• News
 • World Cup 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

അഞ്ചു വർഷമായി ആവിഷ്കാര സ്വാതന്ത്ര്യത്തിന് കാത്തിരിക്കുന്ന 'പിതാവിനും പുത്രനും'

news18india
Updated: July 23, 2018, 7:21 PM IST
അഞ്ചു വർഷമായി ആവിഷ്കാര സ്വാതന്ത്ര്യത്തിന് കാത്തിരിക്കുന്ന 'പിതാവിനും പുത്രനും'
news18india
Updated: July 23, 2018, 7:21 PM IST
#ന്യൂസ് 18 മലയാളം സിനിമ ഡെസ്ക്

തിരുവനന്തപുരം: എസ് ഹരീഷിന്‍റെ നോവൽ 'മീശ' പിൻവലിക്കപ്പെട്ടതിനെതുടർന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോൾ അഞ്ചുവർഷത്തിലധികമായി സെൻസർ സർട്ടിഫിക്കറ്റ് കാത്തിരിക്കുകയാണ് സംവിധായകൻ ടി ദീപേഷ് ഒരുക്കിയ 'പിതാവിനും പുത്രനും'.

പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞിട്ടും ഇതുവരെ പ്രദർശനാനുമതി കിട്ടിയിട്ടില്ല. കന്യാസ്ത്രി മഠത്തിന്‍റെ ഏകാന്തതയിൽ നിന്ന് സന്യാസ ജീവിതത്തിന്‍റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു യുവതികളുടെ കഥ പറയുന്ന ചിത്രമാണ് 'പിതാവിനും പുത്രനും'. എന്നാൽ, ക്രൈസ്തവവികാരം വ്രണപ്പെടും എന്ന കാരണത്താലാണ് സെൻസർബോർഡ് ഈ ചിത്രം പെട്ടിയിലാക്കിയത്. ഇത്തവണത്തെ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ദീപേഷ് ആവിഷ്കാര സ്വാത്ര്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ സജീവമായ സമയത്ത് തന്‍റെ ചിത്രത്തിനു വേണ്ടി എന്തൊക്കെ ചെയ്തെന്ന് ന്യൂസ് 18 മലയാളത്തിനോട് സംസാരിക്കുന്നു.


 • സിനിമയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ എവിടെയെങ്കിലും പരാതി നൽകിയിട്ടുണ്ടോ?


ദീപേഷ്: ഇനി ഒരു പരാതി നൽകിയിട്ടും കാര്യമില്ല. സിനിമ റീലീസ് ചെയ്ത് രണ്ട് അല്ലെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ മാത്രമാണ് പരാതിയുമായി റിവേഴ്സിങ് കമ്മിറ്റിയെ സമീപിക്കാൻ അവകാശമുള്ളൂ. ആ സിനിമ മരിച്ച കുട്ടിയാണ്, ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് കാര്യമില്ലല്ലോ. ഈ വിഷയം വന്നപ്പോൾ നിർമാതാക്കളെല്ലാം നിശ്ശബ്ദരായി. നിർമാതാവ് ഷാജി കണ്ണമ്പത്ത് ഉൾപ്പെടെയുള്ളവർ പിന്നോട്ടു പോയി. സിനിമയ്ക്കെതിരെ ഒരു ആരോപണം വന്നപ്പോൾ നിർമാതാക്കൾ തന്നെ പടം പിൻവലിച്ചു. പിൻവലിച്ചു എന്നു പറഞ്ഞാൽ സിനിമ റിലീസ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോയില്ല. പിൻവലിപ്പിച്ചു എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.
Loading... • സംവിധായകൻ എന്ന നിലയിൽ സിനിമയ്ക്കു വേണ്ടി താങ്കൾ എന്തെങ്കിലും ചെയ്തോ ?


സർക്കാരിനെ സംബന്ധിച്ചിടത്തോളം സിനിമ നിർമാതാവിന്‍റേതാണ്. സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് സംവിധായകന് ഒന്നും ചെയ്യാൻ കഴിയില്ല. സംവിധായകന് അതിനകത്ത് നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ല. സെൻസറുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. നിർമാതാവായ ഷാജി കണ്ണമ്പത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വന്നപ്പോൾ സിനിമയുമായി മുന്നോട്ടു പോകാൻ തയ്യാറല്ലാതെ പിൻവാങ്ങുകയായിരുന്നു. പിൻവാങ്ങാൻ പ്രേരിപ്പിക്കപ്പെട്ടു എന്നു വേണമെങ്കിലും പറയാലോ.

ഒരു ഗ്ലാസിനകത്ത് പകുതി വെള്ളമുണ്ടെങ്കിൽ പകുതി വെള്ളമുണ്ടെന്നും പകുതി വെള്ളമില്ലെന്നും വാദിക്കാവുന്ന ഒരു സെൻസർ സംവിധാനമാണ് നമുക്കുള്ളത്. ആ സിനിമയുമായി മുന്നോട്ടു പോകണമെന്ന് തന്നെയാണ് തന്‍റെ അഭിപ്രായം. എന്നാൽ, നിയമപരമായി ആ സിനിമയിൽ ഒന്നും ചെയ്യാനില്ലാത്തതിനാൽ നിർമാതാക്കളെല്ലാം മറ്റൊരു സിനിമ ആലോചിക്കുന്ന അവസ്ഥയിലേക്ക് എത്തി.

