മലയാള സിനിമയിലെ ലഹരി ഉപയോഗവുമയാി ബന്ധപ്പെട്ട വിഷയത്തിൽ നടൻ ടിനി ടോമിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു. ‘അമ്മ’ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാണെന്നും സഹപ്രവർത്തകരെ താറടിച്ചു കാണിച്ചുവെന്നും ജോയ് മാത്യു പറഞ്ഞു. മലയാള സിനിമാ ഇൻഡസ്ട്രിയെ ഒന്നടങ്കം ഇത് മോശമായി ബാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.
ടിനി ടോം പറഞ്ഞതൊക്കെ പ്രശസ്തിക്കുവേണ്ടിയായിരിക്കുമെന്നും ജോയ് മാത്യു പറയുന്നു. ഇതേക്കുറിച്ച് ‘അമ്മ’ സംഘടന തന്നെ ടിനി ടോമിനോട് ചോദിക്കണമെന്നും ചെയ്തത് തെറ്റാണെങ്കിൽ അത് തുറന്നു പറയണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.
‘അമ്മ’യുടെ ഔദ്യോഗിക ഭാരവാഹികൾ സഹപ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് കൃത്യമായ അറിവോടെ വേണം. ‘അമ്മ’ ഭാരവാഹികളെ സംബന്ധിച്ചടത്തോളം അത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിപ്പോയി.- ജോയ് മാത്യു പറഞ്ഞു.
‘ചിലർ സെറ്റിൽ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കാം. എന്നാൽ ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം ലഹരി ഉപയോഗിച്ച് ഒരാൾക്ക് പെർഫോം ചെയ്യാൻ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാൽ പോലും അഭിനയിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊരു കുട്ടിക്കളിയല്ല, ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകള്‍ ഉണ്ടാകും ഫൈറ്റ് സീൻ ഉണ്ടാകും. ഇതിനൊക്കെ ലഹരി ഒരു സഹായ ഘടകമല്ല.- ജോയ് മാത്യു പറഞ്ഞു.
Also Read- ലഹരിക്ക് അടിമയായ നടൻ്റെ പല്ല് പൊടിഞ്ഞു തുടങ്ങി; ടിനി ടോം
ഷെയ്നും ശ്രീനാഥ് ഭാസിക്കും വിലക്കുകളില്ല. ആർക്കു വേണമെങ്കിലും അവരെ വച്ച് സിനിമയെടുക്കാം. ഇഷ്ടമില്ലാത്തവർ എടുക്കണ്ട. താരമൂല്യം ഉണ്ടാക്കുന്നത് നിർമാതാക്കളാണ്. ഈ ആളു തന്നെ അഭിനയിക്കണമെന്ന് നിർമാതാക്കൾ വാശി പിടിക്കുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ല, താരമൂല്യം കൊണ്ടാണ്. ചൂതാട്ടമാണ് സിനിമ. ആദ്യ ഷോ കഴിഞ്ഞാൽ ഫലം അറിയാം. കിട്ടിയാൽ കിട്ടി പോയാൽ പോയി. ആർട്ടിസ്റ്റിനു തന്നെയാണ് ഇപ്പോഴും വില. അവരാണ് ഏറ്റവും വില കൂടിയ ഉത്പന്നം.’’–ജോയ് മാത്യു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug Addiction, Joy mathew, Malayalam film, Tini Tom