റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സീസണിലെ ആദ്യ മത്സരത്തിൽ കേരള സ്‍ട്രൈക്കേഴ്‍സിന് വമ്പൻ തോൽവി. ഉണ്ണി മുകുന്ദന്‍റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ് 64 റണ്‍സിന് തെലുങ്ക് വാരിയേഴ്സിനോട് തോറ്റു. പത്ത് ഓവർ വീതമുള്ള സ്പെല്ലുകളായി പുതിയ ഫോർമാറ്റിലാണ് ഇത്തവണ സിസിഎൽ അരങ്ങേറുന്നത്. ഇത്തരത്തിൽ രണ്ടു സ്പെല്ലിലും അർദ്ധസെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലിന്‍റെ മികച്ച ബാറ്റിങ്ങാണ് അവർക്ക് വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ കേരള നിരയിൽ രാജീവ് പിള്ള ഒഴികെയുള്ളവർക്ക് തിളങ്ങാനായില്ല.
ടെസ്റ്റ് ക്രിക്കറ്റ് പോലെ ആദ്യ സ്പെല്ലിൽ വൻ ലീഡ് വഴങ്ങിയ കേരള സ്ട്രൈക്കേഴ്സിന് രണ്ടാം സ്പെല്ലിൽ 10 ഓവറിൽ 169 റൺസായിരുന്നു വിജയലക്ഷ്യം. എന്നാല്‍ പത്ത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില് 105 റണ്‍സ് നേടാനെ കേരള സ്‍ട്രൈക്കേഴ്‍സിന് സാധിച്ചുള്ളു. കേരളത്തിനുവേണ്ടി രണ്ടു സ്പെല്ലിലും ടോപ് സ്കോററായത് രാജീവ് പിള്ളയാണ്. രണ്ടാം സ്പെല്ലിൽ 23 പന്തിൽ 38 റണ്‍സാണ് രാജീവ് പിള്ള നേടിയത്.
രാജീവിനൊപ്പം സിദ്ധാർത്ഥാണ് കേരള ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. സിദ്ധാർത്ഥ് റണ്ണൌട്ടാകുകയും ഫസ്റ്റ് ഡൌൺ ഇറങ്ങിയ പ്രജോദ് റിട്ടേർഡ് ഹർട്ടാകുകയും ചെയ്തോടെ ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ബാറ്റിങ്ങിന് ഇറങ്ങി. ആദ്യ ഓവറിൽ തന്നെ രണ്ടു ഫോറുകൾ നേടി ഉണ്ണി മുകുന്ദൻ പ്രതീക്ഷ നൽകി. എന്നാൽ 14 പന്തിൽ 23 റൺസെടുത്ത് ഉണ്ണി മുകുന്ദൻ പുറത്തായി. വിവേക് ഗോപനും തൊട്ടുപിന്നാലെ പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. വൈകാതെ രാജീവ് പിള്ള കൂടി പുറത്തായതോടെ കേരള സ്ട്രൈക്കേഴ്സ് പരാജയം സമ്മതിച്ച അവസ്ഥയിലായി.
നേരത്തെ ടോസ് നേടിയ നായകൻ ഉണ്ണി മുകുന്ദൻ എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാൽ മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ‘ഏജന്റി’ലെ നായകൻ കൂടിയായ അഖില്‍ അക്കിനേനി വെറും 30 പന്തുകളില്‍ നിന്ന് 91 റണ്‍സ് എടുത്തതാണ് തെലുങ്ക് വാരിയേഴ്‍സിനെ ആദ്യ സ്പെല്ലിൽ 10 ഓവറിൽ 154 എന്ന വമ്പൻ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തിൽ നിർണായകമായത് ആദ്യ സ്പെല്ലിൽ തെലുങ്ക് നേടിയ വൻ സ്കോറാണ്.
കേരള സ്‍ട്രൈക്കേഴ്സിന്റെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഒരു റൺസെടുത്ത് പുറത്തായി. പിന്നാലെ അര്‍ജുന്‍ നന്ദകുമാര്‍ കൂടി മടങ്ങിയതോടെ കേരളം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച് ചേര്‍ന്ന രജീവ് പിള്ള-മണികുട്ടന്‍ കൂട്ടുകെട്ടിന്റെ ചെറുത്തുനില്‍പ്പിന്റെ പിൻബലത്തില്‍ കേരള സ്‍ട്രൈക്കേഴ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തില് 98 റണ്‍സ് എടുത്തു. ആദ്യ സ്പെല്ലിൽ തെലുങ്ക് 56 റൺസ് ലീഡ് നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.