മുംബൈ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് താണ്ഡവ് വെബ് സീരിസിന്‍റെ അണിയറ പ്രവർത്തകർ. ചിത്രം പൂർണ്ണമായും ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണ്. അതിന് ഏതെങ്കിലും വ്യക്തികളോടോ സംഭവങ്ങളോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തീർത്തും യാദൃശ്ചികം മാത്രമാണെന്നാണ് ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള പ്രസ്താവനയിൽ അണിയറ പ്രവർത്തകർ പറയുന്നത്. ഏതെങ്കിലും വ്യക്തികളെയോ മതവിഭാഗത്തെയോ വിശ്വാസങ്ങളെയോ രാഷ്ട്രീയ പാർട്ടികളെയോ മനപ്പൂർവ്വം അധിക്ഷേപിക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
ആളുകളുടെ ആശങ്കകൾ ഞങ്ങൾ മനസിലാക്കുകയാണ്. മനപൂർവം അല്ലാതെ ഞങ്ങൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നു എന്നും അണിയറ പ്രവര്‍ത്തകർ പ്രസ്താവനയിൽ പറയുന്നു. ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യുന്ന താണ്ഡവ് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് വിവാദങ്ങൾ ശക്തമായിരിക്കുകയാണ്. ബിജെപി നേതാക്കൾ അടക്കം പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് അണിയറ പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
താണ്ഡവ് അണിയറ പ്രവർത്തകർ പുറത്തിറിക്കിയ ഔദ്യോഗിക പ്രസ്താവന:
'താണ്ഡവ്' വെബ് സീരിസുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതികരണങ്ങൾ ഞങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ ഇൻഫോർമഷേൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവുമായി നടത്തിയ ഒരു ചര്‍ച്ചയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കളും ഉയർന്നതായി അറിഞ്ഞു. വെബ് സീരിസിന്‍റെ ഉള്ളടക്കങ്ങൾ ചില ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്നതടക്കം നിരവധി പരാതികളാണ് ഉയർന്നത്.
താണ്ഡവ് എന്ന വെബ് സീരിസ് പൂർണ്ണമായും ഒരു സാങ്കൽപ്പിക സൃഷ്ടിയാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും വ്യക്തികളോടോ സംഭവങ്ങളോടെ സാമ്യം തോന്നിയാൽ അത് തീർത്തും യാദൃശ്ചികം മാത്രമാണ്. ഏതെങ്കിലും വ്യക്തികളെയോ മതവിഭാഗത്തെയോ വിശ്വാസങ്ങളെയോ രാഷ്ട്രീയ പാർട്ടികളെയോ മനപ്പൂർവ്വം അധിക്ഷേപിക്കാനുള്ള ഉദ്ദേശം അഭിനേതാക്കള്‍ക്കോ അണിയറ പ്രവർത്തകർക്കോ ഉണ്ടായിരുന്നില്ല. എങ്കിലും ആളുകളുടെ ആശങ്കകൾ ഞങ്ങൾ മനസിലാക്കുകയാണ്. മനപൂർവം അല്ലാതെ ഞങ്ങൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon Prime Video, Bjp, Ministry of I and B, Saif Ali Khan, Tandav web series, ബിജെപി