HOME » NEWS » Film » WHY DOES THE STORY OF C SANKARAN NAIR TO BE A BOLLYWOOD MOVIE

Explained | ഒറ്റപ്പാലത്തുകാരൻ ശങ്കരൻനായരുടെ കഥ എന്തുകൊണ്ട് ബോളിവുഡ് സിനിമയാകുന്നു?

കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍ എന്നാണ് പേരിട്ടിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുക

News18 Malayalam | news18-malayalam
Updated: June 30, 2021, 8:28 PM IST
Explained | ഒറ്റപ്പാലത്തുകാരൻ ശങ്കരൻനായരുടെ കഥ എന്തുകൊണ്ട് ബോളിവുഡ് സിനിമയാകുന്നു?
Karan_Johar
  • Share this:
മുംബൈ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പദവിയിൽ അധ്യക്ഷത വഹിച്ച ആദ്യ മലയാളിയാണ് ഒറ്റപ്പാലത്തുകാരൻ ചേറ്റൂര്‍ ശങ്കരന്‍ നായർ. കോൺഗ്രസ് സമ്മേളനത്തിന്‍റെ അധ്യക്ഷപദവിക്കൊപ്പം തന്നെ ശങ്കരൻ നായർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടത്തിയ ഉജ്ജ്വലമായ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോഴിതാ, സി ശങ്കരൻ നായരുടെ നിയമപോരാട്ടങ്ങൾ പ്രമേയമാക്കി സിനിമ എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകൻ കരണ്‍ ജോഹര്‍. അടുത്ത നിര്‍മാണ സംരംഭം ഇതായിരിക്കുമെന്ന് കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

കോണ്‍ഗ്രസിന്റെ പ്രസിഡന്റും വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും ആയിരുന്ന സി ശങ്കരന്‍ നായര്‍ പാലക്കാട്ടെ ഒറ്റപ്പാലം സ്വദേശിയാണ്. ജാലിയന്‍വാലാബാഗ് സംഭവത്തില്‍ ബ്രിട്ടിഷ് സര്‍ക്കാരിനെതിരെ സി ശങ്കരന്‍ നായര്‍ നടത്തിയ നിയമ പോരാട്ടത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ചെറുമകന്‍ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍' എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കരണ്‍ ജോഹറിന്റെ പുതിയ സിനിമ.കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍ എന്നാണ് പേരിട്ടിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുക. ശങ്കരന്‍ നായരെപ്പോലെയുള്ള ചരിത്രപുരുഷനെ ബിഗ് സക്രീനില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കരണ്‍ ജോഹര്‍ ട്വിറ്ററിൽ പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയെന്നു പുറത്തുവിട്ടിട്ടില്ല.

സി ശങ്കരൻ നായർ ആരാണ്?

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ മന്മയിൽ രാമുണ്ണിപ്പണിക്കരുടെയും ചേറ്റൂർ പാർവ്വതിയമ്മയുടെയും മകനായി 1857 ജൂലായ് 15-ന് ശങ്കരൻ നായർ ജനിച്ചു. കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇന്ത്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904-ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912-ൽ സർ പദവിയും നൽകി.

1897-ൽ അമരാവതിയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും, ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവിയോടെ സ്വയംഭരണം വേണമെന്നും ആവശ്യപ്പെട്ട് സി ശങ്കരൻ നായർ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു സി ശങ്കരൻ നായർ രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ സി ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു.

Also Read- 'സുരാജേട്ടൻ മറന്നിട്ടുണ്ടാകും'; ആ ഫോട്ടോ അശ്വതി ശ്രീകാന്ത് പോസ്റ്റ് ചെയ്തു!

ഗാന്ധിജിയുടെ നിലപാടുകളോട് പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ സി ശങ്കരൻ നായർ കോൺഗ്രസിൽനിന്ന് അകലുകയായിരുന്നു. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനങ്ങളെ അദ്ദേഹം ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
Published by: Anuraj GR
First published: June 30, 2021, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories