മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും സംവിധായകൻ ജയരാജും 26 വർഷത്തിന് ശേഷം പുതിയ സിനിമയ്‌ക്കായി ഒന്നിക്കുന്നു. 1997-ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രം സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. ഇപ്പോൾ താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ഒരു പെരുങ്കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
പെരുവണ്ണാന്‍ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി തന്നെയാണ് പുതിയ സിനിമയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ‘ജയരാജിന്റെ അടുത്ത ചിത്രത്തിൽ പെരുവണ്ണനായുള്ള രൂപാന്തരം’ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കുവച്ചത്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരാണ് താരനിരയിലെ മറ്റുപ്രമുഖര്‍. ചിത്രത്തിന് കളിയാട്ടം എന്ന തന്റെ മുന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
“തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനും സുരേഷ് ഗോപിയും ഒന്നിക്കുന്നു. ഒരു പെരുങ്കളിയാട്ടം. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും.” ജയരാജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jayaraj director, Kaliyattam, Malayalam movie, Suresh Gopi