ജിദ്ദ: വിമാനം പറന്നുയർന്നശേഷമാണ് കുഞ്ഞിനെ മറന്ന കാര്യം യാത്രക്കാരിയായ അമ്മ മനസ്സിലാക്കിയത്. ഉടൻ തന്നെ അവര്‍ പരാതിപ്പെട്ടു. പിന്നെ വിമാനം തിരിച്ചിറക്കാനുള്ള ശ്രമങ്ങള്‍. 'ഞങ്ങള്‍ക്ക് തിരിച്ചുവരാമോ?' എന്ന് ചോദിച്ചുകൊണ്ട് പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം തേടുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'വിമാനം അടിയന്തരമായി തിരിച്ചിറങ്ങുന്നതിനായി അനുമതി തേടുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?' -എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്.
സൗദിയിലെ കിങ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832ാം വിമാനത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്ന് ക്വാലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം.
പിന്നീട് തിരിച്ചിറങ്ങുന്നതിന് അനുവാദം തേടിയതിന്റെ കാരണം ഒന്നുകൂടി ഉറപ്പിച്ചതിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് വിമാനത്തിന് തിരികെയിറങ്ങാന്‍ എയര്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ അനുമതി നല്‍കിയത്. 'ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക്'- എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റർ പൈലറ്റിന് നൽകിയ മറുപടി. ഒടുവില്‍ തിരിച്ചിറങ്ങിയ വിമാനത്തില്‍ നിന്ന് അമ്മയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. വിമാനം വീണ്ടും പുറപ്പെട്ടു. അമ്മയെയും കുഞ്ഞിനെയും കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Saudi, Saudi airlines, Saudi arabia, Saudi News, സൗദി അറേബ്യ