• HOME
 • »
 • NEWS
 • »
 • gulf
 • »
 • വർണവിസ്മയമൊരുക്കി യുഎഇ ദിനാഘോഷം

വർണവിസ്മയമൊരുക്കി യുഎഇ ദിനാഘോഷം

 • Last Updated :
 • Share this:
  അബുദാബി: സെയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ദേശീയ ദിനാഘോഷ ചടങ്ങുകൾക്ക് പതിനായിരങ്ങൾ സാക്ഷ്യം വഹിച്ചു. യു.എ.ഇയുടെ സ്ഥാപക പിതാവിന്റെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന വിസ്മയദൃശ്യങ്ങളും കാണികൾക്ക് മികച്ച കാഴ്ചവിരുന്നൊരുക്കി. ഷെയ്ഖ് സയിദിൻറെ ജന്മശതാബ്ദിയും ഇത്തവണ ദേശീയദിനാഘോഷ ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.

  എമിറേറ്റ് വാസികളും വിദേശികളുമായ കുടുംബങ്ങൾ വൈകിട്ട് 3 മണി മുതൽ സ്റ്റേഡിയത്തിലേക്ക് എത്തി. യു.എ.ഇ. ദേശീയപതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളും പ്രത്യേക ഷാളുകളും മിലിറ്ററി യൂണിഫോമിന്റെ മാതൃകയിലുള്ള ചെറുവസ്ത്രങ്ങളും അണിഞ്ഞാണ് കുരുന്നുകൾ രക്ഷിതാക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. അന്നം തരുന്ന നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ സ്വദേശികളുടെ രീതിയിൽ വസ്ത്രധാരണം നടത്തി വന്നവരിൽ മലയാളികൾ ഉൾപ്പെടെയുള്ള സമൂഹമുണ്ട്. അബുദാബിയിലെ സയ്യിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ആഘോഷചടങ്ങ് വീക്ഷിക്കാൻ 22,000ൽ അധികം ആളുകളാണെത്തിയത്.

  'ഷെയ്ഖ് സെയ്ദിന്റെ പരിശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴുള്ള നല്ല ജീവിതം. ഇന്ന് ഞങ്ങളുടെ കുട്ടികൾ സമാധാനപരമായ ജിവീക്കുന്നു. നല്ല വിദ്യാഭ്യാവും ആരോഗ്യ പരിരക്ഷയുമുണ്ട്. ഇതെല്ലാം ബാബ സെയ്ദ് കാരണമാണ്'- റാസ് അൽ ഖൈമയിൽ നിന്ന് കുടുംബത്തോടൊപ്പമെത്തിയ സെയിഫ് അൽ‌ ഷെഹി പറഞ്ഞു. 'ഇത് സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കടമയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. 'ഏഴ് എമിറേറ്റ്സ് കൂട്ടായ്മകൾ സ്ഥാപിച്ച ഷെയ്ഖ് സെയിദിന്റെ ദീർഘദർശനമാണ് വിജയത്തിന്റെയും സമൃദ്ധിയുടെയും വഴി തുറന്നത്'- അബുദാബിയിൽ നിന്നുള്ള മറ്റൊരു എമിറത്തി അബ്ദുൽ റഹ്മാൻ പറഞ്ഞു.

  ഷെയ്ഖ് സയ്യിദിന്റെയും യു.എ.ഇ ഭരണാധികാരികളുടെയും ഭരണനേട്ടങ്ങൾ വിവരിക്കുന്ന സുമാ അൽ ഖുബൈസിയുടെ ദീർഘമായ കവിതകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അതിശയകരമായ ദൃശ്യാനുഭവവും തത്സമയ സംഗീത പരിപാടികളും ആരാധകർക്ക് മികച്ച കാഴ്ചവിരുന്നൊരുക്കി. പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് എണ്ണയുടെ സാധ്യതകൾകണ്ടെത്തിയ എഞ്ചിനീയർമാരുടെ നേട്ടങ്ങൾ വിവരിക്കുന്ന പരിപാടി ശ്രദ്ധേയമായി. വർണശബ്ദഘോഷങ്ങളും പടക്കങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ശൂന്യമായ മരുഭൂമിയിലെ കഴിഞ്ഞകാല പോരാട്ടങ്ങളായിരുന്നു ആഘോഷങ്ങളുടെ ഹൈലൈറ്റ്.

  യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ സായുധസേനയുടെ സുപീം കമാൻഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ‌, മറ്റു എമിറേറ്റുകളിലെ ഭരണാധികാരികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

  'ഷെയ്ഖ് സയിദിന്റെ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ലോകോത്തര രാജ്യമായി യുഎഇ രൂപാന്തരപ്പെട്ടത്' - തന്റെ കുടുംബത്തോടൊപ്പം എത്തിയ ബ്രിട്ടീഷ് പൗരൻ ഡേവിഡ് കിംഗ് പറഞ്ഞു. '21 വർഷമായി ഇവിടെ ജീവിക്കുകയാണ്. സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണിത്. ഞാൻ തിരികെ പോകാൻ ആഗ്രഹിക്കുന്നില്ല. ജീവിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലമായി ഞാൻ ഇവിടെ കാണുന്നു, അതുകൊണ്ടാണ് എന്റെ കുട്ടികൾ ഇവിടെയുള്ളതും ജീവിക്കുന്നതും ഞങ്ങളുടെ മതം പരിശീലിപ്പിക്കുന്നതും' - അദ്ദേഹം കൂട്ടിച്ചേർത്തു.

  21 വർഷങ്ങൾക്ക് മുമ്പ് ദുബായിൽ വന്നപ്പോൾ, ഇന്നത്തെപ്പോലെയായിരുന്നില്ല. എന്നാൽ, ഷെയ്ഖ് സയിദിന്റെ ദർശനം മുഴുവൻ രാജ്യത്തെയും മാറ്റിമറിച്ചു'- അദ്ദേഹം കൂട്ടിച്ചേർ‌ത്തു.
  First published: