ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്' (Meppadiyan). തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഉണ്ണിമുകുന്ദന് ചിത്രം ആമസോണ്‍ പ്രൈം വഴി ഒടിടി റിലീസും ചെയ്തിരുന്നു. ഒടിടിയില്‍ ഇറങ്ങിയ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ചിത്രവുമായി ബന്ധപ്പെപ്പെട്ട് ഉണ്ണി മുകുന്ദന് പങ്കുവച്ച പോസ്റ്റിന് വന്ന കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഉണ്ണി മുകുന്ദന്റെ കഥാപാത്രമായ ജയകൃഷ്ണന് സര്‍ക്കാര്‍ ഓഫീസില്‍ വന്ന് നിരാശനാകുന്ന ഒരു രംഗമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്.
പോസ്റ്റിന് താഴെ നിരവധി പേര് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകള്‍ ചെയ്തിരുന്നു. അതേസമയം ഉണ്ണിമുകുന്ദനെ പരിഹസിച്ചുകൊണ്ടെത്തിയ കമന്റിന് ചുട്ടമറുപടിയാണ് നല്‍കിയത്. 'ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം' എന്നായിരുന്നു ഒരാളുടെ കമന്റ്.
'ഈ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ എനിക്ക് നാല് വര്‍ഷമെടുത്തു, ഒടിടിക്ക് നല്‍കും മുന്‍പ് ഞാന്‍ ഒരു വര്‍ഷം ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഈ സിനിമ ഞാന്‍ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകര്‍ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാന്‍ അഭിമാനിക്കുന്നു' എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ മറുപടി.
കഴിഞ്ഞ മാസം 14നാണ് മേപ്പടിയാന് തിയറ്ററുകളില്‍ എത്തിയത്. ഒരു സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാന് പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രീകരണം.
ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടും കളക്ഷന്‍ റെക്കോര്‍ഡുകളോട് കൂടിയും തിയേറ്ററുകളില്‍ പ്രദര്‍ശന നേട്ടം കൈവരിച്ചിരുന്നു. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.