നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kailas Menon | പിറക്കുന്നതിനും മുൻപേ മകനെ കേൾപ്പിച്ച സംഗീതം; വീണ്ടും കൈലാസ് മേനോന്റെ മന്ത്രികസ്പർശം

  Kailas Menon | പിറക്കുന്നതിനും മുൻപേ മകനെ കേൾപ്പിച്ച സംഗീതം; വീണ്ടും കൈലാസ് മേനോന്റെ മന്ത്രികസ്പർശം

  Tracing the musical route of Kailas Menon | 'അലരേ...' ഗാനത്തിന്റെ വിശേഷങ്ങളുമായി കൈലാസ് മേനോൻ

  കൈലാസ് മേനോൻ

  കൈലാസ് മേനോൻ

  • Share this:
  ജീവാംശമായി താനേ, നീയെന്നിൽ, കാലങ്ങൾ മുന്നേ വന്നു... യുഗാന്തരങ്ങളുടെ ബന്ധമെന്നോണം മലയാളി സ്നേഹിച്ച ഈ പാട്ടിന്റെ സംഗീതം ഉണ്ടായത് കൈലാസ് മേനോൻ എന്ന സംഗീതജ്ഞനിൽ നിന്നുമാണ്. 'തീവണ്ടി' സിനിമയിലെ ഗാനം എന്നതിലുപരി, മനസ്സിനെ സ്പർശിക്കുന്ന തരത്തിലെ ശുദ്ധ സംഗീതം പിറന്നിട്ട് വർഷം മൂന്ന് തികയുന്നു. ഇനി തെലുങ്ക് പ്രേക്ഷകർക്ക് മുന്നിൽ ഈ ഗാനം അവതരിപ്പിക്കാനുള്ള തിരക്കുകളിലേക്ക് കടക്കുകയാണ് കൈലാസ്.

  തീവണ്ടിയുടെ രണ്ടാം വരവിനു കാത്തു നിൽക്കുമ്പോൾ തന്നെ വീണ്ടുമൊരു ഹിറ്റ് ഗാനത്തിന്റെ സ്രഷ്‌ടാവായിക്കഴിഞ്ഞു കൈലാസ്. ഇമ്പമേറിയ ഈണങ്ങളുടെ കൂട്ടുകാരനായ കൈലാസിന്റെ തന്ത്രികളിൽ നിന്നും പ്രണയത്തിൽ ചാലിച്ച് 'അലരേ...' എന്ന ഗാനം 'മെമ്പർ രമേശൻ ഒൻപതാം വാർഡിൽ' നിന്നും പുറത്തറങ്ങിക്കഴിഞ്ഞു. ഒരു വലിയ സന്തോഷത്തിന്റെ ആരംഭം കൂടിയാണ് ഈ ഗാനം. കൈലാസിന്റെ സംഗീത വിശേഷങ്ങൾ കേൾക്കാം.

  "ജീവാംശമായി... എന്ന പാട്ടിന് ആന്ധ്രയിൽ ഒട്ടേറെ ആരാധകരുണ്ട്. അവരുടെ ഭാഷയിൽ ഗാനമിറങ്ങിയാൽ ഹിറ്റാവും എന്ന് തന്നെയാണ് പ്രതീക്ഷ. 'ജീവാംശമായി' ഗാനത്തിന് തെന്നിന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ഒട്ടേറെപ്പേർ നല്ല അഭിപ്രായം അറിയിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതികരണം ലഭിച്ചിരുന്നു.

  പാട്ട് അധികം റിഥമിക് ആവാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ബീറ്റ്‌സ് ഉൾപ്പെടുത്തി ചെയ്യാവുന്നതാണ്, പക്ഷെ അത് മനഃപൂർവം ഒഴുവാക്കി. ബീറ്റ് ഉണ്ടെങ്കിൽ കേൾക്കാൻ രസമായിരിക്കും, പക്ഷെ എത്രയാവർത്തി കേട്ടാലും മടുപ്പ് വരാതെയിരിക്കുന്ന ഈണമാവണം എന്ന് നിർബന്ധമുണ്ടായിരുന്നു.

  അത്തരം പാട്ടുകൾ ചെയ്യാനാണ് ആഗ്രഹം. 90കളിലെ പാട്ടുകൾ നമ്മൾ ഇപ്പോഴും കേൾക്കുന്നില്ലേ? ഇരുപതോ മുപ്പതോ വർഷങ്ങൾ കഴിഞ്ഞാലും, നമ്മൾ ജീവിച്ചിരിപ്പില്ലാത്ത കാലത്തും, കേൾക്കാൻ ആളുണ്ടാവണം. പഴയ കാലത്തെ പാട്ടുകൾ ആരാണ് ചെയ്തത് എന്ന് അറിയില്ലെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജീവിച്ചിരിപ്പില്ലെങ്കിലും അവർ ചർച്ച ചെയ്യപ്പെടാൻ കാരണം അവരുടെ പാട്ടുകളാണ്.

  തീവണ്ടിയുടെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. കോവിഡ് കാരണം നീണ്ടു പോയി. തീവണ്ടിയിലെ നാല് പാട്ടുകൾ അവർക്ക് ഒട്ടേറെ ഇഷ്‌ടമായതിനാൽ, അതുപോലെ തന്നെ തെലുങ്കിലേക്ക് മാറ്റണം. പിന്നെ തെലുങ്ക് ഓഡിയൻസിനായി മറ്റൊരു പട്ടു കൂടി ചെയ്യണം," കൈലാസ് പറഞ്ഞു.

  പിറക്കുന്നതിനും മുൻപേ സമന്യു ആദ്യം കേട്ടത് അച്ഛന്റെ പാട്ട്

  കൈലാസ് അലരേ... കമ്പോസ് ചെയ്തതും, അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത മകൻ സമന്യു രുദ്രയാണ് പാട്ടിന്റെ ആദ്യ കേൾവിക്കാരിൽ ഒരാൾ. "കുഞ്ഞിന് പാട്ടിനോട് വലിയ താൽപ്പര്യമാണ്. ഇപ്പോൾ ആറ് മാസമായി. ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതിന്റെ പിറ്റേ ദിവസം കമ്പോസ് ചെയ്ത പാട്ടാണ് അലരേ... കമ്പോസ് ചെയ്ത് ഭാര്യയെ കേൾപ്പിക്കുകയും ചെയ്‌തു. വൈഫ് മാത്രമല്ല അത് കേൾക്കുന്നത് എന്നൊരു തോന്നൽ എന്റെ മനസ്സിലുണ്ട്. കുഞ്ഞുണ്ടായ ശേഷവും, ഇപ്പോഴും, കൂടുതൽ കേൾക്കുന്നത് ഈ പാട്ടാണ്. ഉറങ്ങാൻ പോകുമ്പോഴും കരയുമ്പോഴും ഈ പാട്ട് വച്ചുകൊടുത്താൽ ആൾ ഹാപ്പിയാണ്. കാറിൽ യാത്ര ചെയ്യുമ്പോഴും അതുതന്നെയാണ്‌. ഭാര്യയും കുടുംബവും വക്കീൽമാരാണ്. കുഞ്ഞിന് പാട്ടിനോടുള്ള കമ്പം കാണുമ്പോൾ, ഇപ്പോഴേ ലോ ബുക്സ് കൊടുത്ത് തുടങ്ങണം എന്ന് തമാശയ്ക്കു പറയാറുണ്ട്."

  "അലരെ... എന്ന പാട്ടിന് നല്ല പ്രതികരണം ഉണ്ട്. കുറേപ്പേർ കവർ സോങ്‌സ് ഇറക്കുന്നുണ്ട്. ഒരുപാടുപേർ പാടുന്നു എന്നതാണ് സന്തോഷം. ശബരീഷ് വർമ്മ എഴുതിയ ഗാനം ഐറാനും നിത്യ മാമ്മനും ചേർന്നാണ് പാടിയത്.

  പാട്ടിലെ പരീക്ഷണങ്ങൾ:

  ഐപാഡിൽ ആപ്പ് ഉപയോഗിച്ച് കമ്പോസ് ചെയ്തിട്ടുണ്ട്. വയലിൻ, ഗിത്താർ പോലുള്ള ലൈവ് ഉപകരണങ്ങൾ കമ്പോസിങ്ങിൽ ഉണ്ടാവണം എന്ന് ആഗ്രഹമുണ്ട്. 'ജീവാംശമായി...' കേട്ട പലരും വളരെ സിമ്പിൾ ആയി ഫീൽ ചെയ്യുന്നു എന്ന് പറഞ്ഞിരുന്നു. ശരിക്കും അതിനുള്ളിൽ ഗിറ്റാർ, വയലിൻ, ഓടക്കുഴൽ, ഇലക്ട്രിക്ക് ഗിത്താർ, വീണ തുടങ്ങിയ ഉപകരണങ്ങൾ എല്ലാമുണ്ട്. പാട്ടിനുള്ളിൽ ഇതെല്ലം വന്നുപോകുന്നത് കൊണ്ട് കേൾക്കുമ്പോൾ വളരെ ലളിതമെന്നു തോന്നും.

  വ്യക്തിപരമായി ഇഷ്‌ടമുള്ളതുകൊണ്ടു കൂടിയാവും ഇത്രയും സംഗീതോപകരണങ്ങൾ കടന്നു വരുന്നത്.

  ഡിജിറ്റലിലേക്കു സിനിമ ചേക്കേറുമ്പോൾ പാട്ടിന്റെ ഭാവിയും മാറുമോ?

  അങ്ങനെയൊരു മാറ്റം പ്രശ്നമാവും എന്ന് തോന്നുന്നില്ല. സംഗീതത്തിന്റെ ഭാവി എന്നും തിയേറ്ററിനേക്കാൾ പുറത്തുള്ള മീഡിയം തന്നെയായിരുന്നു. യൂട്യൂബിലോ മ്യൂസിക് സ്‌ട്രീമിംഗ്‌ ആപ്പുകളിലോ കേട്ട് കേട്ട് തന്നെയാണ്
  ശ്രോതാക്കൾ ഇഷ്‌ടപ്പെടുന്നത്. തിയേറ്ററിൽ പോയി ഒരിക്കലും ഒരു പാട്ട് ആവർത്തിച്ച് കേൾക്കാൻ ഇടയില്ല. ഡിജിറ്റൽ മീഡിയം തന്നെയാണ് പാട്ടിനു പ്രോത്സാഹനം.

  'തീവണ്ടി' റിലീസ് ആവുന്നതിനും ആറു മാസം മുൻപ് 'ജീവാംശമായി...' പുറത്തിറങ്ങിയിരുന്നു. ഒ.ടി.ടി.യിൽ സിനിമ ഇറങ്ങുന്നത് സംഗീതത്തെ ബാധിക്കില്ല. 'സൂഫിയും സുജാതയും' സിനിമയിലെ ഗാനം കഴിഞ്ഞ വർഷത്തെ ഹിറ്റ് ആയിരുന്നു. മാധ്യമം ഏതായാലും നല്ല പാട്ടുകൾ ഹിറ്റ് ആകും.

  സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോൾ...

  ഇഷ്‌ടപ്പെട്ട ഗാനം ഒരുക്കുന്നതാണ് സംഗീത സംവിധാനം. പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ സിനിമ ആവശ്യപ്പെടുന്ന സന്ദർഭം അനുസരിച്ചു വേണം. പാട്ട് ഉണ്ടാക്കുന്ന പോലെ എളുപ്പമല്ല. നല്ല സിനിമയാണെങ്കിൽ പശ്ചാത്തല സംഗീതം രസകരമാവും.

  ഫൈനൽസ് സിനിമ ചെയ്യുമ്പോൾ പാട്ടുകളേക്കാൾ ആസ്വദിച്ചത് ബാക്ക്ഗ്രൗണ്ട് സ്കോർ ആയിരുന്നു എന്ന് പ്രതികരണം ലഭിച്ചിരുന്നു. സിനിമ കണ്ടവരും അതേ അഭിപ്രായമാണ് പറഞ്ഞത്.  സംഗീത ലോകത്തെത്തിയിട്ട് ഒരു പതിറ്റാണ്ട്‌ പിന്നിടുന്നു. പുതിയ പ്ലാനുകൾ എന്തൊക്കെയാണ്?

  15 വർഷത്തോളമായി ആഡ്-ഫിലിംസ് ചെയ്യുന്നു. സംഗീതം മാത്രമായി ഒതുങ്ങിക്കൂടാൻ ആഗ്രഹമില്ല. കൂടുതൽ മേഖലകളിൽ കടന്നു ചെല്ലണം. യാത്ര ചെയ്യാൻ ഒരുപാടിഷ്‌ടമാണ്. ആൾക്കാരെ പരിചയപ്പെടാനും, പുതിയ ഭക്ഷണം പരീക്ഷിക്കാനുമെല്ലാം താത്പ്പര്യമുണ്ട്.

  യാത്ര കാഴ്ചപ്പാടിനെ ഒട്ടേറെ സ്വാധീനിക്കും. ഈ ലോകത്ത് നമ്മൾ ഒന്നുമായിട്ടില്ല എന്ന തിരിച്ചറിവിനും കൂടുതൽ പഠനങ്ങൾക്കും അതുപകരിക്കും. ഇപ്പോൾ നടക്കുന്നതിനേക്കാൾ കൂടുതൽ യാത്രകൾ ചെയ്യണം എന്നാണ് ആഗ്രഹം.

  കമ്പോസ് ചെയ്യാനായി യാത്രകൾ നടത്താറുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ട്. അങ്ങനെയുണ്ടോ?

  കമ്പോസ് ചെയ്യാൻ വേണ്ടി യാത്രകൾ നടത്തിയിട്ടില്ല. യാത്ര ചെയ്യുമ്പോഴാവും
  ചില ട്യൂൺസ് മനസ്സിൽ ഉണ്ടാക്കുന്നത്. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു ട്യൂൺ മനസ്സിൽ വന്നു. ഉടൻ തന്നെ ടോയ്‌ലെറ്റിൽ പോയി അത് ഫോണിൽ റെക്കോർഡ് ചെയ്ത് പിന്നീട് പാട്ടാക്കി. ട്രെയിനിന്റെ താളവും ചലനവുമെല്ലാം സ്വാധീനിച്ചു. നല്ല സംഗീതം ഏതു നിമിഷവും സാധ്യമാവാം.

  യാത്രകൾ കൂടുംതോറും തുറന്നു ചിന്തിക്കാൻ പറ്റും. അതുകൊണ്ടു യാത്രകൾ വളരെ പ്രചോദനാത്മകമാണ്.

  ലോക്ക്ഡൗണിന് ശേഷം:

  ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്തും കുഞ്ഞുണ്ടായ ശേഷവും അവർക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചു. അതൊരു വലിയ ഭാഗ്യമായി കരുതുന്നു. ഗർഭാവസ്ഥയിൽ എത്രത്തോളം കൂടെയുണ്ടാവും എന്നത് പോസിറ്റീവ് ആയി മാറും.

  ലോക്ക്ഡൗണിനെ ഞാൻ അത് വളരെ പോസിറ്റീവ് ആയി കണ്ടു. ഓട്ടപ്പാച്ചിലിനിടെ നമ്മളായി എടുക്കാത്ത ഒരു ബ്രേക്ക് നമുക്കെല്ലാവർക്കും സാധ്യമായി എന്നത് വലിയൊരു പോസിറ്റീവാണ്. ബ്രേക്ക് എടുത്താൽ മാത്രമേ പുനർവിചിന്തനം സാധിക്കൂ. ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കണം, കരിയറിൽ ഇനി എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാൻ കിട്ടിയ ഗാപ് ആണ് ലോക്ക്ഡൗൺ. പ്രകൃതി നമുക്കെല്ലാം തന്നൊരു ബ്രേക്ക് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  കൂടാതെ നമ്മളെല്ലാം വൃത്തിക്കും വെടുപ്പിനും കൂടുതൽ പ്രാധാന്യം നൽകാൻ ആരംഭിച്ചു. കൈകഴുകാനും, സാനിറ്റൈസ് ചെയ്യാനും തുടങ്ങി. കോവിഡ് എന്ന അസുഖം ഉള്ളപ്പോഴും ആരോഗ്യപരമായുള്ള മറ്റു പ്രശ്നങ്ങൾ കുറഞ്ഞു തുടങ്ങി. ആശുപത്രികളിൽ തിരക്ക് കുറയുന്നു. വീട്ടിൽ ആണെങ്കിൽ തന്നെ ഭാര്യയ്ക്ക് വർഷാവർഷം ഉണ്ടാവുന്ന ആസ്ത്മയുടെ ബുദ്ധിമുട്ട് ഇക്കുറിയുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം നല്ല മാറ്റങ്ങളാണ്. കുറെക്കാലം കഴിഞ്ഞാലും ഈ ജാഗ്രത ജനങ്ങൾ തുടരും എന്ന് കരുതുന്നു.

  ഇനി ആസിഫ് അലി ചിത്രം കൊത്ത്, ടൊവിനോയുടെ സിനിമ 'വാശി', സൗബിന്റെ 'കള്ളൻ ഡിസൂസ' തുടങ്ങിയ ചിത്രങ്ങൾക്ക് കൈലാസ് സംഗീതമൊരുക്കും.
  Published by:Meera Manu
  First published:
  )}