌സൈറ്റും ഷാർഗ് പത്രവും ഉൾപ്പെടെയുള്ള പേർഷ്യൻ ഭാഷാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തുന്നതിനും ആശുപത്രിയിലേക്ക് പോകുന്നതിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമിനിയുടെ തലക്ക് അടിയേറ്റിരുന്നു എന്നാണ് ഇറാനിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്ന 1500 തവ്‌സിർ എന്ന ചാനൽ റിപ്പോർട്ട് ചെയ്തത്.
Published by:Amal Surendran
First published: