സംവിധായക നയന സൂര്യന്റെ (Nayana Sooryan) മരണം കൊലപാതകമെന്ന തരത്തിൽ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് മൂന്ന് വർഷം മുൻപ് നടന്ന മരണത്തിൽ ദുരൂഹതയേറുന്നു. ഈ വേളയിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെടുകയാണ് നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങളുടെ സംവിധായക വിധു വിൻസെന്റ്. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവിലെ മുൻ അംഗമാണ് വിധു.
‘അന്തരിച്ച സംവിധായിക നയന സൂര്യന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കൽ നേരത്തേ തന്നെ ഈ റിപ്പോർട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോൾ മനസിലാവുന്നത്. കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് നയന മരണപ്പെട്ടതെങ്കിൽ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം. അതിനുള്ള ബാധ്യത ഇവിടുത്തെ നിയമ സംവിധാനങ്ങൾക്കുണ്ട്. ഷുഗർ ലെവൽ താഴ്ന്ന് കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ഞാനടക്കമുള്ള പലരും അന്നറിഞ്ഞത്, പോസ്റ്റ് മാർട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുമ്പോഴും ആ നറേറ്റീവാണ് എല്ലാവരും കേട്ടത്.. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? പോസ്റ്റ് മാർട്ടം റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ആരാണ് ഇതിന് പിന്നിൽ ? ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമുണ്ട്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്… അടിയന്തിരമായി ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായേ തീരൂ.,’ വിധു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അസ്വാഭാവികമരണത്തിന് കേസെടുത്ത് മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്.ഡി. ഓഫീസ് നല്കുന്ന വിവരം. എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാരാകട്ടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുമില്ല.
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Summary: A probe into the death of young director Nayana Sooryan is demanded by filmmaker Vidhu Vincent. Three years ago, Nayana’s body was discovered at her rented home in the city of Thiruvananthapuram. Now, a postmortem report reveals the serious injuries she had before passing away
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.