മീര നായർ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് മിനി സീരീസ് 'എ സ്യൂട്ടബിൾ ബോയ്'ലെ ചുംബന രംഗം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. അമ്പലത്തിന്റെ പരിസരത്ത് യുവ നായകനും നായികയും (ടാന്യ, ധനേഷ്) ചുംബിക്കുന്ന രംഗമാണ് ഉള്ളടക്കത്തിലുണ്ടായിരുന്നത്.
ചിത്രം പ്രക്ഷേപണം ചെയ്ത നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കാൻ നടക്കുന്ന പ്രചരണത്തിനെതിരെ നടി സ്വര ഭാസ്കർ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. "കത്വയിൽ ഒരു എട്ടുവയസ്സുകാരി അമ്പലത്തിനുള്ളിൽ കൂട്ടബലാത്‌സംഗത്തിന് ഇരയായപ്പോൾ എന്താണ് നിങ്ങളുടെ ചോര തിളക്കാഞ്ഞത്, ആത്മാവ് വിറങ്ങലിക്കാത്തത്? എങ്കിൽ ക്ഷേത്രത്തിൽ ചുംബിക്കുന്ന കല്‍പനാസൃഷ്‌ടമായ ഒരു രംഗത്തിന്മേൽ രോഷാകുലരാവാൻ നിങ്ങൾക്ക് അവകാശമില്ല," സ്വര ട്വീറ്റ് ചെയ്തു.
2018ൽ കത്വ കൂട്ടബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ദാരുണമായി മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ സ്വര തന്റെ നിശബ്ദ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു പ്ലക്കാർഡ് പിടിച്ചു നിന്ന ചിത്രം പോസ്റ്റ് ചെയ്താണ് സ്വര തന്റെ അമർഷം രേഖപ്പെടുത്തിയത്.
If the actual #Kathua gangrape of an 8 year old child inside a temple didn’t make your blood boil and soul shrivel; you have no right to be offended about a fictionalised depiction of a kiss in a temple. #fact #ASuitableBoy #BoycottNetflixIndia
— Swara Bhasker (@ReallySwara) November 25, 2020
ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം ഈ സീരീസിനെതിരെ പ്രതിഷേധമുയർത്തിയത്. ചിത്രത്തിൽ ഹൈന്ദവ വിശ്വാസിയായ നായിക ഒരു ക്ഷേത്രപരിസരത്തു വച്ച് കാമുകനായ അന്യമതസ്ഥനെ ചുംബിക്കുന്നതാണ് പ്രകോപനത്തിന് കാരണം.
ഈ രംഗം പ്രചരിക്കാൻ തുടങ്ങിയതോടെ പ്രകോപിതരായ ഒരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ സ്റ്റോറി പ്ലോട്ട് പഴയപടിയാക്കുകയും ചുംബന രംഗം ഒരു പള്ളിയിൽ ചിത്രീകരിക്കുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചു വിമർശനമുയർത്തി. ക്ഷേത്രത്തിൽ രംഗം ചിത്രീകരിച്ചതിൽ ബി.ജെ.പി. നേതാവ് ഗൗരവ് തിവാരി ചലച്ചിത്ര പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു.
വിക്രം സേത്ത് രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സീരീസാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BoycottNetflix, Mira Nair, Netflix, Swara Bhaskar