• HOME
  • »
  • NEWS
  • »
  • film
  • »
  • ടിക്കറ്റിന് വിനോദനികുതി: ആശങ്കയിൽ സിനിമാലോകം

ടിക്കറ്റിന് വിനോദനികുതി: ആശങ്കയിൽ സിനിമാലോകം

ടിക്കറ്റ് നിരക്ക് കൂടുന്നത് പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിൽ നിന്നകറ്റുമെന്നാണ് ആശങ്ക

theatre

theatre

  • News18
  • Last Updated :
  • Share this:
    സംസ്ഥാന ബജറ്റിൽ സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ചുമത്താൻ തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ചത് തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിനിമാമേഖല. നിലവിലുള്ള 18 ശതമാനം ജിഎസ്ടിക്ക് പുറമെ തദ്ദേശസ്ഥാപനങ്ങളുടെ പത്ത് ശതമാനം നികുതികൂടിയാകുമ്പോൾ ടിക്കറ്റ് നിരക്ക് കൂടും. ഇത് പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിൽ നിന്നകറ്റുമെന്നാണ് ആശങ്ക. നേരത്തെ തദ്ദേശസ്ഥാപനങ്ങൾ 25 ശതമാനം വരെ വിനോദനികുതി ഈടാക്കിയിരുന്നു. ജിഎസ്ടി വന്നപ്പോൾ ഇതൊഴിവാക്കിയതാണ്. 100 രൂപവരെയുള്ള ടിക്കറ്റിന് 18 ശതമാനവും അതിനുമുകളിൽ 28 ശതമാനവുമാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. ടിക്കറ്റ് നിരക്ക് കൂടിയതോടെ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞു. ഇതോടെ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ മേഖല ഒറ്റക്കെട്ടായി ധനമന്ത്രിയെ സമീപിച്ചു. ജിഎസ്ടി കൗൺസിലിൽ മറ്റു സംസ്ഥാനങ്ങളും പിന്തുണച്ചതോടെ നികുതി നിരക്ക് കുറച്ചു. 28 ശതമാനം 18 ആയും 18 ശതമാനം 12 ശതമാനമായുമാണ് കുറച്ചത്. പത്തുശതമാനം നികുതി പിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് വീണ്ടും അനുമതി നൽകുന്നതോടെ 12 ശതമാനം 22 ആയും 18 ശതമാനം 28 ആയും ഉയരും.

    സിനിമാ സംഘടനകൾ പറയുന്നത്

    സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിയ ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. തീരുമാനം സിനിമ വ്യവസായത്തിന് തിരിച്ചടിയാണെന്നും ഇടത് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. തീരുമാനത്തിനെതിരെ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് നിർമാതാവും സിനി എക്‌സിബിറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പത്ത് ശതമാനം വര്‍ധന സാധാരണക്കാരെ സംബന്ധിച്ചടത്തോളം വലിയൊരു തുകയായി മാറും. കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നും അകലും. ഈ തീരുമാനം മലയാളസിനിമയെ തകര്‍ക്കാനെ ഉപകരിക്കൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

    സർക്കാർ പ‌റയുന്നത് ഇങ്ങനെ

    മുൻപുണ്ടായിരുന്ന നികുതി കുറച്ചതോടെ വരുമാനം കുറഞ്ഞുവെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് പ്രയോജനമില്ലാതെയായെന്നും സർക്കാർ പറയുന്നു. ഇതാണ് വിനോദനികുതി പുനഃസ്ഥാപിക്കാൻ കാരണം. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദനികുതി ചുമത്താനുള്ള അവകാശം പഞ്ചായത്തുകള്‍ക്കു നല്‍കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും വെറും ബഹളം വെപ്പാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. വരുന്ന ഏപ്രിൽ ഒന്നുവരെ 100 രൂപയ്ക്കു മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. അത് ഏപ്രിൽ മുതല് 18 ശതമാനമായി താഴും. കുറയുന്ന പത്തു ശതമാനം പഞ്ചായത്തുകള്‍ വിനോദ നികുതി ഇനത്തില് ഈടാക്കും. അപ്പോഴെങ്ങനെയാണ് ടിക്കറ്റ് വില വര്‍ദ്ധിക്കുക. ഉപഭോക്താവ് മുടക്കുന്ന തുകയില്‍ ഒരു വ്യത്യാസവുമില്ലല്ലോ. നേരത്തെ ജിഎസ്ടി ആയി നല്‍കിയത് പഞ്ചായത്തിനു നല്‍കേണ്ടി വരും. ഉപഭോക്താവു മുടക്കുന്ന തുകയില്‍ ഒരു വ്യത്യാസവും വരുന്നില്ല. അപ്പോഴെങ്ങനെയാണ് സിനിമാ വ്യവസായം പ്രതിസന്ധിയിലാവുക. കാര്യമറിയാതെയാണ് ഇക്കാര്യത്തിലെ വിമർശനങ്ങളെന്നും മന്ത്രി പറയുന്നു.
    First published: