• HOME
 • »
 • NEWS
 • »
 • gulf
 • »
 • മക്ക ഹജ്ജ് ദുരന്തത്തിന് 31 വർഷം; തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത് 1426 തീർത്ഥാടകർ

മക്ക ഹജ്ജ് ദുരന്തത്തിന് 31 വർഷം; തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത് 1426 തീർത്ഥാടകർ

1990 ജൂലൈ 3 ന് രാവിലെ പത്ത് മണിക്കാണ് ദുരന്തം നടന്നത്. മക്കയെയും മിനയെയും ബന്ധിപ്പിക്കുന്ന 550 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കാൽനട യാത്രക്കാർക്കായി തയ്യാറാക്കിയ തുരങ്കത്തിന് മുകളിലുള്ള പാലത്തിൽ നിന്ന് ഏഴുപേർ താഴോട്ട് വീണതാണ് ദുരന്തത്തിന്റെ തുടക്കം.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ആൾക്കൂട്ട ദുരന്തങ്ങളുടെ ചരിത്രത്തിൽ എന്നും വേദനയോടെ ഓർത്തുവെക്കപ്പെടുന്ന ദിവസമാണ് 1990 ജൂലൈ 3. സൗദി അറേബ്യയിലെ മക്കയിലെ തുരങ്കപാതയിൽ തിക്കിലും തിരക്കിലും പെട്ട് 1426 തീർത്ഥാടകരാണ് മരണപ്പെട്ടത്. ഹജ്ജ് കർമ്മങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞ സംഭവമായിരുന്നു ഇത്. മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും സൗദി സ്വദേശികളുമാണ് മരണപ്പെട്ടത്.

  അപകടം നടന്നതെങ്ങനെ?

  ഹജ്ജ് തീർത്ഥാടത്തിനെത്തിയ വിശ്വാസികൾ മിനയിലെ ജംറയിൽ കല്ലെറിയാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് ജംറയിൽ കല്ലെറിയുക എന്നത് ഹജ്ജിന്റെ ഭാഗമായി ചെയ്തു വരുന്ന ഒരു ആചാരമാണ്. സാങ്കൽപ്പികമായി പിശാചിനെ കല്ലെറിയുക എന്നാണ് ഈ വിശ്വാസ കർമ്മം കൊണ്ട് ഉദ്ദേശിക്കുന്നത്.

  1990 ജൂലൈ 3 ന് രാവിലെ പത്ത് മണിക്കാണ് ദുരന്തം നടന്നത്. മക്കയെയും മിനയെയും ബന്ധിപ്പിക്കുന്ന 550 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കാൽനട യാത്രക്കാർക്കായി തയ്യാറാക്കിയ തുരങ്കത്തിലാണ് അപകടം നടന്നത്. തുരങ്കത്തിന് മുകളിലുള്ള പാലത്തിൽ നിന്ന് ഏഴുപേർ താഴോട്ട് വീണതാണ് ദുരന്തത്തിന്റെ തുടക്കം. തുരങ്കത്തിലൂടെ ആളുകൾ സഞ്ചരിക്കുന്ന അവസരത്തിലാണ് സംഭവം.

  പാലത്തിൽ നിന്ന് ആളുകൾ താഴെ വീഴുന്നത് ജനങ്ങളിൽ ഭീതി പരത്തുകയായിരുന്നു. ആയിരം പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള തുരങ്കത്തിൽ 5000 പേരുണ്ടായിരുന്നത് അപകടത്തിന്റെ തീവ്രത കൂട്ടാൻ കാരണമായി.

  പുറത്ത് 44 ഡിഗ്രീ സെൽഷ്യസ് താപനിലയായിരുന്നതും ടണലിനകത്ത് വായു സഞ്ചാരമില്ലാതിരുന്നതും ആണ് ആളുകൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായത്. പെട്ടെന്ന് വൈദ്യതി വിച്ഛേദിക്കപ്പെട്ടെന്നും ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.

  ഹജ്ജ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലെന്നായിരുന്നു ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ മരണപ്പെട്ടു. കറുത്ത ദിനം എന്നാണ് ഈ ദിവസത്തെ വിശേഷിക്കപ്പെട്ടത്.

  Also Read- Viral Video| അടിക്ക് തിരിച്ചടി; വിവാഹ സാരിയിൽ ആയോധന കല, വധുവിന്റെ വീഡിയോ വൈറലാകുന്നു

  മുസ്ലിംകൾ വർഷം തോറും ആചരിച്ചു പോരുന്ന പുണ്യകർമ്മമാണ് ഹജ്ജ്. വിശ്വാസികൾ സൗദി അറേബ്യയിലെ മക്കയിലേക്കും മദീനയിലേക്കും തീർത്ഥ യാത്ര ചെയ്യുന്ന സമയമാണിത്. ആളുകൾ കൂടുതലായി ഒരുമിച്ചു കൂടുന്നതു കാരണം അപകടങ്ങൾ പലപ്പോവും റിപ്പോർട്ട് ചെയ്യാറുണ്ട്.

  അപകടത്തിന് ശേഷം സൗദി അധികൃതർ ഹജ്ജ് യാത്രികർക്കായി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ നടപ്പാതകളും പാലങ്ങളും വന്നത് ഇതിന് ശേഷമാണ്.

  2015 ലും മിനയിൽ സമാനമായ ദുരന്തം നടന്നിരുന്നു. അന്ന് തിക്കിലും തിരക്കിലും പെട്ട് 2000 പേർ മരണപ്പെട്ടിരുന്നു.

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും വിദേശികളെ ഹജ്ജ് കർമ്മങ്ങൾക്കായി അനുവദിക്കില്ല എന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. സൗദി നിവാസികളായ 60,000 പേർക്ക് മാത്രമാണ് ഇത്തവണ പുണ്യ കർമ്മങ്ങൾക്കായി അനുവാദം നൽകുക. വാക്സിൻ സ്വീകരിച്ചവരെ മാത്രമായിരിക്കും പുണ്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കുക. മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സൗദി ഹജ്ജ് മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.
  Published by:Rajesh V
  First published: