ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടാത്തതിലും റിപ്പോർട്ടിന്മേൽ നടപടി എടുക്കാത്തതിലും ആശങ്ക അറിയിച്ചുകൊണ്ട് സർക്കാരിന് കത്തയച്ച് ഡബ്ല്യൂസിസി (WCC). കമ്മിറ്റിയുടെ പഠനം ചര്‍ച്ച ചെയത് നടപടിയെടുക്കണമെന്നാണ് ഡബ്ല്യൂസിസി അയച്ച കത്തിലെ ഉള്ളടക്കം. വിഷയം സംബന്ധിച്ച് മന്ത്രി പി രാജീവുമായി (P Rajeev) നടത്തിയ കൂടിക്കാഴ്ചയിൽ സമർപ്പിച്ച കത്ത് ഡബ്ല്യൂസിസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രിക്ക് സമർപ്പിച്ച കത്തിൽ, സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവര്‍ക്കേ സ്ത്രീപക്ഷ കേരളം വാര്ത്തെടുക്കാനാകൂവെന്നും എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ ഏര്‍പ്പെടുത്തണമെന്നും ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്കായി മന്ത്രി ബുധനാഴ്ച വിളിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും കത്തിൽ പറയുന്നു.
ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് -
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങള്‍ നടത്തിയ മീറ്റിങ്ങില്‍ (21/01/2022) സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു- 'ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടുപോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ട് വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.
അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.'- ഡബ്ല്യൂസിസി കുറിച്ചു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.