ഷാർജ: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംതെറ്റി പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒക്ടോബർ 13 ന് ഷാർജയിലെ അൽ ഇത്തിഹാദ് റോഡിലെ പെട്രോൾ പമ്പിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്.
അപകടത്തിന് ഇടയാക്കിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സിരി അൽ ഷംസി പറഞ്ഞു. പരിക്കേറ്റ ജീവനക്കാരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ ഫിലിപ്പീൻസ് സ്വദേശിയുമാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അൽ കാസിമി ആശുപത്രിയിലേക്ക് മാറ്റി.
ഒക്ടോബർ 13 ന് രാത്രി 11.44 നാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിസിടിവി ഫൂട്ടേജിൽ വേഗതയേറിയ കാർ പെട്ടെന്ന് റോഡിൽ നിന്ന് തെന്നിമാറി പെട്രോൾ പമ്പിൽ ഇടിച്ചുകയറുന്നത് വ്യക്തമാണ്.
കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ഇന്ധന വിതരണ യന്ത്രം തകർന്നുവീഴുകയും ചെയ്തു. ഈ സമയം അവിടെയുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചുതകർത്ത ഇന്ധന വിതരണ യന്ത്ര ഭാഗങ്ങൾ ഇവരുടെ മുകളിലേക്ക് വീഴുന്നത് കാണാം. അപകടകാരണം കണ്ടെത്താൻ ബുഹൈറ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Cctv visual, Sharjah, കാറപകടം, ഷാർജ, സിസിടിവി