• HOME
 • »
 • NEWS
 • »
 • film
 • »
 • Lata Mangeshkar | എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെപ്പോലെ: ലതാ മങ്കേഷ്കറിന്റെ ഓർമ്മയിൽ വഹീദ റഹ്മാൻ

Lata Mangeshkar | എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെപ്പോലെ: ലതാ മങ്കേഷ്കറിന്റെ ഓർമ്മയിൽ വഹീദ റഹ്മാൻ

'ലതാജി ലജ്ജാവതിയും നിശബ്ദയും ആണെന്നും, ആരുമായും ഇടപഴകാൻ ഇഷ്ടപ്പെടുന്നില്ലെന്നും പലരും കരുതി. എന്നാൽ തികച്ചും വ്യത്യസ്തമായ അനുഭവമാണ് എനിക്കുണ്ടായത്': വഹീദ റഹ്മാൻ

ലതാ മങ്കേഷ്‌കർ, വഹീദ റഹ്മാൻ

ലതാ മങ്കേഷ്‌കർ, വഹീദ റഹ്മാൻ

 • Last Updated :
 • Share this:
  #Sonil Dedhia

  ലതാ മങ്കേഷ്‌കർ (Lata Mangeshkar) തന്റെ കരിയറിൽ, വഹീദ റഹ്മാൻ (Waheeda Rehman) അഭിനയിച്ച സിനിമകൾക്കായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജനപ്രിയ ബോളിവുഡ് നടിക്ക് വേണ്ടി ലത പാടിയ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ 'ഗൈഡ്' എന്ന സിനിമയിൽ നിന്നുള്ളതാണ്. 'പിയാ തോസെ...' മുതൽ 'ആജ് ഫിർ ജീനെ കി തമന്ന...' വരെ, വഹീദ ചുണ്ടിൽ സമന്വയിപ്പിച്ച ഈണങ്ങൾ നമ്മുടെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കും. ന്യൂസ് 18നുമായുള്ള സംഭാഷണത്തിൽ, മങ്കേഷ്‌കറുമൊത്തുള്ള കാലം വഹീദ ഓർത്തെടുക്കുന്നു. ലതാ മങ്കേഷ്‌കർ തന്റെ ഉറ്റസുഹൃത്തിനെപ്പോലെയാണെന്ന് വഹീദ.

  "ഇത് ശരിക്കും നിരാശാജനകവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയാണ്. എനിക്ക് വല്ലാത്ത മരവിപ്പ് തോന്നുന്നു. ആ മുഖം ഓർക്കുമ്പോൾ ദശലക്ഷം ഓർമ്മകൾ മനസ്സിലൂടെ കടന്നുപോകുന്നു. ഏതാണ്ട് ഉറ്റ ചങ്ങാതിമാരെപ്പോലെ ഞങ്ങൾ വളരെ സൗഹൃദപരമായ ബന്ധത്തിലായിരുന്നു. നാലഞ്ചു വർഷങ്ങൾക്ക് മുമ്പ് യൂസഫ് സാബിന്റെ (ദിലീപ് കുമാർ) വീട്ടിൽ വച്ചാണ് ഞങ്ങൾ അവസാനമായി കാണുന്നത്. അവർ അദ്ദേഹത്തെ കാണാൻ വന്നതായിരുന്നു. ഞാനും അവിടെ ഉണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങുമ്പോൾ, ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ ഒന്നിച്ച്‌ കുറച്ചുനേരം ചിലവിട്ടു.

  ലതാജി തന്റെ കാലഘട്ടത്തേക്കാൾ വളരെ മുന്നിലായിരുന്നു, കൂടാതെ സാങ്കേതികവിദ്യയിലും നല്ല അറിവുണ്ടായിരുന്നു. അവർക്ക് സിനിമാ വ്യവസായത്തിൽ നടക്കുന്ന സംഭവങ്ങൾ പിന്തുടരാനും, യുവ തലമുറയുമായി ബന്ധം കാത്തുസൂക്ഷിക്കാനും കഴിഞ്ഞു. ഈ വിയോഗത്തോടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു അപൂർവ പ്രതിഭയെയാണ്.

