കോഴിക്കോട്: കേരള സ്റ്റോറി സിനിമ വലിയ വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള കളിയാണെന്നും കേരള സർക്കാർ ഈ നുണബോംബ് നിർവീര്യമാക്കി സംഘ് പരിവാർ അജണ്ട പൊളിക്കണമെന്ന് കെഎൻഎം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി. ഫാഷിസം തലക്ക് മീതെ നിൽക്കുമ്പോൾ സ്വന്തം സമുദായത്തിലെ തീവ്രവാദചിന്തകൾക്കെതിരെ മൗനം പാലിക്കുന്നതും അത്യന്തം അപരാധമാണ്. ഫാഷിസത്തെ തോല്പിച്ചിട്ട് മാത്രമേ സ്വന്തം സമുദായത്തിലെ തീവ്രവാദത്തെ തള്ളിപറയൂ എന്ന രീതിയും ശരിയല്ല. എല്ലാ വർഗ്ഗീയവാദങ്ങളും എതിർക്കപ്പെടേണ്ടതു തന്നെയാണെന്നും അബ്ദുൽ മജീദ് സ്വലാഹി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കേരളത്തിന്റെ സൗഹാർദന്തരീക്ഷം തകർക്കുകയെന്നത് എല്ലാ വർഗീയ വാദികളുടെയും ലക്ഷ്യമാണ്. കേരളം ശാന്തമാകുമ്പോൾ അവരുടെ അജണ്ടകൾ വിറ്റു പോകില്ലെന്ന് വർഗീയവാദികൾക്കും തീവ്ര ഗ്രൂപ്പുകൾക്കും നന്നായി അറിയാം. അതിനാൽ അപരനെ ചൂണ്ടി, കണ്ടില്ലേ അവർ ഒരുങ്ങുന്നു ഇസ്‌ലാമിക രാജ്യമാക്കാൻ, കണ്ടില്ലേ അവർ ഇന്ത്യയെ അങ്ങനെയാക്കാൻ പോകുന്നു…. ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു മൈലേജ് വർധിപ്പിക്കുന്ന കലാ പരിപാടികളാണ് ഇവിടെ നിരന്തരം നടക്കുന്നത്.
കേരള സ്റ്റോറി വലിയ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള കളിയാണ്. കേരള സർക്കാർ ഈ നുണ ബോംബ് നിർവീര്യമാക്കി സംഘ് അജണ്ട പൊളിച്ചു കയ്യിൽ കൊടുക്കണം. കേരള സർക്കാർ പ്രതിഷേധത്തിൽ മാത്രം ഒതുക്കാതെ ശക്തമായ നിയമനടപടി സ്വീകരിക്കണം.കേരള സർക്കാറിനാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക.
കേരളത്തിലെ എല്ലാ വിഭാഗങ്ങളും കേരള നുണകഥക്കെതിരെ രംഗത്ത് വന്ന നിലയ്ക്ക് ജനകീയ പ്രതിഷേധത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അതി തീവ്രനിലപാടുകൾ സ്വീകരിക്കുന്ന ഗ്രൂപ്പുകൾ അവരുടെ അജണ്ട വിജയിപ്പിച്ചെടുക്കാനുള്ള ‘അതിവളവ്’ ഈ ബഹളത്തിനിടയിൽ നന്നായി നടത്തുന്നുണ്ട്. കേരളത്തിലെ സുമനസ്സുകളെ ചേർത്തി നിർത്തി എല്ലാ ഐറ്റം തീവ്രവാദികൾക്കും വർഗീയ വാദികൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ഫാഷിസം തലക്ക് മീതെ നിൽക്കുമ്പോൾ സ്വന്തം സമുദായത്തിലെ തീവ്രവാദചിന്തകൾക്കെതിരെ മൗനം പാലിക്കുന്നതും അത്യന്തം അപരാധമാണ്.ഫാഷിസത്തെ തോല്പിച്ചിട്ട് മാത്രമേ സ്വന്തം സമുദായത്തിലെ തീവ്രവാദത്തെ തള്ളിപറയൂ എന്ന രീതിയും ശരിയല്ല. എല്ലാ വർഗ്ഗീയവാദങ്ങളും എതിർക്കപ്പെടേണ്ടതു തന്നെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KNM, Love jihad, The Kerala Story