• HOME
 • »
 • NEWS
 • »
 • film
 • »
 • ഫഹദ് ഫാസിലിന് താക്കീത്; 'ഒടിടി സിനിമകളിൽ അഭിനയിക്കരുത് ; ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല:'ഫിയോക്ക്

ഫഹദ് ഫാസിലിന് താക്കീത്; 'ഒടിടി സിനിമകളിൽ അഭിനയിക്കരുത് ; ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല:'ഫിയോക്ക്

കഴിഞ്ഞ ദിവസങ്ങളിലായി ഫഹദിന്റെ ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു.

ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ

 • Share this:
  നടൻ ഫഹദ് ഫാസിലിന് തീയറ്റർ സംഘടനയായ ഫിയോക്കിന്റെ താക്കീത്. ഒടിടി സിനിമകളോട് സഹകരിച്ചാൽ ഫഹദിനെ വിലക്കിയേക്കുമെന്ന സൂചനയാണ് ഫിയോക്ക് നൽകുന്നത്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.

  ഫഹദ് ഫാസിൽ ചിത്രമായ മാലിക് റംസാൻ ചിത്രമായി തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കുമ്പോഴാണ് ഫിയോക്കിന്റെ താക്കീത് വന്നിരിക്കുന്നത്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ തയാറാകില്ലെന്നാണ് ഫിയോക് ഫഹദ് ഫാസിലിനെ അറിയിച്ചിരിക്കുന്നത്. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

  ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒടിടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.

  Also Read- പൃഥ്വിരാജിനും മകൾ അല്ലിക്കും പ്രത്യേക സമ്മാനം അയച്ച് സഞ്ജു സാംസണ്‍; നന്ദി പറഞ്ഞ് താരം

  കഴിഞ്ഞ ദിവസങ്ങളിലായി ഫഹദിന്റെ ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

  അതേസമയം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നും സമിതി യോഗം തീരുമാനിച്ചു. മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച ദൃശ്യം 2 തീയറ്റര്‍ റിലീസ് ആയിരിക്കില്ലെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.  മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ഒടിടിയിലേക്ക്

  മമ്മൂട്ടി-മഞ്ജുവാര്യർ ഹൊറർ, സസ്‌പെൻസ് ചിത്രമായ 'ദി പ്രീസ്റ്റ്' ആമസോൺ പ്രൈം വീഡിയോയിലേക്ക്. ഏപ്രിൽ 14ാം തീയതി മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രേക്ഷകർക്ക് സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാൻ കഴിയും. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ മമ്മൂട്ടി ഫാദർ ബെനഡിക്ട് എന്ന ഒരു പുരോഹിതന്റെ വേഷത്തിലാണ് എത്തുന്നത്.

  കുറ്റാന്വേഷകൻ കൂടിയായ ഈ കഥാപാത്രം താൻ ഏറ്റെടുത്ത ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കാനായി നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അയാൾ നേരിടുന്ന അതിമാനുഷ ശക്തികളിൽ നിന്നുള്ള ചില വെല്ലുവിളികളുമാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, നിഖില വിമൽ, സാനിയാ ഇയ്യപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടിജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റ് റോളുകളും കൈകാര്യം ചെയ്തിരിക്കുന്നു.

  ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വിഎൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. തീയറ്റർ റിലീസിന് ശേഷമാണ് സിനിമ ഒടിടി വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്.
  Published by:Rajesh V
  First published: