തിയേറ്റർ കാണാതെ ഒരു മലയാള താരചിത്രം ഡിജിറ്റൽ പ്ലാറ്റുഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക. കോവിഡ് പ്രതിസന്ധിയിൽ രാജ്യമെമ്പാടും തിയേറ്ററുകൾ അടച്ചപ്പോൾ നീണ്ടനാളത്തെ കാത്തിരിപ്പിലേക്ക് പോവാതെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മാത്രം ബാക്കിയുണ്ടായിരുന്ന ജയസൂര്യയുടെ 'സൂഫിയും സുജാതയും' പ്രദർശിപ്പിക്കാനുള്ള അനുമതി നിർമ്മാതാവ് വിജയ് ബാബു ഒ.ടി.ടി. പ്ലാറ്റുഫോമായ ആമസോൺ പ്രൈമിന് നൽകി.
അതുവരെയും ഓവർസീസ് റൈറ്റുകൾ വിൽക്കാത്ത, വിതരണത്തിന്റെയും പ്രദർശനത്തിന്റെയും അവകാശങ്ങൾ മറ്റെങ്ങും നൽകാത്ത ചിത്രം എന്തുകൊണ്ടും ഡിജിറ്റൽ റിലീസിന് അനുയോജ്യമായതുകൊണ്ട് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. വൻ പ്രോഫിറ്റ് കണക്കുകൾ നിരത്താൻ ഇല്ലെങ്കിലും നഷ്‌ടം വരാത്ത രീതിയിൽ ചിത്രം വിജയമാണെന്ന് നിർമ്മാതാവ് പറയുന്നു.
Also read: Sufiyum Sujathayum Review | സൂഫി സംഗീതം പോലൊരു പ്രണയകാവ്യം
സൂഫിയായി പുതുമുഖം ദേവ് മോഹനും സുജാതയായി ബോളിവുഡിൽ നിന്നും അദിതി റാവു ഹൈദരിയും മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്ത സിനിമ അവരുടെ അപൂർവ പ്രണയത്തിന്റെ സാക്ഷ്യമെന്നോണമാണ് പ്രേക്ഷകർ സ്വീകരിച്ചത്. എം. ജയചന്ദ്രന്റെ സംഗീതം മറ്റേതോ ലോകത്തേക്കെന്ന പോലെ കൂട്ടിക്കൊണ്ടു പോയ അനുഭവം പലരും സാക്ഷ്യപ്പെടുത്തി.
എന്നാൽ ഡോ: രാജീവൻ എന്ന ജയസൂര്യയില്ലായിരുന്നെങ്കിൽ നടക്കാതെ പോകുമായിരുന്ന ചിത്രം കൂടിയാകുമായിരുന്നു 'സൂഫിയും സുജാതയുമെന്ന്' വിജയ് ബാബു വെളിപ്പെടുത്തുന്നു.
"ജയസൂര്യ ഒകെ പറഞ്ഞില്ലായിരുന്നില്ലെങ്കിൽ 'സൂഫിയും സുജാതയും' എന്ന പ്രൊജക്റ്റ് ഒരിക്കലും സംഭവിക്കില്ലായിരുന്നു. രാജീവിന്റെ സത്യസന്ധമായ പ്രണയ കാവ്യം കൂടിയാണ് സൂഫിയും സുജാതയും. കഥാപാത്രങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ സൂഫി പ്രണയിച്ചതിനേക്കാൾ കൂടുതൽ രാജീവൻ സുജാതയെ പ്രണയിച്ചിരുന്നു," വിജയ് ബാബു പറയുന്നു. പ്രേക്ഷകർക്ക് അതെങ്ങനെ അനുഭവപ്പെട്ടു എന്നറിയാനും നിർമ്മാതാവിന് കൗതുകമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aditi Rao Hydari, Jayasurya, Sufiyum Sujathayum, Vijay Babu