News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 10, 2020, 3:55 PM IST
വി എ ശ്രീകുമാർ, എം ടി വാസുദേവൻ നായർ
പാലക്കാട് : രണ്ടാമൂഴം സിനിമക്ക് വേണ്ടി മുടക്കിയ ചെലവുകളും നഷ്ടവും നികത്തണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർക്ക് സംവിധായകൻ വി എ ശ്രീകുമാറിന്റെ വക്കീൽ നോട്ടീസ്. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ടി ആര് വെങ്കിട സുബ്രഹ്മണ്യമാണ് ശ്രീകുമാറിന് വേണ്ടി നോട്ടീസയച്ചത്.
1.25 കോടി രൂപ എം ടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ കരാറിൽ എം ടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന് തോമസിനും ഇതുവരെയായി നല്‍കിയിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ രണ്ടാമൂഴം പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി 12.5 കോടി രൂപ താൻ ചെലവാക്കിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
Also Read- Anjaam Pathiraa movie review: അഞ്ചാം പാതിര: പതിറ്റാണ്ടിന്റെ ലക്ഷണമൊത്ത ക്രൈം ത്രില്ലർ
ആദ്യം കരാര്‍ ലംഘിച്ചത് എം ടി യാണെന്ന് സംവിധായകൻ ആരോപിക്കുന്നു. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിർമാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എം ടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ആരംഭിക്കാന്‍ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് എം ടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതുവരെ എം ടിയെ വിശ്വസിച്ച് പണമിറക്കുകയും രണ്ടാമൂഴം എന്ന തിരക്കഥയെ ഒരു പരിപൂർണ പ്രോജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം വൃഥാവിലായെന്നും ശ്രീകുമാർ പറയുന്നു.
യാതൊരു വിധ മുന്നൊരുക്കങ്ങളും സംവിധായകൻ ചെയ്തില്ലെന്നും ഈ സിനിമയില്‍ പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ല എന്നുമുള്ള എംടിയുടെ വാദം തെറ്റാണെന്നും ശ്രീകുമാര്‍ നോട്ടീസില്‍ പറയുന്നു. ഡോ. ബി ആര് ഷെട്ടി രണ്ടാമൂഴം ആസ്പദമാക്കിയുള്ള സിനിമ ശ്രീകുമാറുമായി അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും അതില്‍ എം ടി ഈ പ്രോജക്ട് ഫലപ്രാപ്തിയിലായതിലുള്ള സന്തോഷം വീഡിയോ ബൈറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് എം ടി കേസുമായി കോടതിയില്‍ പോയത്. ഇതിന് ശേഷം ബി ആര് ഷെട്ടി നടത്തിയ പ്രസ്താവനകളില്‍ സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള കേസിന്റെ കാരണം കൊണ്ടാണ് താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാമത് രംഗത്തു വന്ന നിക്ഷേപകനായ എസ് കെ നാരായണനും ഈ കേസ് ചൂണ്ടികാണിച്ചാണ് പിന്മാറിയത്. നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല, മുന്നൊരുക്കങ്ങള്‍ നടത്തിയില്ല തുടങ്ങി എം ടി ഉന്നയിച്ച വാദങ്ങള്‍ അതിനാല്‍ ശരിയില്ലെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
എം ടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതനിധികളുടെ മുന്‍പാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എം ടി യുടെ മകള്‍ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തതാണെന്നും ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയാണുണ്ടായത്. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചരണത്തില്‍ എം ടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണം.
കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വി എ ശ്രീകുമാര്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എം ടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എം ടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്ന് ശ്രീകുമാര്‍ വാർത്താകുറിപ്പില്‍ അറിയിച്ചു.
Published by:
Rajesh V
First published:
January 10, 2020, 3:55 PM IST