  എന്റെ കരിയറിലെ ചില ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ പല ഗാനങ്ങൾക്കും അവർ ശബ്ദം നൽകി. ഗൈഡിലെ 'ആജ് ഫിർ ജീനേ കി തമന്ന ഹേ' എന്ന ഗാനമാണ് എനിക്ക് പ്രിയപ്പെട്ടത്. സത്യത്തിൽ ആ പാട്ട് അവർക്കും പ്രിയപ്പെട്ടതാണെന്ന് എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. ലതാജിയുടെ ഒരു വലിയ കാര്യം, പാട്ടിന്റെ മാനസികാവസ്ഥയും സാഹചര്യവും ആദ്യം മനസ്സിലാക്കുകയും പാട്ട് ചിത്രീകരിക്കാൻ പോകുന്ന അഭിനേതാവ് ആരെന്ന് അന്വേഷിക്കുകയും ചെയ്യാറുണ്ട് എന്നതാണ്. അതിനുശേഷം പാട്ട് പാടുകയും ചെയ്യും. 'ആജ് ഫിർ ജീനേ കി തമന്നാ ഹേ...' എന്ന ഗാനം ആലപിച്ചപ്പോൾ, ലതാജി തന്റെ സമസ്ത വികാരങ്ങളും ആ ഗാനത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രമാണ് എനിക്ക് അവതരിപ്പിക്കാൻ എളുപ്പമായത്. ഞങ്ങൾ ഒരുമിച്ച് ചെയ്ത അവസാന ഗാനം രംഗ് ദേ ബസന്തിയിലെ ലുക്കാ ചുപ്പിയാണ്. ഞാൻ പാട്ട് ലിപ്-സിങ്ക് ചെയ്തില്ലെങ്കിലും, അത് ശരിക്കും ഒരു ഇമോഷണൽ ഗാനമായിരുന്നു.  അവർ ലജ്ജാവതിയും നിശബ്ദയും ആണെന്നും, ആരുമായും ഇടപഴകാൻ ഇഷ്ടപ്പെടുന്നില്ലെന്നും പലരും കരുതി. എന്നാൽ തികച്ചും വ്യത്യസ്തമായ അനുഭവമാണ് എനിക്കുണ്ടായത്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അവർ എന്നെ കെട്ടിപ്പിടിക്കുമായിരുന്നു.

  എനിക്ക് സിനിമ ഓർമയില്ല, പക്ഷേ യാഷ് ചോപ്രയ്‌ക്കൊപ്പം മെഹബൂബ് സ്റ്റുഡിയോയിൽ ലതാജി ഒരു ഗാനം റെക്കോർഡ് ചെയ്യുകയായിരുന്നു. ഞാനും ആ സിനിമയുടെ ഭാഗമായിരുന്നു. അവർ അഭിനേതാവിനെക്കുറിച്ച് അന്വേഷിച്ചു. അത് ഞാനാണെന്ന് യാഷ്ജി പറഞ്ഞപ്പോൾ, അങ്ങോട്ട് വരാമോ എന്ന് എന്നോട് ആരാഞ്ഞു. യാഷ്ജി എന്നെ വിളിച്ചു, ഞാൻ സ്റ്റുഡിയോയിലേക്ക് പോയി. ഞാൻ എത്തിയപ്പോൾ അവർ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. എല്ലാവരും ഞങ്ങളെ നോക്കാൻ തുടങ്ങി. ലതാജി എന്നോട് ഇത്ര തുറന്ന് ഇടപഴകാറുണ്ടോ എന്ന് അവർ അത്ഭുതപ്പെട്ടു. ഒരു കുഞ്ഞിന്റേതെന്ന പോലത്തെ നിഷ്കളങ്കത ലതാജിയിൽ ഉണ്ടായിരുന്നു.

  അവസാനമായി അവർ എന്റെ വീട് സന്ദർശിച്ചപ്പോൾ, അര മണിക്കൂർ നേരത്തേക്കെന്നു പറഞ്ഞാണ് വന്നതെങ്കിലും ഏകദേശം മൂന്ന് മണിക്കൂർ ഇരുന്നു. അത്താഴം കഴിക്കാൻ ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ താൻ ഭക്ഷണത്തിൽ വളരെ ശ്രദ്ധാലുവാണെന്ന് എന്നോട് പറഞ്ഞു. ഞാൻ അവർക്ക് കബാബ്, ബിരിയാണി, ചോക്ലേറ്റ് എന്നിവ അയച്ചുകൊടുക്കുകയും, എനിക്ക് സാരികൾ മടക്കി അയയ്‌ക്കുകയും ചെയ്‌ത നിരവധി സന്ദർഭങ്ങളുണ്ട്.

  തന്റെ ശബ്ദത്തിലൂടെ ലതാജി എന്നും അനശ്വരയായി നിലകൊള്ളും. ശ്രുതിമധുരമായ ആ ശബ്ദം ഭാവിയിൽ പല തലമുറകൾക്കും കേൾക്കാം."
  Published by:user_57
  First published: