പീര്‍ മുദ്ദസിര്‍ അഹമ്മദ്
ശ്രീനഗർ: ഛത്തിസിംഗ്പോര കൂട്ടക്കൊലയുടെ (Chattisinghpora Massacre) 22-ാം വാര്‍ഷികദിനത്തിൽ 'ദി കശ്മീർ ഫയല്‍സ്' (The Kashmir Files) എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി സിഖുകാർ രംഗത്ത്. കശ്മീരില്‍ തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്ത് കശ്മീരി പണ്ഡിറ്റുകളും (Kashmiri Pandits) സിഖുകാരും (Sikhs) മുസ്ലീങ്ങളും (Muslims) ഒരുപോലെ ദുരിതം നേരിട്ടുവെന്നതാണ് വസ്തുതയെങ്കിലും സിനിമയിൽ അതിന്റെ ഒരു വശം മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിമർശനം.
ഛത്തിസിംഗ്പോര കൂട്ടക്കൊലയാണ് അതിന് തെളിവായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്. 2000 മാര്‍ച്ച് 20ന് രാത്രിയില്‍ അജ്ഞാതരായ തോക്കുധാരികള്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുകയായിരുന്നു. ആയുധധാരികളായ അക്രമകാരികൾ പുരുഷന്മാരെയെല്ലാം രണ്ട് ഗുരുദ്വാരകള്‍ക്ക് മുന്നില്‍ വിളിച്ചുകൂട്ടുകയും തുടർന്ന് വിവേചനരഹിതമായി വെടിവെക്കുകയുമായിരുന്നു. 35 സിഖുകാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു. 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയുടെ കഥയാണ് പറയുന്നത്. ഈ ജനവിഭാഗം കുടിയേറാന്‍ നിര്‍ബന്ധിതരായത് ഖേദകരമാണെന്നും എന്നാല്‍ കലാപകാലത്ത് ഇവിടത്തെ സിഖുകാരും മുസ്ലീങ്ങളും അതുപോലെ തന്നെ ത്യാഗം സഹിച്ചിട്ടുണ്ടെന്ന കാര്യം അവഗണിക്കാനാവില്ലെന്നും സര്‍ദാര്‍ റിച്ച്പാല്‍ സിംഗ് പറയുന്നു.
'കശ്മീർ ഫയല്‍സ്' എന്ന ചിത്രം പണ്ഡിറ്റുകളുടെ കുടിയേറ്റത്തിന് കശ്മീരി മുസ്ലീങ്ങളെ ഉത്തരവാദികളാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ യാഥാർഥ്യം അതല്ലെന്നും കശ്മീരി പണ്ഡിറ്റുകളെപ്പോലെ ഇവിടുത്തെ മുസ്ലീങ്ങളും സിഖുകാരും ദുരിതമനുഭവിച്ചിട്ടുണ്ടെന്നും റിച്ച്പാല്‍ സിംഗ് പറഞ്ഞു. സിഖുകാർക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾ സിനിമ പൂർണമായും അവഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസിംഗ്പോരയ്ക്ക് പുറമേ മഹ്ജൂര്‍ നഗറിലും പോഷ് ക്രീരിയിലും സിഖുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഈ സംഭവങ്ങളും സിനിമ അവഗണിച്ചു.
കൂട്ടക്കൊല നടന്നിട്ട് 22 വര്‍ഷം പിന്നിട്ടിട്ടും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കേസ് പുനരന്വേഷിക്കണമെന്ന് ഇരകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകയായ ഗ്യാനി രാജേന്ദ്ര സിംഗ് പറയുന്നു. 22 വര്‍ഷത്തിനിടെ നീതിയുടെ എല്ലാ വാതിലുകളിലും മുട്ടി. എന്നാല്‍ കൊലയാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാജേന്ദ്ര സിംഗ് പറയുന്നു. കശ്മീരില്‍ താമസിക്കുന്ന സിഖുകാരെ ന്യൂനപക്ഷ പദവിയില്‍ ഉള്‍പ്പെടുത്തണമെന്നും കുടിയേറ്റക്കാരല്ലാത്ത കശ്മീരി പണ്ഡിറ്റുകളുടെ മാതൃകയില്‍ പ്രധാനമന്ത്രി അവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2000ല്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം സര്‍ക്കാര്‍ നിരവധി അന്വേഷണ കമ്മീഷനുകള്‍ രൂപീകരിച്ചെങ്കിലും അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഡോ.ഫാറൂഖ് അബ്ദുള്ള സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ കേസ് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. കൊലയാളികളെ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: The Kashmir Files