ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ നേരം വെളുപ്പിച്ച ദിവസമാണ് കടന്നു പോയത്. അവൾ മടങ്ങി വരുന്നത് കാണാനായിരുന്നു എല്ലാവരും കൊതിച്ചത്. എന്നാൽ പുലർച്ചെയെത്തിയതാകട്ടെ, കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ദേവനന്ദ ഈ ലോകത്തോട് വിടപറഞ്ഞ വാർത്തയും. ദേവനന്ദയെ തിരയാൻ സിനിമാ ലോകവും ഒപ്പം നിന്നും.
ഒരമ്മക്കും ചിന്തിക്കാൻ പോലുമാവാത്ത ആ ദുഃഖവാർത്ത കൊണ്ട് മുറിവേറ്റവരിൽ സുപ്രിയ മേനോനുമുണ്ട്, പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവും എന്നതിലുപരി അലംകൃതയുടെ അമ്മയെന്ന നിലയിലാണ് സുപ്രിയ ഇവിടെ. ഇനിയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ദേവനന്ദയുടെ ചിത്രത്തോടൊപ്പം സുപ്രിയ തന്റെ വേദന കുറിക്കുന്നു. ദേവനന്ദ എന്ന് പറയുന്നതിന് മുൻപ് പൊന്നു എന്ന ഓമനപ്പേരാണ് ഈ അമ്മയും കുറിക്കുന്നത്.
"പൊന്നു (ദേവനന്ദ) എന്ന ആറു വയസ്സുകാരി ഇനിയില്ല. ഒരഞ്ചു വയസ്സുകാരിയുടെ അമ്മയെന്ന നിലയിൽ, അവളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മനോവിഷമം എന്തെന്ന് ചിന്തിക്കാൻ പോലുമാവില്ല. കുഞ്ഞേ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ ഘട്ടം തരണം ചെയ്യാൻ നിന്റെ അച്ഛനമ്മമാർക്ക് ഈശ്വരൻ കരുത്ത് പകരട്ടെ," സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയെ കഴിഞ്ഞദിവസം വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെയാണ് കാണാതായത്. വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് കാണാതായത്. ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞത്. തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന കാര്യം മനസിലായത്. അയൽ വീട്ടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തിക്കരയാറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.