ചെന്നൈ: ആദായനികുതി വകുപ്പ് തമിഴ് സൂപ്പര്‍താരം വിജയിയെ ചോദ്യം ചെയ്തതോടെയാണ് അൻപുചെഴിയൻ എന്ന പേരും ഉയർന്നുകേട്ടത്. സ്വന്തമായി നിർമാണ കമ്പനിയുണ്ടെങ്കിലും തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്നതിന് മറ്റു നിർമാതാക്കൾക്ക് വട്ടിപ്പലിശക്ക് പണം കടം നൽകുകയാണ് അൻപുചെഴിയന്റെ പ്രധാന ജോലി. ഒറ്റ വാക്കിൽ തമിഴ് സിനിമയിലെ സർവവ്യാപി. ഗോപുരം ഫിലിംസ് എന്നാണ് സ്വന്തം നിർമാണ കമ്പനിയുടെ പേര്. വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം‘ബിഗിൽ’ സിനിമയുടെ പേരിൽ 300 കോടിയിലധികം രൂപയുടെ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണ് ഇപ്പോൾ നേരിടുന്ന ആരോപണം. ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 കേന്ദ്രങ്ങളിലെ റെയ്ഡിന് പുറമേ, അൻപുചെഴിയന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ റെയ്ഡുകളാണ് ഒടുവിൽ വിജയിന്റെ വീട്ടിലേക്കുമെത്തിയത്.
ചിട്ടി നടത്തി തുടക്കംരാമനാഥപുരം ജില്ലയിലെ കമുദി സ്വദേശിയായ ഇയാൾ 1990 കളുടെ തുടക്കത്തിലാണ് മധുരയിലേക്ക് താമസം മാറ്റിയത്. മധുരൈ അൻപുവെന്നു വിളിപ്പേര്. ആദ്യകാലത്ത് ചെറിയ തോതിൽ ചിട്ടി നടത്തിയാണ് തുടക്കം. പിന്നീട് ചെറുകച്ചവടക്കാർക്ക് പലിശയ്ക്കു പണം കൊടുക്കലായി. പിന്നാലെ സിനിമാരംഗത്തും പണമിറക്കിത്തുടങ്ങി. ഫിലിം റീലുകൾ ചുമലിലേന്തി നടക്കുന്നതാണ് അൻപുചെഴിയന്റെ ആദ്യകാല സിനിമാബന്ധം. പതിയെ സഹപ്രവർത്തകർക്ക് പണം കടം കൊടുക്കലായി. നിർമാതാക്കളുടെ സ്വത്ത് ഈട് മേടിച്ചാണ് കടംകൊടുക്കൽ. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നത് വൈകിയാൽ സ്വത്ത് കൈക്കലാക്കും. 5000 രൂപയുടെ ആ ബിസിനസ് പിന്നീട് മധുരൈ-രാമനാഥപുരം സർക്കിളിലെ തിയറ്റർ ഉടമകൾക്ക് സിനിമാ റിലീസിന് പണം നൽകുന്ന നിലയിലേക്ക് വളർന്നു. തിയറ്റർ ഉടമകളെ പേടിപ്പിച്ച് മൂന്നുദിവസത്തിനകം പലിശ സഹിതം പണം വാങ്ങി വട്ടിപലിശക്കാരനായി.
തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച അശോക് കുമാറിന്റെ മരണം2003ൽ മണിരത്നത്തിന്റെ സഹോദരനും നിർമാതാവുമായ ജി വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അൻപുവിന്റെ പേര് വാർത്തകളിൽ നിറഞ്ഞത്. 2017ൽ നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ അൻപുചെഴിയനാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ വരെ ഭീഷണിപ്പെടുത്തിയെന്നും സൂചിപ്പിച്ചു. എന്നാൽ, പല സിനിമാ രാഷ്ട്രീയ പ്രമുഖരും ചെഴിയനു വേണ്ടി രംഗത്തെത്തി. പിന്നിൽ കേസിൽ നിന്നു തടിയൂരുന്നതാണ് സിനിമാലോകം കണ്ടത്.