 • അതായത് ഇനി നിയമപരമായി ഒരു സാധ്യതയും ഇല്ല എന്നാണോ? സെൻസർ ചെയ്യാത്തിടത്തോളം കാലം റിലീസ് ചെയ്യാൻ കഴിയില്ലല്ലോ .


അതു തന്നെയാണ് അവർ ഉദ്ദേശിച്ചത്. നിയമത്തെ മറ്റൊരു രീതിയിൽ ഉപയോഗിച്ച് സിനിമയെ കൊന്ന് കൈയിൽ തന്നു.

 • ഇതിനെതിരെ നിങ്ങൾ കോടതിയെ സമീപിക്കുമോ ?


അഡ്വ. രാം കുമാറുമായി ബന്ധപ്പെട്ട് സിനിമയുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകാൻ ചില കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. ഇപ്പോൾ, അത് പൊതുവേദിയിൽ പറയാൻ ബുദ്ധിമുട്ടുണ്ട്, അതുകൊണ്ടാണ്.

 • അതായത് സിനിമയുമായി ബന്ധപ്പെട്ട് നിങ്ങൾ വീണ്ടും മുന്നോട്ടു പോകും, കോടതിയെ സമീപിക്കുമോ


പരാതിയും കൊടുക്കും കോടതിയെയും സമീപിക്കും. അതായത്, രാഷ്ട്രീയഭാഷയിൽ പറഞ്ഞാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അതിന്‍റെ ജോലി കഴിഞ്ഞ അഞ്ചുവർഷമായി നടന്നു കൊണ്ടിരിക്കുകയാണ്. മൃഗീയമായ വെട്ടുകളേറ്റു കിടക്കുകയാണ് സിനിമ. അതുകൊണ്ടു തന്നെ അതിനെ ചികിത്സിച്ചു ശരിയാക്കിയെടുക്കാൻ സമയമെടുക്കും. • നേരിട്ട് കോടതിയെ സമീപിക്കുമോ ?


റിവേഴ്സിങ് കമ്മിറ്റിക്ക് പരാതി നൽകും, അതു കഴിഞ്ഞാൽ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണലിന് പരാതി നൽകും. അവരും തള്ളിയാൽ മാത്രമേ, കോടതിയെ സമീപിക്കുകയേ ഉള്ളൂ. കോടതിയും തള്ളിയാൽ ജനങ്ങളുടെ അടുത്ത് പോകാം.

 • കഴിഞ്ഞ അഞ്ചുവർഷമായിട്ട് എന്താണ് റിവേഴ്സിങ് കമ്മിറ്റിയിൽ നിന്ന് വിധി വരാൻ താമസം


അവർ ഫയലെടുക്കാനുള്ള താമസം, ഫയൽ കൊടുക്കാനുള്ള താമസം. ഒരുപാട് ഫണ്ടുകൾ അതിനും വേണം. അതിന്‍റെയൊക്കെ താമസം നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

 • റിവേഴ്സിങ് കമ്മിറ്റിയിലേക്ക് പരാതി പോയിട്ടുണ്ടോ ?


റിവേഴ്സിങ് കമ്മിറ്റിയുടെ മുമ്പിലാണ് ഇപ്പോൾ സിനിമയുള്ളത്.

 • എത്ര വർഷമായി കമ്മിറ്റിക്ക് പരാതി നൽകിയിട്ട്


പരാതി നൽകിയിട്ട് ഇപ്പോൾ എന്തായാലും ഒന്നൊന്നര വർഷമായിട്ടുണ്ട്. പലതവണകളായി വിളിപ്പിച്ചു. എന്തായാലും. രണ്ടുമൂന്നു മാസത്തിനുള്ളിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനപ്പുറം പോകൂല.

പുരോഗമനപരമായി ചിന്തിക്കുന്നവരും ഈ സിനിമയ്ക്ക് വേണ്ടി തനിക്കൊപ്പം നിൽക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സംസഥാന പുരസ്‌കാര വേദിയിൽ മുഖ്യാതിയായി മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ നിവേദനം നൽകിയ 105 സാംസ്‌കാരിക പ്രവർത്തകരിൽ ഒരാൾ കൂടിയായ ദീപേഷ് പറഞ്ഞു.

ബല്‍റാം മട്ടന്നൂരിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിൽ സണ്ണിവെയ്ൻ, ഹണി റോസ്, വി കെ പ്രകാശ്, സത്താർ, ശാരി എന്നിവർ ആയിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. എല്‍സിറ്റ, ജസീന്ത എന്നീ പേരുകളുള്ള രണ്ട് കന്യാസ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി നന്മതിന്മകളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ നിർമാണ ചെലവ് 1.75 കോടി രൂപയായിരുന്നു.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...