• HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai Airport | കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി ദുബായ് വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാകുന്നു

Dubai Airport | കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി ദുബായ് വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാകുന്നു

ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ആശങ്ക വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട വിഭാഗങ്ങളുടെ പ്രവർത്തനം ദുബായ് വിമാനത്താവളം പൂർണമായും പുനരാരംഭിക്കുന്നത്

  • Last Updated :
  • Share this:
    ലോകത്തെ ഏറ്റവും തിരക്കേറിയ ട്രാവൽ ഹബ് കൂടിയായ ദുബായ് വിമാനത്താവളം (Dubai Airport) 2020 മാർച്ചിൽ കോവിഡ് മഹാമാരിയുടെ (Covid Pandemic) ആരംഭത്തിന് ശേഷം ആദ്യമായി പൂർണമായും പ്രവർത്തനസജ്ജമായതായിഅധികൃതർ തിങ്കളാഴ്ച അറിയിച്ചു. യുഎഇയിൽ (UAE) കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയും ഒമിക്രോൺ (Omicron) വകഭേദത്തെ കുറിച്ചുള്ള ആശങ്ക വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട വിഭാഗങ്ങളുടെ പ്രവർത്തനം ദുബായ് വിമാനത്താവളം പൂർണമായും പുനരാരംഭിക്കുന്നത്.

    "അവസാന ഘട്ട ഇളവുകളുടെ ഭാഗമായി വിമാനത്താവളം പൂർണമായ തോതിൽ പ്രവർത്തനം പുനഃരാരംഭിച്ചിരിക്കുകയാണ്. എല്ലാ ടെർമിനലുകളും കോൺകോഴ്‌സുകളും ലോഞ്ചുകളും റെസ്റ്റോറന്റുകളും റീട്ടെയ്ൽ ഔട്ട്ലെറ്റുകളും ഇപ്പോൾ തുറന്നിരിക്കുന്നു", യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി ഡബ്ള്യൂഎഎം പ്രസ്താവനയിലൂടെ അറിയിച്ചു.

    ദുബായ് വഴിയുള്ള യാത്രക്കാരുടെ എണ്ണം വർഷാവസാനത്തോടെ വർദ്ധിച്ചിരിക്കുകയാണ്. യുഎഇയിലെ ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന വിദേശികൾ അവധിദിവസങ്ങൾ ചെലവഴിക്കാനായി സ്വന്തം രാജ്യങ്ങളിലേക്ക് പോകാനും പുതുവർഷം ആഘോഷിക്കാൻ നിരവധി സന്ദർശകർ ദുബായിയിലെത്താനും തുടങ്ങിയതോടെ ദുബായ് വിമാനത്താവളം പഴയത് പോലെ സജീവമാവുകയാണ്.

    കഴിഞ്ഞ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ളവ്യോമയാന ഗതാഗതത്തിൽ 70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2019 ൽ 8.6 കോടി യാത്രികർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തെങ്കിൽ 2020 ൽ യാത്രക്കാരുടെ എണ്ണം 2.59 കോടിയായി കുറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 1.06 കോടി യാത്രികർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു. മഹാമാരിയ്ക്ക് മുമ്പുണ്ടായിരുന്ന നിലയിൽ നിന്ന് 41 ശതമാനം ഇടിവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

    ദുബായിയുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂൺ ടൂറിസമാണ്. 2019 ൽ ലോകമെമ്പാടും നിന്നുള്ള 1.67 കോടി സന്ദർശകരെയാണ് ദുബായ് സ്വാഗതം ചെയ്തത്.

    ദുബായ് ഉൾപ്പെടെ ഏഴ് എമിറേറ്റുകളെ ഉൾക്കൊള്ളുന്ന യുഎഇ ഒരു കോടിയോളം വരുന്ന ജനങ്ങൾക്ക് വേണ്ടി സമഗ്രമായ വാക്സിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കി.

    എന്നാൽ, അടുത്ത ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്. ഞായറാഴ്ച 285 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ഈ സംഖ്യ 92 ആയിരുന്നു.

    സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ദുബായ് എക്സ്പോ 2020 ട്രെയ്ഡ് ഫെയർ സംഘടിപ്പിക്കുകയാണ്. ഒക്ടോബർ 1 ന് ആരംഭിച്ച എക്സ്പോയ്ക്ക് ഇതുവരെ 70 ലക്ഷം സന്ദർശകരാണ് എത്തിയത്. കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന മഹാമേള എന്ന നിലയിൽ ലോകമാകെ ദുബായിലേക്ക് ഉറ്റുനോക്കുകയാണ്. രണ്ടര കോടി പേർ ആറുമാസം നീളുന്ന എക്സ്പോ സന്ദർശിക്കാനെത്തുമെന്നാണ് റിപ്പോർട്ട്. ഇത് യുഎഇ ജനസംഖ്യയുടെ രണ്ടിരട്ടി വരും.
    Published by:Karthika M
    First published: