• HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai Expo 2020| വിസ്മയക്കാഴ്ചകളുമായി എക്സ്പോയ്ക്ക് തുടക്കം; ഇനി ആറുമാസക്കാലം ലോകത്തിന്റെ പൂരം ദുബായിൽ

Dubai Expo 2020| വിസ്മയക്കാഴ്ചകളുമായി എക്സ്പോയ്ക്ക് തുടക്കം; ഇനി ആറുമാസക്കാലം ലോകത്തിന്റെ പൂരം ദുബായിൽ

ഒളിമ്പിക്‌സിന് സമാനമായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. മൂന്നുഭാഗങ്ങളായി വേര്‍തിരിച്ച് ഒന്നരമണിക്കൂർ ചടങ്ങ് നീണ്ടു.

ഫോട്ടോ (expo2020dubai.com)

ഫോട്ടോ (expo2020dubai.com)

  • Share this:
ദുബായ്: വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോ 2020ന് തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വർണ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒളിമ്പിക്‌സിന് സമാനമായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. മൂന്നുഭാഗങ്ങളായി വേര്‍തിരിച്ച് ഒന്നരമണിക്കൂർ ചടങ്ങ് നീണ്ടു. യു എ ഇ ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. മേളയില്‍ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടര്‍ന്ന് എക്‌സ്പോയ്ക്ക് മേല്‍നോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ (ബി ഐ ഇ) സെക്രട്ടറിജനറല്‍ ദിമിത്രി കെര്‍കെന്റസ് വേദിയിലെത്തി എക്‌സ്പോ 2020 ന് ആതിഥേയത്വം വഹിക്കാന്‍ യു എ ഇ എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു.

ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു എ ഇ പതാകയും ബി ഐ ഇ പതാകയും വേദിയില്‍ ഉയര്‍ന്നു. എല്ലാരാജ്യങ്ങളെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി.

ആറുമാസം നീളുന്ന പൂരം

ലോകത്തിന്റെ കണ്ണുകളെല്ലാം ഇനി ആറുമാസക്കാലം യു എ ഇയിലേക്കായിരിക്കും. വ്യാഴാഴ്ച രാത്രി തുടങ്ങിയ വര്‍ണാഭമായ കാഴ്ചകള്‍ ആറുമാസം തുടരും. വ്യവസായ വാണിജ്യ പരിപാടികള്‍ക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം ലോകത്തെ ദുബായിലേക്ക് നയിക്കും.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹിഷ്ണുതയുടെ നാട്ടിലേക്ക് ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സമ്മേളനം ആരംഭിക്കുകയായി എന്ന് അദ്ദേഹം കുറിച്ചു. 192 രാജ്യങ്ങളുടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്നും സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും 10 വര്‍ഷത്തെ യാത്ര, ലോകത്തിലെ ഏറ്റവും വലിയ പരിപാടി, യു.എ.ഇ.യിലെ ആഗോള ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന യാത്രയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

യാത്രാ സൗകര്യം

ദുബായ് മെട്രോയുടെ റെഡ് ആന്‍ഡ് ഗ്രീന്‍ ലൈനുകള്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 1.15 വരെയും, വ്യാഴാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 2.15 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 1.15 വരെയും സേവനം നല്‍കും. തിരക്കേറിയ സമയങ്ങളില്‍ ഓരോ 2.38 മിനിറ്റിലും സര്‍വീസുണ്ടാകും. എക്‌സ്പോ മെട്രോ സ്റ്റേഷനില്‍ പ്രവൃത്തിദിനങ്ങളില്‍ 35,000 പ്രതിദിന സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. വാരാന്ത്യങ്ങളില്‍ പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 47,000 ആയി ഉയരും. എക്‌സ്പോ മെട്രോ സ്റ്റേഷന്‍ ദുബായ് എക്‌സിബിഷന്‍ സെന്ററിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. എക്‌സ്പോയുടെ ഹൃദയഭാഗമായ അല്‍ വാസല്‍ പ്ലാസയും മെട്രോ സ്റ്റേഷന് വളരെ അടുത്താണ്.

ദുബായ് സൗത്തില്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടര്‍ എക്‌സ്പോ വേദിയില്‍ സസ്സ്‌റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പര്‍ച്യുനിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാണുള്ളത്. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഡിസ്ട്രിക്ടുകള്‍, സോണുകള്‍ എന്നിങ്ങനെ തിരിച്ചാണ് രൂപകല്പന. കമേഴ്സ്യല്‍ ഡിസ്ട്രിക്ടില്‍ മാത്രം എട്ട് സോണുകളിലായി 850 ടവറുകളുണ്ട്. അര്‍ബന്‍ വില്ലേജ്, ലെയ്ക്ക് ഡിസ്ട്രിക്ട്, ദി സെവന്‍ ടവേഴ്സ്, സെന്‍ട്രല്‍ പാര്‍ക്ക്, ക്രിയേറ്റീവ് കമേഴ്സ്യല്‍ ഡിസ്ട്രിക്ട്, ഗ്രാന്‍ഡ് സെന്‍ട്രല്‍, ബിസിനസ് ഡിസ്ട്രിക്ട്, റെസിഡന്‍ഷ്യല്‍ ക്രസന്റ് എന്നിവയാണ് പ്രധാന മേഖലകള്‍.

അദ്ഭുത കാഴ്ചകൾ

ദുബായ് എക്സ്പോയിൽ നിര്‍മിതബുദ്ധി തന്നെയായിരിക്കും പ്രധാന ആകര്‍ഷണം. സംസാര വൈകല്യങ്ങള്‍ ഉള്ളവരെ സഹായിക്കാനായി നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. മരുഭൂമിയിലെ കൃഷിരീതികള്‍, സൗരോര്‍ജ റഫ്രിജറേറ്റര്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. എന്നാല്‍ എന്തെല്ലാം വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ബ്ലൂ വാട്ടേഴ്സ് ഐലന്‍ഡില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീല്‍ ഐന്‍ ദുബായ് ഒരുങ്ങുന്നുണ്ട്. ഒരേ സമയം 1900 പേര്‍ക്ക് വരെ ഇതില്‍ കയറാം. മെട്രോ നഗരത്തിന്റെയും കടലിന്റെയും ഭംഗി ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.

യുഎഇ ഒരുങ്ങി

എക്സ്പോയോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ചവരെ നീളുന്ന ശമ്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് കിരീടാവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്‌സ്പോയില്‍ പങ്കെടുക്കാന്‍ 2022 മാര്‍ച്ച് 31 വരെ എപ്പോള്‍ വേണമെങ്കിലും ജീവനക്കാര്‍ക്ക് അവധി എടുക്കാം. കുടുംബസമേതം ജീവനക്കാര്‍ക്ക് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപനം.

സീ യു ദേര്‍ എന്ന ഉപചാരവാക്കുകളുമായി ദുബായ് എക്‌സ്‌പോയ്ക്കായി എമിറേറ്റ്‌സ് വിമാനവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പ്രത്യേകം ഡിസൈന്‍ ചെയ്ത എ 380 വിമാനമാണ് എക്‌സ്‌പോയുടെ പ്രചാരണവുമായി പറക്കുക. പച്ച, ഓറഞ്ച്, പര്‍പ്പിള്‍, ചുവപ്പ് തുടങ്ങി 11 നിറങ്ങളിലാണ് പ്രചാരണ വിമാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Published by:Rajesh V
First published: