• HOME
 • »
 • NEWS
 • »
 • film
 • »
 • 'വരനെ അത്രയൊന്നും ആവശ്യമില്ലാത്ത പെണ്ണുങ്ങളും അനുരാഗലോലഗാത്രിയും'; നിരൂപകയുടെ കുറിപ്പ് വൈറൽ

'വരനെ അത്രയൊന്നും ആവശ്യമില്ലാത്ത പെണ്ണുങ്ങളും അനുരാഗലോലഗാത്രിയും'; നിരൂപകയുടെ കുറിപ്പ് വൈറൽ

ശോഭനയുടെ നീന എന്ന കഥാപാത്രം മുതൽ കെപിഎസി ലളിതയുടെ ആകാശവാണിയെ വരെ കൃത്യമായി നിരീക്ഷിച്ച് ലക്ഷ്മി എഴുതിയ കുറിപ്പ് സംവിധായകൻ അനൂപ് സത്യൻ തന്നെ പങ്കുവെച്ചിട്ടുണ്ട്.

വരനെ ആവശ്യമുണ്ട്

വരനെ ആവശ്യമുണ്ട്

 • Last Updated :
 • Share this:
  സുരേഷ് ഗോപിയെയും ശോഭനയെയും പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ നായികാകഥാപാത്രങ്ങളെക്കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നിരൂപക ലക്ഷ്മി പി ആണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ശോഭനയുടെ നീന എന്ന കഥാപാത്രം മുതൽ കെപിഎസി ലളിതയുടെ ആകാശവാണിയെ വരെ കൃത്യമായി നിരീക്ഷിച്ച് ലക്ഷ്മി എഴുതിയ കുറിപ്പ് സംവിധായകൻ അനൂപ് സത്യൻ തന്നെ പങ്കുവെച്ചിട്ടുണ്ട്.

  കുറിപ്പിന്റെ പൂർണരൂപം

  വരനെ അത്രയൊന്നും ആവശ്യമില്ലാത്ത പെണ്ണുങ്ങളും അനുരാഗലോലഗാത്രിയും

  വരനെ ആവശ്യമുണ്ട് എന്ന സിനിമയെക്കുറിച്ച് വായിക്കാനിടയായ ചില അഭിപ്രായങ്ങളിൽ ഒന്ന് - ഫ്രഞ്ച് ഭാഷ അറിയുന്ന ,കലാകാരിയായ, വിദ്യാസമ്പന്നയായ, സിംഗിൾ മദർ ആയ സ്ത്രീയെ പ്രണയപാശത്തിൽ അകപ്പെടുത്തി ഒരുപാടങ്ങ് കൊച്ചാക്കിക്കളഞ്ഞു എന്നതാണ്. കുമ്പളങ്ങിയിലെപ്പോലെ ഇമോഷണൽ ഇൻസെക്യൂരിറ്റികളുള്ള പുരുഷന്മാർക്ക് റീഹാബിലിറ്റേഷൻ സെൻററുകളായി സ്ത്രീകളെ ചിത്രീകരിച്ചു എന്നതാണ് മറ്റൊന്ന്. മൂന്നാമതൊന്നാകട്ടെ ശോഭന അഭിനയിച്ച പഴയ സിനിമകളിലെ ചില ഗാനങ്ങൾ റഫറൻസ് ആയി നൽകിയത് അരോചകമായിപ്പോയി എന്നുമാണ്. മറ്റു ഗാനങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. പക്ഷേ, അനുരാഗലോലഗാത്രി എന്ന ധ്വനിയിലെ ഗാനം വെറുമൊരു റഫറൻസ് അല്ലതന്നെ. അത് നമുക്ക് ഒടുവിൽ. പറയാം. ആദ്യം സ്ത്രീകളിലേയ്ക്ക് കടക്കാം. (Spoiler alert)

  (ഞാൻ കണ്ടപ്പോൾ ) പ്രണയപാശത്തിൽ സൂക്ഷിച്ച് മാത്രം പിടിക്കുന്ന, മുറുകെ പിടിച്ചാലും വിടേണ്ടപ്പോൾ വിട്ടുകളയുന്ന, വരനെ അത്രയൊന്നും അത്യാവശ്യമില്ലാത്ത കുറേ പെണ്ണുങ്ങൾ ഉണ്ട് ഈ സിനിമയിൽ. അവർ ഓരോരുത്തരുടെയും കഥയും കഥാപാത്രസ്വഭാവവും വളരെ വ്യത്യസ്തങ്ങളാണ്.  1. നികിതയുടെ കൂട്ടുകാരി

  നികിതയുടെ കൂട്ടുകാരി തൻ്റെ സഹപ്രവർത്തകനെ പ്രണയിച്ച് വിവാഹം ചെയ്യുന്നു. അയാൾ വിവാഹദിവസം കൂട്ടുകാരോടൊപ്പം കഞ്ചാവ് വലിച്ചപ്പോൾ അവൾ പ്രതികരിക്കുന്നു. എതിർക്കുന്നു. ശേഷം അയാളോടൊപ്പം കുടുംബജീവിതം നയിക്കുന്നു. അതിലെന്താ തെറ്റ് ! അങ്ങനെയുമാണ് മനുഷ്യർ. പങ്കാളിയുടെ തെറ്റുകൾ കാണുമ്പോൾ പ്രതികരിക്കുന്നവർക്കെല്ലാം അയാളെ / അവളെ ഉപേക്ഷിക്കാനാകണമെന്നില്ല. അങ്ങനെ ഉപേക്ഷിക്കുന്നത് മാത്രമാണ് ശരിയെന്നു പറയുന്നിടത്തോളം എല്ലാ മനുഷ്യർക്കും എത്താനാകണമെന്നില്ല.

  2. നികിത

  മായാനദിയിലെ അപർണയുടെതുപോലെ നിരവധി ഹിപോക്രസികളുള്ള കഥാപാത്രം. കൂട്ടുകാരിയുടെ പ്രണയവിവാഹത്തിന് കൂട്ടുനിൽക്കുമ്പോഴും തൻ്റെ വിവാഹം അറേഞ്ച്ഡ് ആകുമെന്നു പറയുന്ന, അമ്മയ്ക്ക് മറ്റൊരു പങ്കാളി ഉണ്ടാവുന്നത് അംഗീകരിക്കാൻ പറ്റാതിരുന്ന, പ്രണയം ഡീസൻ്റ് ഇടപാടല്ല എന്ന് വിശ്വസിച്ചിരുന്ന ഒരു പെൺകുട്ടി. വിശുദ്ധപ്രണയം ഒക്കെ മാറ്റിവെച്ച് ജീവിതം സെറ്റാക്കാൻ ഏറ്റവും ചേർന്ന ബന്ധം ഏത് എന്ന് മാത്രം അന്വേഷിക്കുന്ന വ്യക്തി. ട്രാഫിക്നിയമങ്ങൾ തെറ്റിക്കുന്ന പല വിധ കറക്റ്റ്നെസുകൾ കുറഞ്ഞ യുവതി. സ്വന്തം സൗന്ദര്യത്തിൻ്റെ മാർക്കറ്റ് വാല്യൂവിൽ അഹങ്കരിക്കുന്ന സ്ത്രീ. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയരീതികളെ ഓർമ്മിപ്പിച്ച അവതരണ രീതിയായിരുന്നു കല്യാണി പ്രിയദർശൻ്റേത്. ഉള്ളുതുറന്ന് കരയാനും ഉള്ളുതുറന്ന് പ്രണയിക്കാനും വൈകി മാത്രം പഠിച്ച ഒരാൾ ആണ് നികിത. അതിലെന്താ തെറ്റ്? അങ്ങനെയുമാണ് മനുഷ്യർ. ഹിപോക്രസി, സ്വാർത്ഥത, ഇതൊന്നും പെണ്ണുങ്ങൾക്ക് എന്താ ചേരില്ലേ? വിമാനം പറത്തുന്ന പല്ലവിയെ മാത്രേ നിങ്ങൾ കാണൂ? ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് ഫൈൻ അടയ്ക്കുന്ന നികിതയെ നിങ്ങൾ കാണില്ലേ?  3. ഡോ. ഷെർലി

  ഉർവ്വശിയുടെ ഒരു രക്ഷയുമില്ലാത്ത അഭിനയം <3

  ഒരു ഡിസ്റ്റൻസ് വെക്കുന്നത് ഏത് ബന്ധത്തിലും നല്ലതാണെന്ന് തിരിച്ചറിഞ്ഞ സ്ത്രീ. മകൻ്റെ ഭാഗം ന്യായീകരിക്കാത്ത അമ്മ. ജോലി ചെയ്യുന്ന അഭിമാനിയായ ബുദ്ധിമതിയായ സ്ത്രീ. തൻ്റെ മകൻ്റെയും ഭർത്താവിൻ്റെയും സ്വഭാവങ്ങളിലെ അപാകതകളെക്കുറിച്ച് ബോധവതിയായിരിക്കെത്തന്നെ ആ കുടുംബവ്യവസ്ഥയ്ക്കകത്ത് തുടരുന്നു. എങ്കിലും ആ കുടുംബത്തിലേയ്ക്ക് മറ്റൊരു പെൺകുട്ടി വന്നുപെടരുതെന്ന കരുതലുണ്ടാകുന്നു. അങ്ങനെയുമാണ് മനുഷ്യർ. എല്ലാ പോരായ്മകളും അറിയുമ്പോഴും ഇട്ടെറിഞ്ഞുപോരാൻ അവർക്ക് സാധിക്കണമെന്നില്ല. അതിനെ ത്യാഗമെന്ന് വിളിക്കരുത്. ബുദ്ധിമോശം എന്നും.

  4. ആകാശവാണി

  ഭർത്താവിനോട് നിരന്തരം വഴക്കിട്ടിരുന്ന ഒരു സ്ത്രീ. ഭർത്താവ് മരിച്ച ശേഷം അയാളെയും അവരുടെ വഴക്കുകളെയും മിസ് ചെയ്യുകയും ചെയ്യുന്നു. ആകാശവാണിയിൽ ജോലി ചെയ്തിരുന്ന, പ്രായമായിട്ടും മറ്റൊരു നാട്ടിൽ എത്തിപ്പെട്ടിട്ടും സീരിയൽ നടിയായി തകർത്തഭിനയിക്കുന്ന, താൻ ചെയ്യുന്ന പ്രവൃത്തിയിൽ സന്തോഷം കണ്ടെത്താനാകുന്ന സ്ത്രീ. വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശത്തിൻ്റെ രൂപത്തിലാകട്ടെ മറ്റെന്തു വിധേനയുമാകട്ടെ, തൻ്റെ ജീവിതാഭിലാഷങ്ങൾ നിറവേറ്റാൻ കിട്ടുന്ന ഏതവസരവും പാഴാക്കാത്ത മിടുക്കിയായ സ്ത്രീ. ബുദ്ധിമതിയായ ഒരു സ്ത്രീയല്ലേ ആകാശവാണി !  5. കുക്കറമ്മ

  ഇവരുടെ ഭർത്താവിനെ സിനിമയിൽ കാണുന്നില്ല. മരിച്ചുപോയതാകാം. പിരിഞ്ഞതാകാം. പല വീടുകളിൽ പണിയെടുത്ത് ജീവിക്കുന്ന സ്ത്രീ. മകനും അമ്മയുമായുള്ള അടുപ്പം വ്യക്തമാകുന്ന നിരവധി സംഭാഷണങ്ങളുണ്ട്. സിംഗിൾ മദർ എന്ന നിലയിൽ അവർ ഒരു വിജയമായിരിക്കണം.

  6. നീതയുടെ ശിഷ്യ

  ആത്മവിശ്വാസമുള്ള പെൺകുട്ടി. മനുഷ്യരുടെ പലതരം റിലേഷൻഷിപ്പുകളെക്കുറിച്ച് നല്ല ബോധ്യമുള്ളവൾ. ടീച്ചറോട് അവരുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു. ടീച്ചറെ സ്വതന്ത്രയും സൗന്ദര്യബോധമുള്ളവളുമായി മാറാൻ സഹായിക്കുന്നു. വളരെ തുറന്ന മനോഭാവവും എളുപ്പത്തിൽ ആളുകളുമായി ഇടപെടാനുള്ള കഴിവും ഉണ്ട്. മൾട്ടി ടാസ്കിങ് സാധ്യമായ, ചിത്രം വരയ്ക്കുന്ന, നൃത്തമഭ്യസിക്കുന്ന , ഫ്രഞ്ച് ഭാഷ പഠിക്കുന്ന, ജോലി ചെയ്തു ജീവിക്കാനാഗ്രഹിക്കുന്ന പെൺകുട്ടി. തൻ്റെ ശരീരപ്രകൃതിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള സംസാരവും പെരുമാറ്റവും. തൻ്റെ കാമുകൻ തന്നെ ഇതേ രൂപത്തിൽ സ്നേഹിക്കുന്നവനാണ് / ആകണം എന്ന ബോധമുള്ള യുവതി.

  7. വഫ

  തൻ്റെ കാമുകനായ ബിബീഷിന് ഇഷ്ടപ്പെടുന്നില്ല എന്നറിഞ്ഞുകൊണ്ടുതന്നെ സഹപ്രവർത്തകനോട് സംസാരിക്കുന്നതായാണ് വഫയെ സിനിമയിൽ ആദ്യം കാണുന്നത്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചാണ് വഫ അയാളോട് സംസാരിക്കുന്നത്. കാമുകൻ ഉണ്ടായാലും അയാൾക്ക് കേൾക്കാനും കാണാനും വേണ്ടി മാത്രമല്ല വഫ ജീവിക്കുന്നത്. കരിയറിൽ വളരെ അംബീഷ്യസ് ആയ യുവതിയാണ് വഫ . ബിബീഷിന് വിദേശത്തു പോകാൻ താല്പര്യമില്ല എന്നു കരുതി തനിക്ക് കിട്ടിയ അവസരം അവൾ പാഴാക്കുന്നില്ല. അവസരങ്ങളെക്കുറിച്ചും തൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാമുകനെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. ഇറെസ്പോൺസിബിൾ എന്ന് പറയാവുന്ന വിധത്തിൽ പെരുമാറുന്ന കാമുകനെ ഉപേക്ഷിച്ച് സ്വന്തം കരിയറിന് പ്രാധാന്യം നൽകാൻ അവൾ തീരുമാനിക്കുന്നു. It is over എന്നു പറയാൻ ധൈര്യം കാണിക്കുന്നു. എന്നിട്ടും ഒരു തേപ്പുകാരിയുടെ ലേബൽ ചാർത്തിക്കിട്ടിയേക്കാവുന്ന കഥാപാത്രമാണ് വഫ. "ബോയ്ഫ്രണ്ട് വേണ്ടെന്ന് വെക്കുന്ന ഓഫർ ഗേൾഫ്രണ്ടും വേണ്ടെന്ന് വെക്കണമെന്നു പറയുന്നത് നീതിയല്ല " എന്ന് എവിടെയോ ഒരിടത്ത് സിനിമ വഫയുടെ പക്ഷം പറയുന്നു. വഫ ഒരു ചെറിയ കഥാപാത്രമല്ല.  8. നീന

  "അവർ ആ സ്ക്രീനിൽ വന്നുനിന്നാലുണ്ടല്ലോ സാറേ വേറൊന്നും കാണാൻ പറ്റില്ല " എന്ന് പറയിക്കുന്ന ശോഭനയുടെ ഗ്രേയ്സ് <3

  പത്താം ക്ലാസിൽ ഒന്ന്, പ്രീഡിഗ്രിക്ക് ഒന്ന്, ഡിഗ്രിക്ക് രണ്ട്, പി. ജി ക്ക് ഒന്ന് എന്നിങ്ങനെ അഞ്ച് പ്രണയങ്ങളിൽ പെട്ടവൾ. അവരിൽ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചാമത്തവനോടൊപ്പം ഒളിച്ചോടിപ്പോയി അവനെ വിവാഹം ചെയ്തവൾ. ഒരു ഇളക്കക്കാരി / പ്രണയരോഗി എന്ന ലേബൽ വീട്ടുകാർക്കിടയിലും സ്വന്തം മകളുടെ മനസ്സിലും സമ്പാദിച്ച കുപ്രസിദ്ധ പ്രണയിനി. ഇത്രമേൽ പ്രണയിനിയായിരിക്കെത്തന്നെ ഭർത്താവിൻ്റെ പെരുമാറ്റങ്ങളിലെ നീതികേടുകൾ തിരിച്ചറിയാനും ചങ്ങലയായി മാറിയ വിവാഹബന്ധത്തെ ഉപേക്ഷിക്കാനുമുള്ള തീരുമാനത്തിലെത്താൻ നീനയ്ക്ക് സാധിക്കുന്നുണ്ട്. വിവാഹബന്ധത്തിൻ്റെ തകർച്ചയ്ക്ക് അവളിലെ പ്രണയഭാവത്തിന് യാതൊരു പോറലും വരുത്താനാകുന്നില്ല. പ്രണയത്തിന് വിവാഹത്തോടു കൂടി മറ്റൊരു മുഖം കൈവന്നേക്കാമെന്നും പരസ്പരം അറിയാമെന്ന് അഹങ്കരിക്കുന്ന പ്രണയികൾ തമ്മിൽ തമ്മിൽ അപരിചിതരായി മാറിയേക്കാമെന്നുമുള്ള തിരിച്ചറിവ് അവൾക്കുണ്ട്. റൂമിയുടെ പ്രണയകവിതകൾ വായിച്ചും നൃത്തം ചെയ്തും പാട്ടുപാടിയും കൂട്ടുകൂടിയും ജോലി ചെയ്തും സ്വന്തം സന്തോഷങ്ങൾ കണ്ടെത്താൻ നീനയ്ക്ക് സാധിക്കുന്നു. മകളെ വളർത്തി തൻ്റേടിയാക്കി മാറ്റിയത് നീനയുടെ പേരൻ്റിങിലെ വിജയമാണ്.

  മേജർ ഉണ്ണിക്കൃഷ്ണൻ എന്ന തൻ്റെ ആറാമത്തെ കാമുകനോട് പ്രണയം പ്രകടിപ്പിക്കാൻ അവൾക്ക് യാതൊരു പ്രയാസവും തോന്നുന്നില്ല. ചിറകുള്ള പക്ഷികൾ പറക്കും പോലെ, പൂവിലെ ഇതളുകൾ വിടരും പോലെ അത്രയും സ്വാഭാവികമാണ് നീനയ്ക്ക് പ്രണയം.

  വിവാഹപ്രായമെത്തിയ ഒരു മകൾ ഉണ്ടായിരിക്കെ അമ്മ ഡേറ്റിങ്ങിനു പോകുന്നതൊക്കെ സമ്മതിച്ചു തരാൻ മാത്രമായോ നീന ജീവിക്കുന്ന സമൂഹം എന്നു ചോദിച്ചാൽ തീർച്ചയായും ആയിട്ടില്ല. Kanwal sethi സംവിധാനം ചെയ്ത Once again എന്ന സിനിമയിൽ ഹോട്ടൽ ഉടമസ്ഥയും വിധവയുമായ ഒരു മധ്യവയസ്കയും പ്രശസ്തനായ ഒരു സിനിമാനടനും തമ്മിൽ തീർത്തും അവിചാരിതമായ ഒരു സന്ദർഭത്തിൽ പ്രണയത്തിലാകുന്നു. കുടുംബത്തിന് നാണക്കേടു വരുത്തിയതിനാൽ അവളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു പോലും ആ സ്ത്രീയ്ക്ക് വിലക്കുകളുണ്ടാകുന്നു. ഒടുവിൽ അത്രയും കാലം മക്കൾക്ക് വേണ്ടി തൻ്റെ ജീവിതം മാറ്റി വെച്ച ആ സ്ത്രീ തൻ്റെ കാമുകനോടൊപ്പമുള്ള പുതിയൊരു കാലത്തെയും സമൂഹത്തിനു മുകളിൽ അവനവനെത്തന്നെയും തിരഞ്ഞെടുക്കുന്നിടത്താണ് once again അവസാനിക്കുന്നത്.

  വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ നീനയ്ക്കും സമാനമായ പ്രതിസന്ധികൾ നേരിടേണ്ടിവരുന്നുണ്ട്. അവളുടെയും മേജർ ഉണ്ണിക്കൃഷ്ണൻ്റെയും പ്രണയം ഫ്ലാറ്റിൽ മുഴുവൻ സംസാരവിഷയമാകുന്നു. മകളുടെ വിവാഹം ഇക്കാരണത്താൽ മുടങ്ങുന്നു. മകൾ നീനയോട് പിണങ്ങുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും നീന തൻ്റെ പ്രണയത്തിൽനിന്ന് പിന്മാറുന്നില്ല. ദൈവത്തിനുമുന്നിൽ കുമ്പസരിക്കാൻ മാത്രംപോന്ന തെറ്റൊന്നുമല്ല ഒരാളെ സ്നേഹിക്കുന്നത് എന്ന കാര്യത്തിൽ അവൾക്ക് വിശ്വാസമുണ്ട്. ഇനി അഥവാ മറ്റൊരിക്കൽ ഈ മേജർ ഉണ്ണിക്കൃഷ്ണന് തൻ്റെ ദേഷ്യം / ഈഗോ നിയന്ത്രിക്കാനാകാതെ വരികയും അയാൾ നീനയെ തല്ലുകയും ചെയ്യുന്ന ഒരു സന്ദർഭം ഉണ്ടാവുകയാണെങ്കിലോ? അന്ന് അയാളെയും വിട്ട് ഇറങ്ങിപ്പോകാൻ നീനയ്ക്ക് തീർച്ചയായും കഴിയും.