അശോക് കുമാറിന്റെ മരണവാർത്ത 2017ൽ തമിഴ് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അശോക് കുമാറിനെ ചെന്നൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശസ്ത സംവിധായകൻ ശശികുമാറിന്റെ അടുത്ത ബന്ധുവായിരുന്നു അശോക് കുമാര്‍. പലിശക്കാരുടെ ശല്യത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നത് അശോക് കുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ അൻപുചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു, പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള ഇയാൾ നിർമ്മാണ കമ്പനിക്ക് നൽകിയ വായ്പയുടെ പലിശയായി കൂടുതൽ പണമീടാക്കിയതായും അശോക് കത്തിൽ പറഞ്ഞു.
രണ്ടു വഴികൾ മാത്രമാണ് ഇനി എന്റെ മുന്നിലുള്ളത്. അയാളെ കൊല്ലുക, അല്ലെങ്കിൽ സ്വയം ആത്മഹത്യ ചെയ്യുക. ആദ്യത്തേത് ഞാൻ തെരഞ്ഞെടുക്കില്ല കാരണം ഞാൻ ചെയ്യുന്ന പാപത്തിന് ഒരു കുടുംബമായിരിക്കും ദുരിതം അനുഭവിക്കുക. അതിനാൽ ആത്മഹത്യ ചെയ്യുന്നു. എനിക്ക് ഒരു നല്ല കുടുംബമുണ്ടായിരുന്നു. പക്ഷേ ഞാൻ അവർക്ക് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല. ശശികുമാർ എനിക്ക് ദൈവത്തേക്കാൾ വലിയവനാണ്. പലിശക്കാരനായ അൻപുചെഴിയന്റെ കയ്യിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് സിനിമാ ആവശ്യത്തിനായി പണം കടം വാങ്ങി. അയാൾ ചോദിച്ച പലിശ ഞാൻ നൽകിയിട്ടുണ്ട്. നിയമപരമായി നേരിട്ടാലും ഞാൻ ജയിക്കില്ല. കാരണം അവരൊക്കെ വലിയ ആളുകളാണ്.ഇനി പലിശക്കാർ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാൻ എനിക്ക് ധൈര്യമില്ല. എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കില്ല. ശശികുമാർ എന്നോട് ക്ഷമിക്കണം, കള്ളന്മാരുടെ ഇടയിൽ തനിച്ചാക്കി പോകുന്നതിന്.-ആത്മഹത്യാ കുറിപ്പിൽ അശോക് കുമാർ എഴുതി.
അധികാരകേന്ദ്രങ്ങളുമായി അടുപ്പംസിനിമാ മേഖലയിൽ സ്ഥിരസാന്നിധ്യമായതിന് പിന്നാലെ മുൻമുഖ്യമന്ത്രി ജയലളിതയുടെ അടുപ്പക്കാരനായി. ദക്ഷിണമേഖലയിൽ പല സിനിമകളുടെയും വിതരണാവകാശം നേടിയെടുത്തു. ഏതുപാർട്ടിക്കാർ അധികാരത്തിലിരുന്നാലും ആ അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു. 2011 ഡിസംബറിൽ മധുര റൂറൽ പൊലീസ് ഇയാളെ അറസ്റ്റ്ചെയ്തു. വധശ്രമം, ക്രിമിനൽ ഭീഷണി, വഞ്ചന എന്നിവയായിരുന്നു കുറ്റങ്ങൾ. 'മീശൈ മകൻ' എന്ന സിനിമ നിർമ്മിക്കാൻ എസ്.വി.തങ്കരാജ് 20 ലക്ഷം വായ്പ വാങ്ങിയിരുന്നു. രണ്ട് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിലും ലെറ്റർ പാഡിലുമായി ഒപ്പും 8 ചെക്കും വാങ്ങിയ ശേഷമായിരുന്നു പണം കൈമാറിയത്. 30 ശതമാനം പലിശ ഈടാക്കി. പരാതിക്കാരൻ ഒരുകോടി വരെ നൽകിയിട്ടും അൻപുചെഴിയൻ ഭീഷണി തുടർന്നു. തുടർന്നാണ് പരാതി പൊലീസിന് മുന്നിലെത്തുന്നത്.
Also Read- നടൻ വിജയുടെ ചോദ്യംചെയ്യൽ അവസാനിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.