നടൻ അലെൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ WCC. നടിക്ക് നിരുപാധിക പിന്തുണയുണ്ടെന്നും WCC അറിയിച്ചു.
നടൻ അലെൻസിയറിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ WCCക്ക് പരാതി നൽകിയിരുന്നുവെന്ന് മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു. പരാതി നൽകിയപ്പോൾ നടൻ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്നാണ് WCCനേതൃത്വം ചോദിച്ചതെന്നും ഫേസ്ബുക്ക് ലൈവിൽ നടി തുറന്നുപറഞ്ഞിരുന്നു. ഇതു കൂടാതെ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ മുൻപാകെയും പരാതി നൽകിയിരുന്നുവെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി വനിതാ കൂട്ടായ്മ രംഗത്തെത്തിയത്.
സിനിമാ സെറ്റിൽ വച്ച് നടൻ അലൻസിയറിൽ നിന്ന് മോശം അനുഭവം നേരിട്ടുവെന്ന തുറന്നു പറച്ചിൽ ട്വിറ്റർ ഹാൻഡിലായ ഇന്ത്യ പ്രൊട്ടസ്റ്റ്സിൽ തിങ്കളാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചതിന്റെ പേരിലും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടി ദിവ്യ ഗോപിനാഥ് ആ നടി താനാണെന്ന വെളിപ്പെടുത്തൽ ഫേസ്ബുക്കിലൂടെ നടത്തിയത്. തന്റെ നാലാമത്തെ ചിത്രത്തിൽ വർക്ക് ചെയ്യുന്ന സമയത്താണ് അലെൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.