  " കന്യമാർക്ക് നവാനുരാഗങ്ങൾ
  കമ്രശോണസ്ഫടികവളകൾ
  ഒന്നു പൊട്ടിയാൽ മറ്റൊന്നിവ്വണം..." (വൈലോപ്പിള്ളി - കുടിയൊഴിക്കൽ) അവ മാറ്റിയിടുക തന്നെയാണ് വേണ്ടത്. കന്യയാകിലും അല്ലായ്കിലും. അല്ലാതെ പൊട്ടിയ വളകൊണ്ട് കൈ മുറിക്കുകയല്ല വേണ്ടത്. നീനയുടെ ആറ് പ്രണയങ്ങളും ഓരോ കമ്രശോണസ്ഫടികവളകളായിരുന്നു. ആറാമത്തെ വളയും പൊട്ടുകിൽ ആ തികഞ്ഞപ്രണയിനി മറ്റൊരു ചുവന്ന കുപ്പിവള ധരിക്കും. അത്രതന്നെ.

  നീനയെ പ്രണയിക്കുന്നതിനു മുൻപൊരു ദിവസം മേജർ ഉണ്ണിക്കൃഷ്ണൻ അയാളുടെ വീട്ടിലിരുന്ന് കേൾക്കുന്ന ഒരു സിനിമാഗാനമുണ്ട്. - അനുരാഗലോലഗാത്രി വരവായി നീലരാത്രി (ധ്വനി) എന്ന ഗാനമാണ് അത്. ധ്വനി എന്ന സിനിമയിലെ നായിക മൂകയായിരുന്നു. മേജറുടെ മൂകയായ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ അയാൾക്കുള്ളിലെ പ്രണയിനിയുടെ രൂപഭാവങ്ങളിലേയ്ക്ക് പക(ട)രുന്നതിനെ സൂചിപ്പിക്കുന്നു എന്നതാണ് ആ ഗാനത്തിന് സിനിമയിലുള്ള പ്രാധാന്യം. അല്ലാതെ ആ പാട്ട് അപ്പാടെ ശോഭന എന്ന നടിയുടെ റഫറൻസ് അല്ല. ഇത്തരത്തിൽ ചിന്തിച്ചാൽ മേജർ ഉണ്ണിക്കൃഷ്ണന് ശോഭന എന്ന നടിയോട് തോന്നിയിരുന്നു എന്ന് പറയപ്പെടുന്ന ക്രഷിലും അതിൻ്റെ തുടർച്ചയെന്നവണ്ണം ശോഭനയുടെ ഛായയുള്ള നീനയോട് തോന്നുന്ന പ്രണയത്തിലും ഈഡിപ്പൽ വികാരങ്ങൾ ഉണ്ടെന്ന് പറയാം. നീനയെഴുതിക്കൊടുത്ത കത്ത് വായിച്ചശേഷം മേജർ പ്രസംഗിച്ചതപ്പാടെ തൻ്റെ അമ്മയെക്കുറിച്ചായിരുന്നല്ലോ. അമ്മയോടൊന്നും സംസാരിക്കാതെ വളർന്ന മകന് മുതിർന്നപ്പോൾ മറ്റു സ്ത്രീകളുമായി സംസാരിക്കാൻ വിഷയങ്ങളില്ലാതെയായി. മൂകയായ അമ്മയിൽനിന്നും വാചാലയായ പ്രണയിനിയിലേക്കുള്ള മേജർ ഉണ്ണിക്കൃഷ്ണൻ്റെ യാത്രയാണ് ആ ഗാനവും പ്രണയവും .

  "ശോ ! എന്താലേ." ഞാൻ ഇനി എന്ത് പറയാനാ !

  (അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:Rajesh V
  First published: