കോവിഡിനെതിരായ പോരാട്ടത്തിനായി അൽഹോസൻ യുഎഇ എന്ന പേരിൽ അബുദാബി, ദുബായ് ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി പുതിയ ആപ്പ് പുറത്തിറക്കി. സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഒരേപോലെ ഉപയോഗിക്കാവുന്ന ആപ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പായിരിക്കും ഇനി കോവിഡ് 19 പരിശോധനകളുടെ ഔദ്യോഗിക ഡിജിറ്റിൽ പ്ലാറ്റ് ഫോം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം തന്നെ സ്റ്റേ ഹോം, ട്രെയ്സ് കോവിഡ് എന്നീ പേരുകളിൽ ആരോഗ്യമന്ത്രാലയം രണ്ട് ആപ്പ് പുറത്തിറക്കിയിരുന്നു. ഇവ രണ്ടും സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ആപ് രൂപകൽപന ചെയ്തിരിക്കുന്നത്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പ് വ്യക്തിവിവരങ്ങൾക്ക് ഉയർന്ന സുരക്ഷ ഉറപ്പുനൽകുന്നു.
അബുദാബിയിലെ ചരിത്രപ്രസിദ്ധമായ കോട്ടയുടെ പേര് നൽകിയിട്ടുള്ള ഈ ആപ് വ്യക്തികൾക്ക് ഏറെ പ്രയോജനകരമാണ്. കോവിഡ് പരിശോധനാഫലവും ഈ ആപ്പ് വഴി ഫോണിൽ ലഭിക്കും. ഓരോ ഉപഭോക്താവിനും ഒരു ക്യുആർ കോഡ് നൽകും. ഇത് വഴി ആരോഗ്യസ്ഥിതി നിരീക്ഷിക്കപ്പെടും. പുറത്തുപോകാനും മറ്റുള്ളവരുമായി ആരോഗ്യപരമായി ഇടപഴകാനും ഈ ആപ്പ് സഹായിക്കും.
ബ്ലൂടൂത്ത് സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ സമീപത്ത് ഏതെങ്കിലും കോവിഡ് രോഗി ഉണ്ടോ എന്നതടക്കം അറിയാനാകും. രോഗിയുടെ ഫോണിലും ഈ ആപ് ഉണ്ടായിരിക്കണമെന്ന് മാത്രം. അധികൃതർക്ക് ഇവരുമായി ആശയവിനിമയം നടത്തുന്നതിനും ആരോഗ്യ നില നിരീക്ഷിക്കുന്നതിനും ആപ് പ്രയോജനപ്രദമാണ്. ക്വറന്റീനിലുള്ളവർക്ക് വേണ്ട നിർദേശങ്ങൾ ആപ് വഴി ലഭിക്കും. ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഖാവിസ് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.