ദുബായ്: ഷാർജയിലേക്ക് ദുബായിൽനിന്ന് ഫെറി സർവീസ് ആരംഭിച്ചു. പുലർച്ചെ മുതൽ ദുബായിൽനിന്നും ഷാർജയിൽനിന്നും സർവീസുകൾ ആരംഭിക്കും. ദുബായ്-ഷാർജ റൂട്ടിലെ തിരക്ക് കുറയ്ക്കാൻ ഫെറി സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലെ അൽ ഗുബൈബ സ്റ്റേഷനിൽനിന്ന് തിരിക്കുന്ന സർവീസ് ഷാർജയിലെ അക്വാറിയം മറൈൻ സ്റ്റേഷൻ വരെയാണുള്ളത്. ഷാർജയിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്ക് സഹായകരമായിരിക്കും ഈ സർവ്വീസ്. കൂടാതെ ഫെറി സർവ്വീസിൽ അൽ ഗുബൈബയിലെത്തിയാൽ ദുബായ് മെട്രോയിൽ കയറാനും യാത്രക്കാർക്ക് സാധിക്കും.
സമയക്രമം
ദിവസവും 42 സർവീസുകളുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായിൽനിന്ന് 35 മിനുട്ട് കൊണ്ടാണ് ഫെറി സർവീസ് ഷാർജയിൽ എത്തുന്നത്. ദുബായിൽനിന്ന് രാവിലെ 5.15 മുതൽ രാത്രി എട്ടുമണിവരെയും ഷാർജയിൽനിന്ന് രാവിലെ അഞ്ച് മണിമുതൽ രാത്രി 7.30 വരെയുമാണ് സർവ്വീസ്. തിരക്കുള്ള സമയങ്ങളിൽ ഒരു മണിക്കൂർ ഇടവിട്ടും അല്ലാത്തപ്പോൾ ഒന്നരമണിക്കൂർ ഇടവിട്ടുമാണ് ഫെറി സർവ്വീസ്.
ടിക്കറ്റ് നിരക്ക്
സിൽവർ ക്ലാസ്, ഗോൾഡ് ക്ലാസ് എന്നിങ്ങനെ തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സിൽവർ ക്ലാസിന് 15 ദിർഹവും ഗോൾഡ് ക്ലാസിന് 25 ദിർഹവുമാണ് ദുബായ്-ഷാർജ ഫെറി സർവീസിൽ ടിക്കറ്റ് നിരക്ക്. പ്രത്യേക പരിഗണന വേണ്ടവർക്കും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ടിക്കറ്റ് എടുക്കേണ്ടതില്ല.
കണകക്ടിവിറ്റിയും പാർക്കിങ്ങും
ഫെറി സർവീസിൽ എത്തുന്നവർക്ക് ദുബായ് മെട്രോ, ബസ്, ടാക്സി എന്നിവയിൽ തുടർ യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കും. ഷാർജ മറൈൻ സ്റ്റേഷനിൽനിന്ന് പ്രത്യേക ബസ് സർവ്വീസുകളും ഉണ്ട്. ഫെറി യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ 300 സൌജന്യ സ്ലോട്ടുകളും അനുവദിച്ചിട്ടുണ്ട്.
രാജ്യാന്തരസുരക്ഷ
രാജ്യാന്തരനിലവാരത്തിലുള്ള സുരക്ഷയാണ് ഫെറി സർവ്വീസിനായി ഒരുക്കിയിരിക്കുന്നത്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും അത്യാധുനിക സംവിധാനങ്ങളും ഫെറിയിൽ ഉണ്ടാകും. 125 ലൈഫ് ജാക്കറ്റുകളും മറൈൻ റഡാർ സംവിധാനവും കടലാഴം അളക്കുന്ന ഉപകരണം, നിരീക്ഷണസംവിധാനം, ഇലക്ട്രോണിക് മാപ്പുകൾ എന്നിവയും ഫെറിയിൽ ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai-sharjah ferry service, Dubai-sharjah ferry service fare, Dubai-sharjah ferry service schedule, ദുബായ്-ഷാർജ ഫെറി സർവ്വീസ്