ഇന്റർഫേസ് /വാർത്ത /Film / സർക്കാരിന്റെ OTT പ്ലാറ്റ്ഫോമിൽ തിയേറ്ററുകൾക്ക് ആശങ്ക വേണ്ട: മന്ത്രി സജി ചെറിയാൻ 

സർക്കാരിന്റെ OTT പ്ലാറ്റ്ഫോമിൽ തിയേറ്ററുകൾക്ക് ആശങ്ക വേണ്ട: മന്ത്രി സജി ചെറിയാൻ 

സജി ചെറിയാൻ

സജി ചെറിയാൻ

തിയേറ്ററുകൾക്ക് തന്നെയാണ് ആദ്യ പരിഗണനയെന്നും മന്ത്രി

  • Share this:

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ സ്വന്തമായി ഒ ടി ടി പ്ലാറ്റ്ഫോം തുടങ്ങുന്നത്. ഇതു സംബന്ധിച്ച് വിശദമായ പദ്ധതി ചലച്ചിത്ര വികസന കോർപ്പറേഷൻ സർക്കാറിന് സമർപ്പിക്കുകയും ഇതിന് അനുമതി ലഭിക്കുകയും ചെയ്തു. ഈ വർഷം നവംബറോടെയാണ് ഒ ടി ടി പ്ലാറ്റ്ഫോം ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

ഇതിനുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഒ ടി ടി പ്ലാറ്റ്ഫോമിനെതിരെ വിമർശനവും ഉയർന്നത്. സർക്കാർ സ്വന്തമായി ഒ ടി ടി  പ്ലാറ്റ്ഫോം തുടങ്ങുന്നത് തെറ്റാണെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ പ്രതികരണം. ഒപ്പം ഒ ടി ടി പ്ലാറ്റ്ഫോമിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തീയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ്  ഈ വിഷയത്തിൽ വിശദമായ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത്. OTT പ്ലാറ്റ്ഫോമിന്റെ കാര്യത്തിൽ  തിയേറ്ററുകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. തിയേറ്ററുകൾക്ക് തന്നെയാണ് ആദ്യ പരിഗണന നൽകുക.

കോവിഡ് സാഹചര്യത്തിലുള്ള താൽകാലിക ആശ്വാസം മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഒ ടി ടി. സാമ്പത്തിക പ്രയാസം നേരിടുന്ന ചലച്ചിത്ര പ്രവർത്തകരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തീയറ്ററുകൾ തുറന്ന ശേഷം ഒ ടി ടി  പ്ലാറ്റഫോം തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.

അതേസമയം, അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും  മന്ത്രി വ്യക്തമാക്കി. കോവിഡിനെ തുടർന്ന് കഴിഞ്ഞ തവണ നാലു മേഖലകളായി തിരിച്ചാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്തിയത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ മേഖലകളായി തിരിച്ചാണ് ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ ചലച്ചിത്ര മേള സംഘടിപ്പിച്ചത്.

എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ചലച്ചിത്രമേളയെ തിരുവനന്തപുരത്തുനിന്നും മാറ്റാനുള്ള നീക്കമാണ് സർക്കാർ നടത്തുന്ന വിമർശനമുയർന്നിരുന്നു. വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി ശശി തരൂർ എംപി, കെ എസ് ശബരീനാഥൻ എംഎൽഎ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ വേദി മാറ്റം താൽക്കാലികം എന്നായിരുന്നു സാംസ്കാരിക മന്ത്രിയായിരുന്ന എ കെ ബാലന്റെ പ്രതികരണം.

ഈ വർഷം അവസാനം ചലച്ചിത്രമേള നടക്കാനിരിക്കെയാണ് പുതിയ സാംസ്കാരിക മന്ത്രിയുടെ പ്രതികരണം.  അന്താരാഷ്ട്ര ചലച്ചിത്രമേള  തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സർക്കാർ നിലവിൽ ഉദ്ദേശിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ സാഹചര്യമുണ്ടായാൽ മേഖലകളായി തിരിച്ച് ചലച്ചിത്രമേള നടത്തുന്നതും പരിഗണിക്കും.

ചലച്ചിത്രമേളക്കായി സ്ഥിരം വേദി ഒരുക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്രമേഖലയിൽ കാതലായ മാറ്റം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന കലാകാരന്മാർ ക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി സജി  ചെറിയാൻ വ്യക്തമാക്കി.

First published:

Tags: #OTT release, Kerala state chalachitra academy, Minister Saji Cheriyan