HOME » NEWS » Film »

'സിനിമയും സീരിയലും തരുന്നത് രണ്ട് വ്യത്യസ്ത അനുഭവങ്ങൾ': യദു കൃഷ്ണൻ

Yadhu Krishnan completes 34 years in acting | അഭിനയ ജീവിതത്തിന്റെ 35-ാം വർഷത്തിലേക്ക് നടൻ യദു കൃഷ്ണൻ

News18 Malayalam | news18-malayalam
Updated: July 30, 2020, 2:00 PM IST
'സിനിമയും സീരിയലും തരുന്നത് രണ്ട് വ്യത്യസ്ത അനുഭവങ്ങൾ': യദു കൃഷ്ണൻ
യദു കൃഷ്ണൻ
  • Share this:
മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തീകരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' ആയിരുന്നു ആദ്യ ചിത്രമെങ്കിലും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്മനസുള്ളവക്ക് സമാധാനത്തിൽ' ഗോപാലകൃഷ്ണപ്പണിക്കർ എന്ന വീട്ടുടമസ്ഥനായ ലാലേട്ടനെ പോടാ... എന്ന് വിളിച്ചു ഓടിപ്പോകുന്ന ബാലനെയാണ് മലയാളികളിൽ മിക്കവരും ഓർമ്മയിൽ സൂക്ഷിക്കുന്നത്.

ഒരു പിടി മലയാള ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും, മലയാള ടെലിവിഷൻ സീരിയലുകളിലേക്കു ചുവട് മാറ്റിയപ്പോൾ മുതലാണ് മലയാളികളുടെ പ്രിയ അഭിനേതാവായി യദു കൃഷ്ണൻ മാറുന്നത്. സീരിയലുകളുടെ അവിഭാജ്യഘടകമാണ് ഇന്ന് അദ്ദേഹം. സീ കേരളം ചാനലിൽ ഈയടുത്ത് ആരംഭിച്ച 'കാർത്തികദീപം' എന്ന സീരിയലിലെ കണ്ണൻ എന്ന കഥാപാത്രമായി അദ്ദേഹം തന്റെ 35-ാം അഭിനയവർഷത്തിലേക്കുള്ള യാത്രയിലാണ്.

ഒരിടവേളക്ക് ശേഷം തിരികയെത്തുന്ന സീരിയലാണോ 'കാർത്തികദീപം'? അതിലെ കഥാപാത്രം കണ്ണൻ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ ജനഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. എങ്ങനെ തോന്നുന്നു?

ശരിക്കും അങ്ങനെ ഒരിടവേള ഒന്നും ഞാൻ എടുക്കാറില്ല. ഇക്കാലയളവിൽ എല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളുമായി വിവിധ സീരിയലുകളിൽ ഞാനുണ്ടായിരുന്നു. 'കാർത്തികദീപം' ഷൂട്ടിംഗ് തുടങ്ങുന്നത് ഈ ജനുവരിയിലാണ്. കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധി വരികയും, ലോക്ക്ഡൗൺ മൂലം ഷൂട്ടിംഗ് നിർത്തിവെക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയുള്ള, വ്യത്യസ്ത ഡൈമെൻഷൻ ഉള്ള കഥാപാത്രമാണ് 'കാർത്തികദീപത്തിലേത്'. കണ്ണൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.

കുട്ടിക്കാലത്ത് അച്ഛനെ നഷ്ടപ്പെട്ട് കുടുംബഭാരം മുഴുവനും ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനാണ്. അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ഒരു പെൺകുട്ടിയാണ് കാർത്തിക. ഒരപകടത്തിൽ ഉറ്റവർ നഷ്ടപ്പെട്ട അവൾക്ക് ജ്യേഷ്‌ഠതുല്യനാണ് കണ്ണൻ. 'കാർത്തികദീപം' സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ മുതൽ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരു കഥാപാത്രത്തെ പെട്ടെന്ന് ജനം സ്വീകരിക്കുമ്പോൾ ഒരു അഭിനേതാവെന്ന നിലയിൽ വളരെ സന്തോഷം തോന്നും.

'കാർത്തികദീപത്തിന്റെ' ഷൂട്ടിംഗ് എവിടെ വരെയായി?

