സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഹ്വിഗ്വിറ്റയെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. തന്റെ പ്രശസ്ത കഥമായ കഥയുടെ പേര് അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്ന പരാതിയുമായി എഴുത്തുകാരന് എന്‍.എസ് മാധവന് രംഗത്തെത്തിയതോടെയാണ് ‘ഹിഗ്വിറ്റ’ വിവാദം കേരളത്തില്‍ ചൂടുപിടിച്ചത്.
എന്നാല്‍ ഈ സമയം മുന്‍ കൊളംബിയന്‍ ഫുട്ബോൾ ടീം ഗോൾകീപ്പറായ യഥാര്‍ത്ഥ ഹിഗ്വിറ്റ കൊച്ചുമകള്‍ക്കൊപ്പം കുതിര സവാരിയിലായിരുന്നു. കൊച്ചുമകള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ബുദ്ധിജീവികളടക്കമുളളവർ ഹിഗ്വിറ്റയുടെ പേരിൽ ചേരിതിരിഞ്ഞ് പോരടിക്കവേയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത് എന്ന് ശ്രദ്ധേയമാണ്.
ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടിക്കൊടുത്ത താരമാണ് റെനെ ഹിഗ്വിറ്റ.
ഹിഗ്വിറ്റ; ഗോൾമുഖം വിട്ട് കളിക്കളം നിറഞ്ഞു കളിച്ച ഗോൾ കീപ്പർ വീണ്ടും ചർച്ചയാകുമ്പോള്‍
എന്നാല്‍ തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരു തരത്തിലും മാറ്റില്ലെന്ന് സംവിധായകന് ഹേമന്ത് ജി. നായര്‍ പറഞ്ഞു. എന്‍.എസ്. മാധവനെ മനഃപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും ഹേമന്ത് വ്യക്തമാക്കി.
തന്റെ ആദ്യ സിനിമയില്‍ പ്രതീക്ഷിക്കാതെ വന്ന വിവാദത്തില്‍ പകച്ചുനില്‍ക്കുകയാണ് സംവിധായകൻ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയായിരുന്നു. 2019 നവംബര്‍ 8 നാണ് മലയാളത്തിലെ പ്രമുഖരായ എട്ടു താരങ്ങളുടെ സോഷ്യല്‍ മീഡിയവഴി ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നു. കോവിഡും മറ്റ് പല പ്രതിസന്ധിയും മറികടന്ന് ഇപ്പോഴാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. അന്നില്ലാത്ത വിവാദം എങ്ങനെ ഇന്നുണ്ടായി എന്ന് അറിയില്ലെന്നും ഹേമന്ത് പറഞ്ഞു.
അതേസമയം ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കില്ലെന്ന് ഫിലിം ചേമ്പറിൽ നിന്ന് ഉറപ്പ് ലഭിച്ചതായി എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. പേര് ഉപയോഗിക്കരുത് എന്ന് ഫിലിം ചേമ്പറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ തനിക്ക് അറിയിപ്പ് ലഭിച്ചില്ല എന്ന് സിനിമയുടെ സംവിധായകൻ പറഞ്ഞു. പേര് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.