നടന് പൃഥ്വിരാജ് ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ വിജയ് എന്ന താരത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് 'ഓരോ വിജയ് സിനിമ ഇറങ്ങുമ്പോഴും ഒരു സിനിമ ഇന്‍ഡസ്ട്രിയുടെ വിപണനമൂല്യമാണ് മാറുന്നത്' . അത്രത്തോളമാണ് വിജയ് എന്ന താരത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് വിജയ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിച്ച ചിത്രം ഒരു മുഴുനീള എന്റര്‍ടൈനറാണ്. ആക്ഷനും കോമഡിയും ഒരു പോലെ ഉപയോഗിച്ച ചിത്രം തീര്‍ച്ചയായും മികച്ച തിയേറ്റര്‍ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
വീരരാഘവനായി വിജയ് വീണ്ടും രക്ഷക വേഷത്തില്‍..വിജയ് സിനിമകളുടെ സ്ഥിരം ശൈലിയായ നായകന്റെ രക്ഷക പരിവേഷത്തില്‍ നിന്നും ബീസ്റ്റിനും വലിയ വ്യത്യാസമൊന്നും പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും സംവിധായകന്റെ ശൈലിക്കൊത്ത് തന്റെ പ്രകടനം മാറ്റുന്നതിനായി ബീസ്റ്റിലൂടെ വിജയ് ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. വീരരാഘവന് എന്ന മുന്‍ റോ ഏജന്റിന്റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന് വീരരാഘവന് യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന് മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
കഥയില്‍ പുതുമയൊന്നും കാണാനാകില്ലെന്നും രണ്ടര മണിക്കൂര്‍ സമയം പ്രേക്ഷകനെ എന്റര്‍ടൈന്‍ ചെയ്യിക്കാനുള്ള ഘടകങ്ങള്‍ സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാര്‍ സിനിമയില്‍ ഉടനീളം ഒരുക്കിയിട്ടുണ്ട്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. കഥ ആവശ്യപ്പെടുന്ന തരത്തില്‍ വളരെ അനായാസം സംഘടന രംഗങ്ങള്‍ ഒരുക്കുന്നതില്‍ സ്റ്റണ്ട് മാസ്റ്റര്‍ അന്പ് അറിവും അവതരിപ്പിക്കുന്നതില്‍ വിജയും വിജയിച്ചിട്ടുണ്ട്.
നെല്‍സണ്‍ ദിലീപ് കുമാറിന്റെ മുന്‍ ചിത്രങ്ങളിലെത് പോലെ കോമഡിക്ക് വലിയ പ്രാധാന്യം ബീസ്റ്റിലും നല്‍കിയിട്ടുണ്ട്. എന്നാല്‍ ത്രില്ലിങ് മൂഡിലേക്ക് ചിത്രം കടക്കുമ്പോഴെല്ലാം ഇടയ്ക്കിടെ വരുന്ന കോമഡി രംഗങ്ങള്‍ കല്ലുകടിയായി എന്നത് വസ്തുതയാണ്. ട്രെയിലറില്‍ കണ്ടത് പോലെ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറിന്റെ സ്വഭാവമല്ല സിനിമയ്ക്ക് ഉള്ളത്. ആക്ഷനും കോമഡിയും ഇടകലര്‍ത്തിയുള്ള ശൈലിയാണ് ചിത്രത്തില്‍ ഉടനീളം കാണാനാവുക.
നായകന്റെ അഴിഞ്ഞാട്ടമാണ് സിനിമയില്‍ ഉടനീളം. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗ് കൊണ്ടും വിജയ് കൈയ്യടി നേടുന്നുണ്ടെങ്കിലും കോമഡി സീനുകളില്‍ വിജയുടെ പ്രകടനം മികച്ചതായി തോന്നിയില്ല. ആദ്യ ചിത്രമായ മുഖംമൂടിയ്ക്ക് ശേഷം വീണ്ടും തമിഴില്‍ തിരിച്ചെത്തിയ നായിക പൂജ ഹെഗ്ഡെ സിനിമയില്‍ ഉടനീളം ഇടം പിടിച്ചിട്ടുണ്ട്. ഗാന രംഗങ്ങളില്‍ 'ഡാന്‍സര്‍' വിജയിക്കൊപ്പം പിടിച്ചുനില്ക്കാന് പൂജ ഹെഗ്ഡെക്ക് കഴിഞ്ഞിട്ടുണ്ട്. ഹാസ്യരംഗങ്ങളും മികച്ചതാക്കി.
മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും സിനിമയില്‍ വന്നു പോകുന്നുണ്ടെങ്കിലും എടുത്ത് പറയാന്‍ കഴിയുന്ന പ്രകടനമായി തോന്നിയില്ല. യോഗി ബാബു, വിടിവി ഗണേഷ്, സംവിധായകന് ശെല്വരാഘവന്, റെഡിന് കിങ്സ്ലി എന്നിവരും മികച്ച പ്രകടനം നടത്തി.
തിരക്കഥയുടെ പോരായ്മ സിനിമയില്‍ പലയിടത്തും എടുത്ത് നില്ക്കുന്നതായി കാണാം. നെല്‍സന്റെ മുന്‍ ചിത്രമായ ഡോക്ടറിന്റെതിന് സമാനമായ ശൈലിയിലാണ് ബീസ്റ്റിന്റെയും അവതരണം. അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയെ മികച്ചതാക്കാന്‍ സഹായിക്കുന്നുണ്ട്. മനോജ് പരമഹംസയുടെ ക്യാമറയും നിര്‍മ്മലിന്റെ എഡിറ്റിങ്ങും സിനിമയുടെ അവതരണത്തില്‍ നിര്‍ണായകമായി,
ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം പറയുന്ന പതിവ് വിജയ് സിനിമകളില്‍ നിന്നും വിഭിന്നമല്ല ബീസ്റ്റും. തീവ്രവാദവും അധികാര രാഷ്ട്രീയവും ഉപയോഗിച്ച് ഭരണം നേടുന്ന രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതിനും ബീസ്റ്റില്‍ വിജയ് ഇടം കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ കണ്ട വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ നായകനും അണിയറ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും വിജയിച്ചെന്ന് പറയാന്‍ കഴിയില്ല. വിജയ് ആരാധകരെ എത്രത്തോളം ചിത്രം തൃപ്ത്തിപ്പെടുമെന്നും കണ്ടറിയണം. പതിവ് മാസ് ഹീറോ ശൈലിയില്‍ വിജയിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണ് ബീസ്റ്റ് സമ്മാനിക്കുന്നത്. പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവെച്ച് ആസ്വദിക്കാനുള്ള മനസുമായി തിയേറ്ററിലെത്തിയാല്‍ ഏതൊരു പ്രേക്ഷനെയും തൃപ്തിപ്പെടുത്തും വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികളെ അപേക്ഷിച്ച് തമിഴ് പ്രേക്ഷകര്‍ക്ക് ബീസ്റ്റ് കുറച്ചുകൂടി ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.