ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സുശാന്തിന് വിഷാദരോഗമുള്ളതായി അറിയില്ലെന്നായിരുന്നു കുടുംബം നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്ന ചാറ്റാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുശാന്തും സഹോദരി പ്രിയങ്കയും തമ്മിലുള്ള ചാറ്റാണ് പുറത്തു വന്നത്. ജൂൺ എട്ടിന് സുശാന്തും സഹോദരിയും തമ്മിലുള്ള സംഭാഷണമാണിത്. ഈ സമയത്ത് റിയ ചക്രബർത്തിയും സുശാന്തിനൊപ്പം മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ലിബ്രിയം, നെക്സിറ്റോ തുടങ്ങിയ മരുന്നുകൾ കഴിക്കാൻ സുശാന്തിനോട് പ്രിയങ്ക നിർദേശിക്കുന്നതാണ് ചാറ്റിലുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ കഴിക്കാൻ ലോണാസെപ് എന്ന മരുന്നും സൂക്ഷിക്കാൻ പറയുന്നുണ്ട്.
എന്നാൽ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ ലഭിക്കില്ലെന്ന് സുശാന്ത് മറുപടി നൽകുന്നു. പിന്നീട് പ്രിയങ്ക തന്നെ സുശാന്തിന് കുറിപ്പടി അയച്ചു നൽകുന്നു.
മുംബൈയിൽ ഏറ്റവും മികച്ച ഡോക്റെ സമീപിക്കാൻ തന്റെ സുഹൃത്തായ ഡോക്ടർ സഹായിക്കുമെന്നും ഇക്കാര്യം പുറത്തറിയില്ലെന്നും പ്രിയങ്ക സുശാന്തിനോട് പറയുന്നു.
നേരത്തേ, റിയ ചക്രബർത്തിയാണ് സുശാന്തിന് മരുന്നുകൾ നൽകിയിരുന്നതെന്നും സുശാന്തിന്റെ രോഗത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു കുടുംബം പ്രതികരിച്ചിരുന്നത്. എന്നാൽ സഹോദരിയുമായുള്ള സുശാന്തിന്റെ ചാറ്റ് പുറത്തു വന്നതോടെ കേസ് കൂടുതൽ സങ്കീർണമാകുകയാണ്.
ജൂൺ എട്ടിന് രാവിലെ പത്ത് മണിക്ക് ഇരുവരും നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നത്. ഇതേ ദിവസം ഉച്ചയ്ക്ക് 12 ശേഷമാണ് റിയ ചക്രബർത്തി സുശാന്തിന്റെ ഫ്ലാറ്റിൽ നിന്നും പോകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.