തൃപ്രയാറിൽ പുരോഗമിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു ലൊക്കേഷനാണ് അവിടുത്തേത്. കഥക്ക് അനുയോജ്യമായ സ്ഥലം. മനോഹരമായ പാടങ്ങളും പ്രകൃതിയുമൊക്കെ കൊണ്ട് സമ്പന്നമായ സ്ഥലം. സാധാരണ സീരിയലുകളിൽ നിന്ന് ഇക്കാരണം കൊണ്ട് തന്നെ 'കാർത്തികദീപം' വളരെ വ്യത്യസ്തമാണ്. നിലവിലെ കോവിഡ് നിയമങ്ങൾ പാലിച്ചു തന്നെയാണ് ഷൂട്ടിംഗ്. എല്ലാവരും വളരെ വർഷങ്ങളായി അറിയാവുന്നവരായത് കൊണ്ട് വളരെ ജോളി മൂഡിലാണ് ഷൂട്ടിംഗ് ഒക്കെ. വിവേക് ഗോപനും സ്‌നിഷയുമാണ് പ്രധാന താരങ്ങൾ.

ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ?

രണ്ടു മാസക്കാലത്തോളം വീട്ടിൽ തന്നെ. എല്ലാ മലയാളികളെയും പോലെ പറമ്പിലൊക്കെ കറങ്ങി നടക്കുക. അൽപ്പം കൃഷിപ്പണികൾ ചെയ്യുക. അത്രയൊക്കെ തന്നെ. സഹോദരൻ വിധു കൃഷ്ണൻ പറമ്പിൽ സജീവമായി കൃഷി ചെയ്തിട്ടുണ്ട്. അവിടെ പോയി അവനെ സഹായിക്കും. പിന്നെ കുട്ടികളോടൊപ്പം ഫുട്ബോൾ കളി, വ്യായാമം, ഒക്കെയുമായി കൂടും.പുതിയ സിനിമ?

കെ.കെ. രാജീവിന്റെ സഹസംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥന്റെ ആദ്യ സിനിമ 'വൺ' ആണ് ഒടുവിൽ അഭിനയിച്ച സിനിമ. മമ്മൂക്കയാണ് നായകൻ. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. അതിൽ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വ്യത്യസ്തത തോന്നിയ ചിത്രമാണ് അത്.

സിനിമയും സീരിയലും. ഏതാണ് അഭിനയിക്കാൻ ഇഷ്‌ടം?

രണ്ടും ഇഷ്ടമാണ്. രണ്ടും രണ്ട് മീഡിയങ്ങൾ ആണല്ലോ. രണ്ടു വ്യത്യസ്ത അനുഭവങ്ങളുമാണ്. സീരിയൽ വലിയ സ്പേസ് തരുന്ന ഒരിടമാണ്. അതിൽ അഭിനയത്തിന് വലിയ സാധ്യതയുണ്ട്. പിന്നെ ഒരു കഥാപാത്രത്തെ തന്നെ ദീർഘമായി അഭിനയിക്കാൻ കഴിയുന്നു.

സിനിമ ഒരു ചരിത്രമാണ്. അതിൽ അഭിനയിച്ചാൽ നമ്മുടെ ഷെൽഫ് ലൈഫ് കൂടും. ആളുകൾ നമ്മളെ ഓർത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് ആദ്യം ഓർമ്മയിൽ വരിക. അഭിനയമാണ് തൊഴിൽ. സിനിമയായാലും സീരിയലായാലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.

എങ്ങനെയാണ് ഇപ്പോഴത്തെ ഷൂട്ടിംഗ് യാത്രകൾ?

ഡ്രൈവിംഗ് എനിക്ക് വളരെ ഇഷ്‌ടമാണ്‌. എപ്പോഴും സ്വയം ഡ്രൈവ് ചെയ്തു പോവുകയാണ് ഞാൻ ചെയ്യാറുള്ളത്. ദീർഘദൂരം ഓടിക്കാൻ കിട്ടുന്ന ഒരു അവസരവും കളയാറില്ല. 'കാർത്തികദീപത്തിന്റെ' ലൊക്കേഷനിലേക്കും സ്വന്തം വണ്ടിയിലാണ് പോയത്. കുടുംബവുമായുള്ള യാത്രകളിലെ സാരഥി മിക്കപ്പോഴും ഞാനായിരിക്കും.

കുടുംബവിശേഷങ്ങൾ...

തിരുവനന്തപുരം പടിഞ്ഞാറേകോട്ടയാണ് സ്വദേശം. അമ്മ വിജയലക്ഷ്മി, ഭാര്യ ലക്ഷ്മി, മകൾ ആരാധ്യ എന്നിവരാണ് എന്റെ ശക്തിയും പിന്തുണയും. അനിയൻ വിധു കൃഷ്ണനും നടനാണ്. അവന്റെ കുടുംബവും അടുത്തുണ്ട്.
Published by: meera
First published: July 30, 2020, 2:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories